പിറവത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

Friday 9 December 2016 9:24 pm IST

പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള വിനോദ്‌

പിറവം: സിപിഎം ഗുണ്ടകളുടെ ആക്രമണത്തില്‍ ആര്‍എസ്എസ് താലൂക്ക് കാര്യകാരി സദസ്യന്‍ എം.എന്‍. വിനോദിന് വെട്ടേറ്റു. ഗുരുതര പരിക്കേറ്റ വിനോദിനെ പിറവത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

പിറവം ആശുപത്രിക്കവലയില്‍ തന്റെ വര്‍ക്‌ഷോപ്പില്‍ ബൈക്ക് നന്നാക്കുന്നതിനിടെ നാല്‍വര്‍ സംഘം വിനോദിനെ ആക്രമിക്കുകയായിരുന്നു. വലതുകാലിനും കൈക്കും വെട്ടേറ്റ വിനോദിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

പിറവം മേഖലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന വിനോദിനെ വകവരുത്തുമെന്ന് നേരത്തെ സിപിഎമ്മുകാര്‍ പൊതുവേദികളില്‍ പറഞ്ഞിരുന്നുവത്രെ.
പിറവത്തെ ബിജെപി, ആര്‍എസ്എസ് വളര്‍ച്ചയില്‍ വിറളിപൂണ്ട സിപിഎം, ബിജെപി പ്രവര്‍ത്തകരെയും ആര്‍എസ്എസ് പ്രവര്‍ത്തകരെയും ഭരണസ്വാധീനത്താല്‍ അടിച്ചമര്‍ത്താന്‍ നോക്കുകയാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു പറഞ്ഞു.

സിപിഎം ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി, ആര്‍എസ്എസ്, ബിഎംഎസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. ബിജെപി കൗണ്‍സിലര്‍ ഉണ്ണി വല്ലയില്‍, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ്.ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറി പി.എസ്.അനില്‍കുമാര്‍, കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡന്റ് വി.എസ്.സത്യന്‍, ബിഎംഎസ് മേഖല സെക്രട്ടറി എം.കെ.പ്രദ്യുപ്‌നന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.