പട്ടയ ഭൂമിയിലെ കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കണം

Friday 9 December 2016 8:00 pm IST

കല്‍പ്പറ്റ : റവന്യൂ പട്ടയ ഭൂമിയിലെ കര്‍ഷകരോടുള്ള വിവേചനവും അവഗണനയും അവസാനിപ്പിക്കണമെന്ന് വയനാട് ജില്ല റവന്യൂ പട്ടയ ഭൂമി കര്‍ഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കേടുബാധിച്ചതും ഉണങ്ങിയതുമായ വീട്ടിമരങ്ങള്‍ പ്രത്യേക പാക്കേജായി പരിഗണിച്ച് പാവപ്പെട്ട ചെറുകിട കര്‍ഷകര്‍ക്ക് സ്വന്തമായി മുറിച്ചെടുത്ത് ഉപയോഗിക്കുവാനുള്ള അനുമതി ലഭിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 1943 കാലത്ത് ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഗ്രോമോര്‍ ഫുഡ് എന്ന പദ്ധതി ആവിഷ്‌ക്കരിച്ചതിനെ തുടര്‍ന്ന് കൃഷിചെയ്യാതെ കിടന്നിരുന്ന സര്‍ക്കാര്‍ ഭൂമി കര്‍ഷകര്‍ക്ക് കൃഷിചെയ്യുവാന്‍ അനുവദിക്കുകയായിരുന്നു. 1957-ലെ ഭൂസംരക്ഷണ നിയമം 10ാംവകുപ്പ് അനുസരിച്ച് റവന്യൂ പട്ടയഭൂമിയിലെ റിസര്‍വ്വ് ചെയ്ത വീട്ടിമരങ്ങള്‍ സംരക്ഷിക്കുവാന്‍ കൈവശക്കാരന്‍ ബാധ്യസ്ഥനാണ്. 1960-ലെ കേരള ലാന്‍ഡ് അസൈന്‍മെന്റ് നിയമം പാസ്സാക്കിയതിനെതുടര്‍ന്ന് ഇത്തരത്തിലുളള വസ്തുവിന് സ്ഥലവിലയും മരവിലയും ഈടാക്കി കൃഷിക്കാര്‍ക്ക് പട്ടയം അനുവദിച്ചപ്പോള്‍ സ്ഥലത്തുള്ള വീട്ടിമരങ്ങള്‍ സര്‍ക്കാരില്‍ റിസര്‍വ്വ് ചെയ്താണ് പട്ടയം നല്‍കിയത്. ഇതോടെ കൈവശക്കാരന് വീട്ടിമരങ്ങള്‍ മുറിക്കുവാനോ സ്ഥലത്ത് വീട് വെയ്ക്കുവാനോ നിര്‍മ്മാണ പ്രവൃത്തി നടത്തുവാനോ കഴിയുകയില്ല. ഈ മരങ്ങളിലെ ചോലനിയന്ത്രിക്കുവാനും അനുവധിക്കാത്തതുകൊണ്ട് കാര്‍ഷിക വിളകളിലെ ഉത്പാദനം ഗണ്യമായി കുറയുവാനും കാരണമായിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം മരങ്ങളും വീടുകള്‍ക്ക് ഭീഷണിയായി നില്‍ക്കുന്നവയാണ്. വയനാട്ടില്‍ കുടിയേറി വനഭൂമി വെട്ടിത്തെളിച്ചെടുത്ത് ജന്മഭൂമി സ്വന്തമാക്കിയ കര്‍ഷകര്‍ക്ക് കൈവശ ഭൂമിയ്ക്കും മരങ്ങള്‍ക്കും പരിപൂര്‍ണ്ണ അവകാശവും സ്വാതന്ത്ര്യവും അനുവദിക്കുമ്പോള്‍ നിയമപ്രകാരം ഫീസ്സടച്ച് പട്ടയം മേടിച്ച് കൃഷിഭൂമിയും വീട്ടിമരങ്ങളും സംരക്ഷിച്ച്‌പോരുന്ന റവന്യൂ പട്ടയഭൂമിയിലെ കര്‍ഷകരോട് കാണിക്കുന്ന വിവേചനവും അവഗണനയും അവസാനിപ്പിക്കണം. ദുരിതങ്ങള്‍ വരുന്ന സമയത്തുമാത്രം നടപടി സ്വീകരിക്കുന്നതുമൂലം ഉണ്ടാകുന്ന പ്രയാസങ്ങള്‍ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണം. വയനാട്ടില്‍ 12000 ഏക്കര്‍ ഭൂമിയാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ ഭൂരിപക്ഷവും നാമമാത്രകര്‍ഷകരാണ്. പതിറ്റാണ്ടുകളായി പട്ടയഭൂമിയിലെ വീട്ടിമരങ്ങള്‍ പലതും പ്രായാധിക്യത്തിലും കാലപ്പഴക്കത്താലും പൂതലിച്ച് ദ്രവിച്ച് നശിച്ചുകൊണ്ടിരിക്കുകയാണ്. 1000കണക്കിന് മരങ്ങളാണ് ഈ രീതിയില്‍ നശിച്ചുപോകുന്നത്. റവന്യൂ പട്ടയഭൂമിയിലുള്ള കേടുബാധിച്ചതും ഉണങ്ങിയതുമായ വീട്ടിമരങ്ങള്‍ മുറിക്കുന്നതുകൊണ്ട് പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാവുകയില്ലെ ന്നും പ്രശ്‌നങ്ങളി ല്‍ ആവശ്യ മായ നടപടികള്‍ സ്വീകരിക്ക ണമെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത ഹരിതസേനാ ജില്ലാപ്രസിഡണ്ട് എം.സുരേന്ദ്രന്‍, പുന്നയ്ക്കല്‍ ജോസ്, ജില്ലാ റവന്യു പട്ടയഭൂമി കര്‍ഷക സംരക്ഷണസമിതി ജില്ലാ പ്രസിഡണ്ട് ടി.എം.ബേബി, കെ.ഇക്ബാല്‍ പരിയാരം, ബി. രാധാകൃഷ്ണപിള്ള തുട ങ്ങിയവര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.