കെഎസ്ടി എംപ്ലോയീസ് സംഘിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ച്

Friday 9 December 2016 10:45 pm IST

കെഎസ്ടി എംപ്ലയോയീസ് സംഘിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ജനറല്‍ സെക്രട്ടറി കെ.എല്‍.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ എല്ലാ മാസവും കൃത്യമായി ശമ്പളം നല്‍കാതെ കെഎസ്ആര്‍ടിസിയെ ദയാവധത്തിലേക്ക് നയിക്കുകയാണെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി കെ.എല്‍.രാജേഷ്.

കെഎസ്ആര്‍ടിസിയില്‍ രണ്ടുമാസത്തെ പെന്‍ഷനും ഒരു മാസത്തെ ശമ്പളവും കുടിശികയായി. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ശമ്പളം നല്‍കിയിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.എല്‍.രാജേഷ് പറഞ്ഞു.

നോട്ട് നിരോധനത്തിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ട്രഷറിയില്‍ വൈകിയപ്പോള്‍ പരിഹരിക്കാന്‍ ഓടിനടന്ന കേരളത്തിലെ ധനമന്ത്രി കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം രണ്ടാഴ്ചയോളം താമസിച്ചിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. തോമസ് ഐസക്കിന്റെ ഹിഡന്‍ അജണ്ടയാണ് കെഎസ്ആര്‍ടിസി പൂട്ടുകയെന്നത്. വകുപ്പുമന്ത്രിയാണെങ്കില്‍ ഉല്ലാസയാത്രയും ഉദ്ഘാടന മാമാങ്കവും നടത്തി മുങ്ങുകയാണ്.

വകുപ്പുമന്ത്രിയെ ശിഖണ്ഡിയെപ്പോലെ മുന്നില്‍ നിറുത്തി കേരളത്തിലെ ധനകാര്യമന്ത്രി നിഴല്‍ഭരണം നടത്തി കെഎസ്ആര്‍ടിസിയെ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ്. 500, 1000 കറന്‍സി നിരോധിച്ചപ്പോള്‍ പ്രതിസന്ധിയിലായ എല്ലാ സ്ഥാപനങ്ങള്‍ക്കും ശമ്പളം കിട്ടി. 500, 1000 നോട്ട് സ്വീകരിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ഇല്ല. ഈ നിലപാട് സര്‍ക്കാര്‍ തിരുത്തണം. സര്‍ക്കാര്‍ നയങ്ങള്‍മൂലം തകരുന്ന കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ വകുപ്പാക്കുകയാണ് ശാശ്വതമായ പരിഹാരമെന്ന് അദ്ദേഹം പറഞ്ഞു.

കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന ട്രഷറര്‍ എസ്.അജയകുമാര്‍, സംസ്ഥാന ഭാരവാഹികളായ ആര്‍.എല്‍.ബിജുകുമാര്‍, പ്രദീപ് വി. നായര്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയകുമാര്‍, സെക്രട്ടറി ആര്‍.റെജി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.