ശബരിമല: ശബരിമലയിലെ പൂജാവിതാനങ്ങള് മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. പുലര്‍ച്ചെ 3ന് നട തുറന്നാല്‍ 3.05-നുതന്നെ നിര്‍മ്മാല്യദര്‍ശനം നടക്കും. നെയ്യഭിഷേക പ്രിയനായ ഭഗവാന് 3.20 മുതല്‍ നെയ്യഭിഷേകത്തിന് തുടക്കമാകും.
നെയ്യഭിഷേകം ശ്രീകോവിലിനുള്ളില്‍ നടക്കുന്നതോടൊപ്പം കിഴക്കേ മണ്ഡപത്തില്‍ ഗണപതിഹോമം ആരംഭിക്കും. സൂര്യോദയത്തിനുശേഷം 7.30-നാണ് ഉഷഃപൂജ ആരംഭിക്കുന്നത്. സാധാരണ പൂജാവിതാനങ്ങളാണ് ഉഷപൂജയോട് അനുബന്ധിച്ച് ഉള്ളത്. ഇടിച്ചു പിഴിഞ്ഞ പായസമാണ് ഈ സമയം ഭഗവാന് നേദിക്കുന്നത്.
12.30ന് നടക്കുന്ന ഉച്ചപൂജയ്ക്ക് ശാസ്താവിന്റെ പരിവാരങ്ങളോടുകൂടിയ പൂജയാണ് ഇവിടെയുള്ളത്. മലരും ത്രിമധുരവും അരവണ പായസവുമാണ് നേദ്യം. ശ്രീധര്‍മ്മശാസ്താവിന് നേദ്യമൊരുക്കുന്നതോടൊപ്പം ഉപദേവന്മാരായ നാഗര്‍ക്കും ഗണപതിക്കും നേദ്യം നടത്തുന്നുണ്ട്. അഷ്ടാഭിഷേകം, കളാഭാഭിഷേകം അടക്കമുള്ള പ്രത്യേക അഭിഷേകങ്ങള്‍ എല്ലാം ഉച്ചപൂജയോട് അനുബന്ധിച്ചാണ് നടക്കുന്നത്.
ഇതോടൊപ്പം ദിവസവും 25 കലശാഭിഷേകം നടക്കും. ഗിരിദേവതകളെ സങ്കല്പിച്ച് ഈ സമയം പതിനെട്ടാംപടിയില്‍ ഹവിസ് തൂകുന്ന പതിവും സാധാരണയാണ്. ഉച്ചപൂജയ്ക്കുശേഷം ഒരുമണിയോടെ നടയടയ്ക്കും. വൈകിട്ട് 3-നാണ് പിന്നീട് നട തുറക്കുന്നത്.
നടതുറന്നാല്‍ വൈകിട്ട് 6.30ന് ദീപാരാധനയും പുഷ്പാഭിഷേകവും നടക്കും. 9.30ന് ആരംഭിക്കുന്ന അത്താഴപൂജയില്‍ ഭവാന് നേദ്യം പാനകവും ഉണ്ണിയപ്പവുമാണ്.
മാളികപ്പുറം, നാഗര്‍, ഗണപതി നടകളിലും നേദ്യം നടത്തും. പടിപൂജ നടക്കാത്ത ദിവസങ്ങളില്‍ പതിനെട്ടാംപടിയില്‍ കര്‍പ്പൂരം കത്തിച്ച് ശരണംവിളിച്ച് ഗിരിദേവതകളെ പ്രീതിപ്പെടുത്തുന്ന ചടങ്ങും ഉണ്ടാകാറുണ്ട്. തുടര്‍ന്ന് ഹരിവരാസനത്തിന് ശേഷം മംഗളശ്ലോകം ജപിച്ചാണ് നടയടയ്ക്കുന്നത്. മകരം ഒന്നുമുതല്‍ 5 വരെ സഹസ്രകലശവും പടിപൂജയും പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: