കെഎസ്ആര്‍ടിസി ശബരിമല തീര്‍ത്ഥാടകരെ കൊള്ളയടിക്കുന്നു: കുമ്മനം

Saturday 10 December 2016 7:40 pm IST

എരുമേലിയിലെത്തിയ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ശബരിമല തീര്‍ത്ഥാടകരുമായി സംസാരിക്കുന്നു.

എരുമേലി: ശബരി സ്‌പെഷ്യല്‍ സര്‍വ്വീസിന്റെ പേരില്‍ കെഎസ്ആര്‍ടിസി ശബരിമല തീര്‍ത്ഥാടകരെ കൊള്ളയടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോര്‍പ്പറേഷന്റെ പകല്‍കൊള്ളക്കെതിരെ ഉയരുന്ന ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് എരുമേലിയിലെത്തിയ അദ്ദേഹം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

പമ്പ സര്‍വ്വീസിനായി തുടങ്ങിയ ശബരി സ്‌പെഷ്യല്‍ സര്‍വ്വീസിന്റെ പേരിലാണ് കെഎസ്ആര്‍ടിസിയുടെ കൊള്ള. എറണാകുളം – പമ്പ സര്‍വ്വീസിന് ശബരി ബസിലെ ചാര്‍ജ് 253 രൂപയും, എരുമേലി – പമ്പക്ക് 116 രൂപയും ഈടാക്കിയാണ് ഈ പകല്‍ കൊള്ള. എന്നാല്‍ എരുമേലി – എറണാകുളം സാധാരണ നിരക്ക് 111, 87, 69, എന്നിങ്ങനെ മൂന്നു സര്‍വ്വീസുകളിലായും, എരുമേലി – പമ്പ 46, 56 എന്നിങ്ങനെ ഈടാക്കുന്ന അതേ സര്‍വ്വീസിലാണ് പഴയ ബസിന് പുതിയ പെയ്ന്റ് അടിച്ചും ബസിന്റെ പേര് മാറ്റിയും കൊള്ള നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. എരുമേലി – പമ്പ സര്‍വ്വീസില്‍ സാധാരണ നിരക്ക് 46 രൂപയാണങ്കിലും, തീര്‍ത്ഥാടകരെത്തുമ്പോള്‍ ഇത് 56 രൂപയായി മാറും. എന്നാല്‍ ശബരി ബസില്‍ ഇത് 116 രൂപയായി വര്‍ദ്ധിപ്പിച്ചാണ് പകല്‍ക്കൊള്ളയടിയെന്നും അദ്ദേഹം പറഞ്ഞു.

ശബരി സ്‌പെഷ്യല്‍ സര്‍വ്വീസിന്റെ പേരില്‍ നടക്കുന്ന കൊള്ള ‘ജന്മഭൂമി’ യാണ് പുറത്തുകൊണ്ടുവന്നത്. ശബരി സര്‍വ്വീസില്‍ സ്‌പെഷ്യല്‍ ചാര്‍ജ് വാങ്ങുമെന്ന ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രസ്താവന നീതിക്ക് നിരക്കുന്നതല്ല. വരുമാനം കൂടുമ്പോള്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയാണ് ചെയ്യേണ്ടത്. പക്ഷെ കോര്‍പ്പറേഷന്റേയും വിവിധ വകുപ്പുകളുടെയും നഷ്ടം നികത്താന്‍ തീര്‍ത്ഥാടകരെ ‘ശബരിമല സീസണായി കണക്കാക്കി പിടിച്ചുപറിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണവും സുരക്ഷയും ഒരുക്കേണ്ടവര്‍ തന്നെ ഇത്തരത്തില്‍ കൊള്ളയടിച്ചാല്‍ തീര്‍ത്ഥാടകരുടെ ചെറുത്തുനില്‍പ്പ് ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മറ്റ് സംസ്ഥാനങ്ങളില്‍ തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ക്ക് അവിടെത്തെ സര്‍ക്കാര്‍ ചെയ്യുന്ന സൗകര്യങ്ങള്‍ വലുതാണ്. എന്നാല്‍ ശബരിമല തീര്‍ത്ഥാടകനായാല്‍ നഷ്ടം നികത്തുന്നതു വരെ കൊള്ളയടിക്കുന്ന നടപടി ദ്രോഹമാണെന്നും ബസ് ചാര്‍ജ് കുറക്കാന്‍ കഴിയില്ലെങ്കില്‍ പമ്പ സര്‍വ്വീസ് നടത്താന്‍ സ്വകാര്യ ബസുകള്‍ക്ക് അനുവാദം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. എരുമേലിയിലെ മാലിന്യ സംസ്‌ക്കരണം, പേട്ടതുള്ളല്‍ പാതയിലെ വാഹനഗതാഗതം, സമാന്തരപാതകളുടെ ശോചനീയാവസ്ഥ തുടങ്ങി തീര്‍ത്ഥാടന ഇടത്താവളങ്ങളില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്ന കാര്യത്തില്‍ കടുത്ത അനാസ്ഥയാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.സി. അജികുമാര്‍, സേവാസമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.