ഹരിതകേരളം: ജില്ലയിലെങ്ങും ശുചീകരണ പ്രവൃത്തികള്‍ക്ക് തുടക്കമായി

Thursday 8 December 2016 9:58 pm IST

തലശ്ശേരി: പട്ടിണിക്കും സാമൂഹ്യ അനീതികള്‍ക്കും എതിരെ സമരം ചെയ്ത പാരമ്പര്യമുള്ള മലയാളി നഷ്ടപ്രതാപങ്ങള്‍ തിരിച്ചുപിടിക്കാനുള്ള പുതിയ സമരമുഖത്താണ് ഇപ്പോഴുള്ളതെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍ പറഞ്ഞു. മണ്ണും കുന്നും പുഴയും ഇല്ലാതാക്കിയവര്‍ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമാണ് ഹരിത കേരളം പദ്ധതിയിലൂടെ കേരളം ഒറ്റക്കെട്ടായി നടത്തിയിരിക്കുന്നത്. തലശ്ശേരി മൂഴീക്കരയില്‍ വണ്ണത്താന്‍ കുളം നവീകരണഉദ്ഘാടനം നിര്‍വഹിച്ച്‌കൊണ്ട് അദ്ദേഹം പറഞ്ഞു. ഭൂമി ആരുടെയും സ്വന്തമല്ല, മറിച്ച് പൂര്‍വ്വികര്‍ ഏല്‍പ്പിച്ച് പോയ സമൃദ്ധമായ പ്രകൃതിയുടെ കാത്തുസൂക്ഷിപ്പുകാര്‍ മാത്രമാണ് നമ്മളെന്ന് ചരിത്രകാരന്‍ കെ.കെ മാരാര്‍ പറഞ്ഞു. സര്‍വ്വംസഹയാണെങ്കിലും നാം പ്രകൃതിയോട് ചെയ്യുന്ന ഓരോ അരുതായ്മയ്ക്കും ഭൂമി ഒരിക്കല്‍ പ്രതികരിക്കുക തന്നെ ചെയ്യുമെന്ന് ഓര്‍മിപ്പിച്ച് ചടങ്ങില്‍ കവി മുരുകന്‍ കാട്ടാക്കട പക എന്ന കവിതയും അവതരിപ്പിച്ചു. തലശ്ശേരി മുന്‍സിപ്പല്‍ തല ഉദ്ഘാടന ചടങ്ങില്‍ തലശ്ശേരി നഗരസഭ ചെയര്‍മാന്‍ സി.കെ രമേശന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ നജ്മ ഹാഷിം, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ടി.രാഘവന്‍, എം.വി.ബാലറാം, വാഴയില്‍ ലക്ഷ്മി, നീമ കലേഷ്, സാജിത ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭയിലെ ശുചീകരണ വിഭാഗം തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് സമീപത്തെ ചാമക്കുളവും ശുചീകരിച്ചു. ഗ്രോ ബാഗ് കൃഷി, അംഗന്‍വാടികളില്‍ പച്ചക്കറി കൃഷി, ഈങ്ങയില്‍ പീടിക തട്ടാരിന്റവിട 20 സെന്റ്, കോടിയേരി കുറ്റുവയലില്‍ 40 സെന്റ് ചന്തുപീടീകയില്‍ 20 സെന്റ്, എരഞ്ഞോളിപ്പാലം 30 സെന്റ്, മൂഴിക്കര 30 സെന്റ്, പാറാല്‍ 50 സെന്റ്, പൊതുവാച്ചേരി 50 സെന്റ് സ്ഥലങ്ങളില്‍ കൃഷിക്കും നഗരസഭയില്‍ തുടക്കമായി. കണ്ണൂര്‍ കോര്‍പറേഷന്‍ തല മിഷന്റെ ഭാഗമായി സ്റ്റേഡിയം കോര്‍ണര്‍ പരിസരം മാലിന്യമുക്തമാക്കുന്ന പ്രവൃത്തി മേയര്‍ ഇ.പി ലത ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ നഗരസഭയില്‍ സി.കൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കീരിത്തോട് ശുചീകരണം നടന്നു. പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന്റെ ഭാഗമായി തുണി സഞ്ചിയുമായി പയ്യന്നൂര്‍ നഗരത്തില്‍ ഷോപ്പിംഗിനെത്തിയവര്‍ക്ക് നഗരസഭ സര്‍പ്രൈസ് ഗിഫ്റ്റുകള്‍ സമ്മാനിച്ചു. ഇതോടൊപ്പം ഉപയോഗയോഗ്യമായ ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ വസ്ത്രങ്ങള്‍ തുടങ്ങിയവ ശേഖരിച്ച് വിതരണം ചെയ്യുന്ന സ്വാപ് ഷോപ്പ് പദ്ധതിയും നടപ്പാക്കി. തളിപ്പറമ്പ് മുനിസിപ്പല്‍തല മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏഴാംമൈലില്‍ ജെയിംസ് മാത്യു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ടൗണ്‍ ശുചീകരണം, പച്ചക്കറി വിത്ത്- ഗ്രോബാഗ് വിതരണം, സ്വാപ് ഷോപ്പ് എന്നിവ സംഘടിപ്പിച്ചു. കൂത്തുപറമ്പ് നഗരസഭയില്‍ നരവൂര്‍ തോട് ശുചീകരണവും തടയണ നിര്‍മാണവുമായിരുന്നു മുനിസിപ്പല്‍തല മിഷന്‍ പരിപാടിയായി നടന്നത്. നഗരസഭാ ചെയര്‍മാന്‍ എം സുകുമാരന്‍ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു. ധര്‍മശാല മുതല്‍ പറശ്ശിനിക്കടവ് ക്ഷേത്രം വരെയുള്ള റോഡിന്റെ ഇരുവശങ്ങളും ശുചീകരിച്ചുകൊണ്ടായിരുന്നു ആന്തൂര്‍ മുനിസിപ്പാലിറ്റി ഹരിതകേരളം മിഷന്‍ പ്രവൃത്തികള്‍ തുടങ്ങിയത്. മുനിസിപ്പല്‍ കോംപ്ലക്‌സില്‍ സ്വാപ് ഷോപ് സ്ഥാപിച്ചതിനു പുറമെ, അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി കടമ്പേരി വനിതാ വ്യവസായ യൂനിറ്റില്‍ പ്രത്യേക കേന്ദ്രം തുടങ്ങുകയും മുതിരാട്ടുമുക്ക് തോട് ശുചീകരിച്ച് തടയണ നിര്‍മിക്കുകയും ചെയ്തു. മട്ടന്നൂര്‍ നഗരസഭയില്‍ നടന്ന സ്വാപ് മേളയില്‍ അഞ്ചുലക്ഷത്തിലേറെ സാധനങ്ങളാണ് വിതരണം ചെയ്തത്. ചെയര്‍മാന്‍ കെ.ഭാസ്‌കരന്‍ മാസ്റ്റര്‍ മേള ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ സ്വാപ്പ് ഷോപ്പ് സന്ദര്‍ശിച്ചു. വനംവകുപ്പുമായി സഹകരിച്ച് പൂങ്ങോട്ടുംകാവ് തോട് ശുചീകരണവും നടത്തി. ശ്രീകണ്ഠപുരത്ത് നടന്ന സ്വാപ് ഷോപ്പ് പയ്യന്നൂര്‍ മലയാള ഭാഷാ പാഠശാല ഡയരക്ടര്‍ ടി.പി.ഭാസ്‌ക്കരപ്പൊതുവാള്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടിയില്‍ നടന്ന തടയണ നിര്‍മാണ- പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവൃത്തികള്‍ സണ്ണി തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാനൂര്‍ നഗരസഭയിലെ ഓച്ചിറക്കല്‍ പുഴയ്ക്ക് കുറുകെ ജനകീയ തടയണ നിര്‍മാണം ചെയര്‍പേഴ്‌സണ്‍ കെ.വി റംല ഉദ്ഘാടനം ചെയ്തു. ഇതിനു പുറമെ ആലക്കോട് രയരോം പുഴ ശുചീകരണം, അഞ്ചരക്കണ്ടി മാമ്പത്തോട് തടയണ നിര്‍മാണം തുടങ്ങിയ പ്രവൃത്തികളും വ്യാഴാഴ്ച ആരംഭിച്ചു ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രം ജൈവപച്ചക്കറി കൃഷി, ചെമ്പിലോട് ചാലത്തോട് മണ്ണുനീക്കല്‍, കടമ്പൂര്‍ കാപ്പുകുളം ശുചീകരണം, കല്ല്യാശ്ശേരി അറവാടി താവ ഹരിത ക്ലസ്റ്റര്‍ പച്ചക്കറി കൃഷി, കോളയാട് പാടിപ്പറമ്പ് കുളം വൃത്തിയാക്കല്‍, മാടായി: റെ. സ്‌റ്റേഷന്‍ പരിസരത്തെ ഡംപ്്‌സൈറ്റ് ക്ലീനിങ്ങ്, മുഴപ്പിലങ്ങാട് ധര്‍മക്കുളം ശുചീകണം, കുളം ബസാര്‍ ഡംപ്‌സൈറ്റ് വൃത്തിയാക്കല്‍, ന്യൂമാഹി പുന്നോല്‍ ദേശീയപാതയോരം മാലിന്യം നീക്കി പൂന്തോട്ടം നിര്‍മാണം, വേങ്ങാട് ആയുര്‍ ആശുപത്രിക്കുളം വൃത്തിയാക്കല്‍, പാപ്പിനിശ്ശേരി ദേശീയപാതയോരം വൃത്തിയാക്കി സൗന്ദര്യവല്‍ക്കരണം തുടങ്ങിയ പ്രവൃത്തികളില്‍ നൂറുകണക്കിനാളുകളാണ് പങ്കാളികളായത്. ഓരോ തദ്ദേശ സ്ഥാപന ഡിവിഷന്‍/വാര്‍ഡ് തലത്തിലും സ്‌കൂളുകളിലും ആശുപത്രികളിലും വിവിധ മിഷന്‍ പ്രവൃത്തികള്‍ നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.