കേന്ദ്രപദ്ധതികള്‍ അട്ടിമറിക്കുന്നു: കുമ്മനം

Thursday 8 December 2016 8:42 pm IST

തിരുവനന്തപുരം: ജനോപകാരപ്രദമായ പദ്ധതികള്‍ അട്ടിമറിച്ച് ജനങ്ങളില്‍ കേന്ദ്രവിരുദ്ധ വികാരം കുത്തിവയ്ക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ബോധപൂര്‍വം പരിശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി. എഫ്‌സിഐ ഗോഡൗണുകളില്‍ അരി കൂമ്പാരമായിട്ടും അത് റേഷന്‍ കടകളിലെത്താത്തത് സംസ്ഥാനസര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ്. ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കാനുള്ള നിബന്ധനകള്‍ പാലിക്കാന്‍ പലകുറി ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അനങ്ങിയിട്ടില്ല. ഇതുമൂലം കഷ്ടത്തിലാകുന്നത് ഉപഭോക്താക്കളാണ്. വിഷയം കേന്ദ്രസര്‍ക്കാരിന്റെ ചുമലില്‍ ചാരാനാണ് ശ്രമമെന്ന് കുമ്മനം ചൂണ്ടിക്കാട്ടി. തൊഴിലുറപ്പുപദ്ധതിയുടെ കാര്യത്തിലും അതുതന്നെയാണ് സംഭവിക്കുന്നത്. ഈ പദ്ധതിയുടെ സാമൂഹികപരിശോധന അവതാളത്തിലാക്കി. വാക്കാലും രേഖാമൂലവും നിരന്തരം ആവശ്യപ്പെട്ടിട്ടും നിബന്ധനകള്‍ സംസ്ഥാനം പാലിക്കുന്നില്ല. കേരളത്തില്‍ മാത്രം ജനകീയ വിലയിരുത്തല്‍ നടക്കുന്നില്ല എന്നത് വിചിത്രമാണ്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിന് സെല്‍ രൂപീകരിച്ചതാണ്. യുഡിഎഫ് അതിനെ നിഷ്‌ക്രിയമാക്കിയെങ്കില്‍ പിണറായി സര്‍ക്കാര്‍ അതിനെ നിഷ്‌കാസനം ചെയ്ത മട്ടാണ്. പദ്ധതി നടത്തിപ്പിന് 1,800 കോടിരൂപയാണ് കേന്ദ്രം അനുവദിക്കുന്നത്. സംസ്ഥാനതല ആഡിറ്റ് സെല്‍ നിര്‍ജീവമായതിനാല്‍ ഈ തുക ലഭ്യമാകുമോ എന്ന ആശങ്കയാണുള്ളതെന്നും കുമ്മനം പ്രസ്താവിച്ചു. ജനങ്ങളെ തെരുവിലിറക്കി കേന്ദ്രസര്‍ക്കാരിനെതിരായ പ്രചാരണവും പ്രവര്‍ത്തനവും മുതലെടുക്കാമെന്നത് വ്യാമോഹമാണ്. നിയമപരമായി ചെയ്യേണ്ട കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ബാധ്യതയുണ്ട്. ട്രഷറി ഉപയോഗത്തിനായി 87 കോടി ചോദിച്ചതിന് 77 കോടി നല്‍കിയിട്ടും കേന്ദ്രത്തിനെ ശാസിക്കാനുള്ള വഴിയാണ് കേരള ധനമന്ത്രി തേടുന്നത്. പ്രധാനമന്ത്രി ക്ഷണിച്ചാലും ഇനി കേന്ദ്രത്തിലേക്കില്ലെന്ന ഡോ തോമസ് ഐസക്കിന്റെ പ്രസ്താവന നിരുത്തരവാദപരമാണ്. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തില്‍ അവതരിപ്പിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കാതിരിക്കുകയാണ് ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ ചെയ്യേണ്ടത്. കേന്ദ്രധനമന്ത്രിയെ കാണാന്‍ ദല്‍ഹിയില്‍ പോകില്ലെന്നു പറഞ്ഞ ഐസക്കും വിവിധ കക്ഷി സംഘവും നവംബര്‍ 24ന് ദല്‍ഹി യാത്ര റദ്ദുചെയ്തു. നവംബര്‍ 28ന് ഹര്‍ത്താല്‍ നടത്തി. ആരെക്കാണാനാണോ സാധ്യമല്ലെന്നു പറഞ്ഞ് യാത്ര റദ്ദു ചെയ്തത് അതേ കേന്ദ്ര ധനമന്ത്രിയെ രണ്ടുദിവസം കഴിഞ്ഞ് ദല്‍ഹിയില്‍ പോയി കാണുകയും ചെയ്തു. ഇതെല്ലാം സര്‍ക്കാര്‍ നയമാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.