തങ്കയങ്കി ഘോഷയാത്ര 22ന് ആറന്മുളയില്‍ നിന്ന് പുറപ്പെടും

Saturday 10 December 2016 7:33 pm IST

ശബരിമല: 26ന് നടക്കുന്ന മണ്ഡലപൂജയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കയങ്കിയുമായുള്ള ഘോഷയാത്ര 22ന് ആറന്മുള തിരുവാറന്മുള ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി അന്ന് രാത്രിയില്‍ ഓമല്ലൂര്‍ രക്തകണ്‌ഠേശ്വര ക്ഷേത്രത്തില്‍ വിശ്രമിക്കും. 23ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും, 24ന് പെരിനാടും രാത്രികാലങ്ങളില്‍ വിശ്രമിച്ചതിന് ശേഷം 25ന് ഉച്ചയ്ക്ക് പമ്പയില്‍ എത്തും. വൈകിട്ട് സന്നിധാനത്തേക്ക് പുറപ്പെടുന്ന ഘോഷയാത്രയെ 5.30ന് ശരംകുത്തിയില്‍ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ. രവിശങ്കറിന്റെ നേതൃത്വത്തില്‍ ദേവസ്വം ഉദ്യോഗസ്ഥരും അയ്യപ്പസേവാസംഘം പ്രതിനിധികളും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് പതിനെട്ടാംപടിക്ക് മുകളിലെത്തിക്കുന്ന തങ്കയങ്കി ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീകോവിലിന് മുന്നിലെത്തിക്കും. തന്ത്രി കണ്ഠരര് രാജീവരര്, മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് തങ്കയങ്കി ഏറ്റുവാങ്ങും. തങ്കയങ്കി ചാര്‍ത്തിയശേഷം വൈകിട്ട് 6.30ന് ദീപാരാധന നടക്കും. തുടര്‍ന്ന് പതിവുപോലെ രാത്രി 11ന് ഹരിവരാസനം പാടി നടയടയ്ക്കും. 26ന് പുലര്‍ച്ചെ 3ന് നടതുറക്കും. തുടര്‍ന്നുള്ള പതിവുപൂജകള്‍ക്ക് ശേഷം 11.55.നും ഒന്നിനും മദ്ധ്യേ മണ്ഡലപൂജ നടത്തും. പൂജയ്ക്ക് തന്ത്രി കണ്ഠരര് രാജീവര് മുഖ്യകാര്‍മ്മികത്വം വഹിക്കും. മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സഹകര്‍മ്മിയാകും. ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കുന്ന നട മൂന്നിന് തുറക്കും. രാത്രി 10ന് നടയടയ്ക്കുന്നതോടെ ഈ വര്‍ഷത്തെ മണ്ഡലകാലത്തിന് സമാപനമാകും. മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് 5ന് നടതുറക്കും. 420 പവന്‍ തൂക്കം വരുന്ന തങ്കയങ്കി 1973-ല്‍ തിരുവിതാംകൂര്‍ മഹാരാജാവായ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവാണ് നടയ്ക്ക് വച്ചത്. കഴിഞ്ഞ തീര്‍ത്ഥാടനകാലത്തിന് ശേഷം തിരുവാറന്മുള്ള ക്ഷേത്രസങ്കേതത്തിലാണ് അങ്കി സൂക്ഷിക്കുക. പമ്പയില്‍ കുടിവെള്ളവും പ്രാഥമിക സൗകര്യങ്ങളുമില്ലാതെ ഭക്തര്‍ ശബരിമല: പമ്പയില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കും കുടിവെള്ളത്തിനും സൗകര്യമില്ലാതെ അയ്യപ്പഭക്തര്‍. കെഎസ്ആര്‍ടിസി ബസ്സില്‍ വന്നിറങ്ങുന്ന ഭക്തജനങ്ങളാണ് കുടിവെള്ളവും പ്രാഥമിക സൗകര്യങ്ങളും ഇല്ലാതെ വലയുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കായി പരിമിത സൗകര്യങ്ങളുള്ള ശുചിമുറികള്‍ ഉണ്ടെങ്കിലും ഇവിടെ പൊതുജനങ്ങള്‍ക്ക് ശുചിമുറികളേയില്ല. കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ചിട്ടുള്ള ആര്‍ഒ പ്ലാന്റുകളില്‍ വെള്ളം ലഭിക്കാതായിട്ട് ദിവസങ്ങള്‍ പിന്നിട്ടു. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി കുപ്പിവെള്ളംകൂടി നിരോധിച്ചതോടെ കുടിവെള്ളത്തിനായി ഇവിടെ ഭക്തരുടെ നെട്ടോട്ടമാണ്. ജലവിതരണ വകുപ്പാണ് പമ്പയിലും വിവിധ ഇടങ്ങളിലും ശുദ്ധീകരിച്ച കുടിവെള്ള വിതരണത്തിനായി ആര്‍ഒ പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. വാഹനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ടാങ്കറുകളില്‍ നിലയ്ക്കലില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതാണ് പമ്പയില്‍ കുടിവെള്ളം എത്താത്തതെന്നാണ് ആക്ഷേപം. കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ഭക്തരെ കച്ചവടക്കാര്‍ കൊള്ളയടിക്കുകയാണ്. ഒരു ഗ്ലാസ്സ് വെള്ളത്തിന് 10 രൂപവരെ ഇവര്‍ ഈടാക്കുന്നുണ്ട്. പൊതു ശൗചാലയങ്ങള്‍ ഇല്ലാത്തതും ഭക്തരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ അപ്പുറത്ത് പമ്പാഗണപതി ക്ഷേത്രത്തിന് സമീപമാണ് ശൗചാലയമുള്ളത്. തിരക്കിനിടയിലൂടെ ഇവിടെ എത്താന്‍ മണിക്കൂറുകള്‍ എടുക്കേണ്ടിവരും. വനംവകുപ്പ് സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാവുന്നില്ലെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ കഴിഞ്ഞ തീര്‍ത്ഥാടനകാലം വരെ ഇവിടെ ഇ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചിരുന്നു. സ്ഥിരം സംവിധാനം ഉണ്ടാകുന്നതുവരെ ഇ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാവണം. കെഎസ്ആര്‍ടിസി ജീവനക്കാരുടെ കാര്യവും ഏറെ കഷ്ടമാണ്. പ്രതിദിനം നൂറ്റി ഇരുപത്തഞ്ചോളം സര്‍വ്വീസുകള്‍ നടത്തുന്ന കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും മാത്രം ഇവിടെ 250 ഓളം വരും. ഇതുകൂടാതെ മറ്റ് ഡിപ്പോകളില്‍ നിന്ന് പമ്പയിലെത്തുന്ന ജീവനക്കാര്‍ വേറെ. മെക്കാനിക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ സ്റ്റാഫ് ഉള്‍പ്പെടെ നാനൂറ്റമ്പതോളം ജീവനക്കാര്‍ ഇവിടെയുണ്ട്. ഇവര്‍ക്കായി ആകെയുള്ളത് കക്കൂസും കുളിമുറിയും അടക്കം പതിനഞ്ചെണ്ണം മാത്രം. ഇതുമൂലം ജീവനക്കാര്‍ ഏറെ ദുരിതം അനുഭവിക്കുന്നുണ്ട്. കൃത്യസമയത്ത് ജോലിക്ക് ഹാജരാകാന്‍പോലും കഴിയുന്നില്ലെന്നാണ് ജീവനക്കാരുടെ പരാതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.