നിലവറ ദീപം തെളിഞ്ഞു; ചക്കുളത്തുകാവില്‍ പൊങ്കാല 12ന്

Friday 9 December 2016 7:17 pm IST

ചക്കുളത്തുകാവ് പൊങ്കാലക്ക് തുടക്കം കുറിച്ച് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി നിലവറ ദീപം തെളിയിക്കുന്നു

ആലപ്പുഴ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് തുടക്കംകുറിച്ച് നിലവറ ദീപം തിരി തെളിഞ്ഞു. ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ഇവിടെ പൊങ്കാല 12ന് നടക്കും.

നിലവറ ദീപം തെളിഞ്ഞതോടെ പൊങ്കാല വ്രതാരംഭമായി.  ചക്കുളത്തുകാവ് ക്ഷേത്ര മൂലസ്ഥാനമായ പട്ടമന ഇല്ലത്തെ മൂലകുടുംബക്ഷേത്രത്തില്‍ നിന്നും ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി തെളിയിച്ച ദീപം വാദ്യമേളങ്ങളുടെയും, വായ്ക്കുരവകളുടെയും അകമ്പടിയോടുകൂടി ഗോപുരനടയില്‍ പ്രത്യേകം തയ്യാറാക്കിയ വിളക്കിലേക്ക് ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി പകര്‍ന്നു. പൊങ്കാല വ്രതാരംഭത്തിന് നാന്ദി കുറിക്കുന്ന ചടങ്ങാണിത്. ഇന്നു മുതല്‍ എടത്വ – പൊടിയാടി റോഡില്‍ ടിപ്പര്‍/ലോറി വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പൊങ്കാല ദിവസം രാവിലെ എട്ടിന് വിളിച്ചുചൊല്ലി പ്രാര്‍ത്ഥന. ഒന്‍പതിന് പൊങ്കാലക്ക് തുടക്കം കുറിച്ച് ശ്രീകോവിലില്‍ നിന്നും പണ്ടാര അടുപ്പിലേയ്ക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്നി പകരും. പൊങ്കാലയുടെ ചടങ്ങുകള്‍ക്ക് കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി നേതൃത്വം വഹിക്കും. മന്ത്രി മാത്യു റ്റി. തോമസ് പൊങ്കാല ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖന്‍ ഭദ്രദീപം തെളിക്കും. 11ന് അഞ്ഞൂറിലേറെ വേദ പണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 41 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും.

പൊങ്കാല നിവേദ്യത്തിനു ശേഷം ജീവത എഴുന്നെളളത്ത് ക്ഷേത്രത്തില്‍ എത്തിയാലുടന്‍ ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടക്കും. വൈകിട്ട് അഞ്ചിന് എംഎല്‍എ തോമസ് ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സാസ്‌കാരിക സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉത്ഘാടനം ചെയ്യും. ക്ഷേത്രട്രസ്റ്റിന്റെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ സൗജന്യ ഭക്ഷണ വിതരണവും, ചികിത്സയും ഭക്തജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും.

ക്ഷേത്രത്തിലെ പന്ത്രണ്ടു നോയമ്പ് ഉത്സവം ഡിസംബര്‍ 16 മുതല്‍ 27 വരെ നടക്കും. 16 നാണ് നാരീപൂജ. നാരീപുജയോട് അനുബന്ധിച്ചുള്ള സംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ കലക്ടര്‍ ആര്‍. ഗിരിജയും, നാരീപൂജയുടെ ഉത്ഘാടനം വനിതാകമ്മിഷനംഗം ഡോ. ജെ. പ്രമീളാദേവിയും നിര്‍വ്വഹിക്കും. 26ന് കലശവും തിരുവാഭരണ ഘോഷയാത്രയും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.