കുടിവെള്ളത്തിനായി കുടങ്ങളുമായി വീട്ടമ്മമാരുടെ ഉപരോധം

Friday 9 December 2016 9:36 pm IST

ഇരിങ്ങാലക്കുട : കുടിക്കാന്‍ ഒരുതുള്ളി വെള്ളമില്ലാതെ വിഷമിക്കുന്ന വീട്ടമ്മമാര്‍ കുടവുമായി വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിച്ചു പടിയൂര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ എടത്തിരിഞ്ഞി ചെട്ടിയാലിനു തെക്കുഭാഗത്തുള്ള അന്നപൂര്‍ണ്ണേശ്വരി റോഡില്‍ താമസിക്കുന്ന 200 ഓളം കുടുംബങ്ങള്‍ക്ക് കുടിവെളളം ലഭിച്ചിട്ട് മാസങ്ങളോളമായി. പഞ്ചായത്തിലെ മറ്റു വാര്‍ഡുകളില്‍ പൈപ്പിലൂടെ കുടിവെള്ളം ലഭിക്കുമ്പോള്‍ 13-ാം വാര്‍ഡിനെ മാത്രം പമ്പ് ഓപ്പറേറ്റര്‍ അവഗണിക്കുകയാണെന്നാണ് പരാതി. തികച്ചും രാഷ്ട്രീയ പ്രേരിതമായിട്ടാണ് കുടിവെള്ളം തിരിച്ചുവിടുന്നതെന്നാണ് വീട്ടമ്മമാര്‍ പറയുന്നത്. മുന്‍പഞ്ചായത്ത് പ്രസിഡണ്ടും പമ്പ് ഓപ്പറേറ്ററും രാഷ്ട്രീയപ്രേരിതമായി കുടിവെളളത്തെ ഉപയോഗിക്കുകയാണെന്ന് വീട്ടമ്മമാര്‍ പറഞ്ഞു. ഭൂമിശാസ്ത്രപരമായി കിണര്‍ കുഴിക്കാന്‍ സാധിക്കാത്തതും ഉപ്പുവെള്ള ലഭ്യതയുള്ളതുമാണ് പ്രദേശം. ആഴ്ചയില്‍ ഒരിക്കല്‍ രാത്രിയില്‍ പത്തു മിനിട്ട് മാത്രമാണ് പമ്പ് ഓപ്പറേറ്റര്‍ ഈ ഭാഗത്തേക്ക് വെള്ളം തുറന്നുവിടുന്നതെന്ന് പരാതിക്കാര്‍ പറയുന്നു. ചിലപ്പോള്‍ രാത്രി രണ്ടുമണിയാകുമ്പോഴാണ് വെള്ളം തുറന്നു വിടുന്നത്. ഈ പ്രദേശത്തോട് മനപൂര്‍വ്വം അധികാരികള്‍ അവഗണന കാട്ടുകയാണെന്ന് ഇവര്‍ പറയുന്നു. ഇതാണ് കുടങ്ങളുമായി ഇരിങ്ങാലക്കുട വാട്ടര്‍ അതോറിറ്റി ഉപരോധിക്കാന്‍ തീരമാനിച്ചതെന്ന് വീട്ടമ്മമാര്‍ പറഞ്ഞു. വാര്‍ഡുമെമ്പര്‍ ഉഷ രാമചന്ദ്രന്‍, ലളിത ഭാസ്‌കരന്‍, സന്ധ്യ ഗോപീനാഥന്‍, ബിന്ദു ചന്ദ്രന്‍, ബിജോയ് കളരിക്കല്‍ എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.