ശിവഗിരി തീര്‍ത്ഥാടനത്തിന് കാരണം ജാതിവിവേചനം: വെള്ളാപ്പള്ളി

Friday 9 December 2016 9:11 pm IST

ചേര്‍ത്തല: ജാതിയുടെ പേരിലുണ്ടായിരുന്ന വിവേചനമാണ് ഗുരുദേവന്‍ ശിവഗിരി തീര്‍ത്ഥാടനം അനുവദിച്ചു കൊടുത്തതിനു പിന്നിലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗവും ശ്രീനാരായണ ദര്‍ശന പഠന കേന്ദ്രവും സംയുക്തമായി നടത്തുന്ന ശ്രീനാരായണ ധര്‍മ്മോത്സവിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നാഗമ്പടത്ത് ശിവക്ഷേത്ര സന്നിധിയിലെ തേന്‍മാവിന്‍ ചുവട്ടില്‍ ഗുരു വിശ്രമിക്കുമ്പോഴാണ് കിട്ടന്‍ റൈറ്ററും വല്ലഭശേരി ഗോവിന്ദന്‍ വൈദ്യരും കൂടി ശിവഗിരി തീര്‍ത്ഥാടനത്തിന് അനുവാദം തേടി സമീപിക്കുന്നത്. ഹിന്ദുക്കള്‍ക്കും ക്രിസ്താനികള്‍ക്കും, മുസ്ലിംങ്ങള്‍ക്കും തീര്‍ത്ഥാടനത്തിന് പുണ്യസ്ഥലങ്ങളുണ്ടെങ്കിലും കേരളത്തിലെ ഈഴവര്‍ക്കും തീയ്യര്‍ക്കും പുണ്യ സ്ഥലങ്ങളില്ല. ശിവഗിരി പുണ്യ സ്ഥലമായി കല്‍പ്പിച്ചു തരണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. ഈ അഭ്യര്‍ത്ഥനക്കാണ് ഗുരു അനുമതി നല്‍കിയത്. എസ്എന്‍ഡിപി യോഗത്തിന്റെ രൂപീകരണത്തിന് പിന്നിലും ജാതി വിവേചനമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി യോഗം അമ്പലപ്പുഴ യൂണിയന്‍ പ്രസിഡന്റ് കലവൂര്‍ എന്‍.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ശ്രീനാരായണ ദര്‍ശന കേന്ദ്രത്തിലെ വിശ്വപ്രകാശം എസ്.വിജയാനന്ദ് വിജ്ഞപ്തി പ്രസംഗം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.