കോട്ടയം ബജറ്റ്‌ , അധിക നികുതിയില്ല

Friday 8 July 2011 10:01 pm IST

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കഴിഞ്ഞ ഇടതു സര്‍ക്കാരിന്‌ രൂക്ഷ വിമര്‍ശനം. കഴിഞ്ഞ അഞ്ചു വര്‍ഷം വികസന മാന്ദ്യവും സാമ്പത്തിക അച്ചടക്കമില്ലായ്മയുമാണ്‌ കേരളത്തില്‍ ഉണ്ടായിരുന്നതെന്ന്‌ ബജറ്റ്‌ പ്രസംഗത്തില്‍ പറഞ്ഞ ധനമന്ത്രി കെ.എം.മാണി കാര്‍ഷിക മേഖലയ്ക്കും അടിസ്ഥാന സൗകര്യ മേഖലയ്ക്കുമാണ്‌ പുതുക്കിയ ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്‌.
അധിക നികുതി വര്‍ധനകള്‍ ഇല്ലാത്ത ബജറ്റില്‍ ക്ഷേമപദ്ധതികള്‍ക്കും മുഖ്യപരിഗണന നല്‍കിയിട്ടുണ്ട്‌. എന്നാല്‍ വികസന കാര്യത്തിലും പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലും കേരളത്തെ മൊത്തമായി ഉള്‍ക്കൊള്ളാന്‍ ധനമന്ത്രിക്ക്‌ കഴിഞ്ഞില്ല. ബജറ്റിനെ കുറിച്ചുള്ള പ്രധാന വിമര്‍ശനവും അതാണ്‌. കേരളാകോണ്‍ഗ്രസ്സിന്‌ സ്വാധീനമുള്ള കോട്ടയം, ഇടുക്കി ജില്ലകളില്‍ ബജറ്റ്‌ ഒതുങ്ങി നില്‍ക്കുന്നു. തീരദേശ മേഖലയെയും ബജറ്റ്‌ അവഗണിച്ചതായി പരാതി ഉയര്‍ന്നു.
മദ്യത്തിനും ആഡംബരത്തിനുമാണ്‌ ബജറ്റ്‌ അടി നല്‍കുന്നത്‌. മദ്യത്തിന്‌ വില കൂടും. ആഡംബരക്കാറുകളുടെ വില ഉയരും. വലിയ വീടുവെയ്ക്കുന്നവരെയും ബജറ്റ്‌ വെറുതെ വിടുന്നില്ല.
റവന്യൂ വരുമാനം ആദ്യ ബജറ്റില്‍ 38,547 കോടി ആയിരുന്നത്‌ പുതിയ ബജറ്റില്‍ 39,428 കോടി രൂപയായി ഉയര്‍ന്നു. റവന്യൂ കമ്മി 6,019 കോടി രൂപയെന്നത്‌ 5,534 കോടി രൂപയായി കുറയും. ജിഎസ്ഡിപിയുടെ 1.97 ശതമാനമായിരുന്ന കഴിഞ്ഞ ബജറ്റിലെ റവന്യൂ കമ്മി 1.81 ശതമാനമായി കുറയുമെന്നു പുതിയ ബജറ്റ്‌ വ്യക്തമാക്കുന്നു. ധനക്കമ്മി 10,641 കോടി രൂപ എന്നത്‌ 10,507 ആയി കുറയും. ജിഎസ്ഡിപിയുടെ 3.48 ശതമാനമെന്നത്‌ 3.43 ശതമാനമായി ധനക്കമ്മി കുറയും. മൂലധന ചെലവ്‌ 4,712 കോടി രൂപയായിരുന്നു. ഇത്‌ 5,064 കോടി രൂപയായി ഉയരും. വികസന ചെലവുകള്‍ 28,646 കോടി രൂപയായിരുന്നത്‌ 29,872 കോടി രൂപയാകും.
സംസ്ഥാനത്ത്‌ പുതുതായി നാല്‌ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കും. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന്‌ എമേര്‍ജിങ്‌ കേരള എന്ന പേരില്‍ നിക്ഷേപക സംഗമം നടത്തും. 4000 കോടി രൂപ ചെലവുവരുന്ന വിഴിഞ്ഞം പദ്ധതിയുടെ ഈ വര്‍ഷത്തെ ചെലവിനായി 150 കോടി അനുവദിച്ചു. കൊച്ചി മെട്രോ പദ്ധതിയുടെ പശ്ചാത്തല സൗകര്യത്തിന്‌ 25 കോടിയും സ്മാര്‍ട്‌ സിറ്റിയുടെ അടിസ്ഥാനവികസനത്തിന്‌ 10 കോടിയും വകയിരുത്തി. കണ്ണൂര്‍ വിമാനത്താവളത്തിന്‌ 30 കോടി രൂപയാണ്‌ ഈവര്‍ഷത്തെ ചെലവുകള്‍ക്കായി നല്‍കുന്നത്‌. മലയോര വികസന പദ്ധതിക്ക്‌ ആദ്യ ഘട്ടമായി അഞ്ച്‌ കോടി അനുവദിച്ചിട്ടുണ്ട്‌.
അന്യസംസ്ഥാന ലോട്ടറി വിവാദത്തില്‍പ്പെട്ട്‌ നിലച്ചുപോയ കേരള സംസ്ഥാന ഭാഗ്യക്കുറി ആഴ്ചയില്‍ ഏഴുദിവസവും നറുക്കെടുപ്പ്‌ നടത്താനുള്ള നിര്‍ദ്ദേശവും ബജറ്റിലുണ്ട്‌. ഒമ്പത്‌, പത്ത്‌ ക്ലാസുകളിലും ഉച്ചഭക്ഷണപദ്ധതിക്ക്‌ അഞ്ചുകോടി, എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇന്‍ഷുറന്‍സ്‌ പരിരക്ഷയ്ക്കായി ഒരു കോടി, ആറുമുതല്‍ 14 വയസ്സുവരെയുള്ള സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ യൂണിഫോം, അഞ്ച്‌ പുതിയ പോളിടെക്നിക്കുകള്‍ എന്നിവയാണ്‌ പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രധാന പ്രഖ്യാപനങ്ങള്‍.
റോഡ്‌ നവീകരണത്തിന്‌ 1000 കോടി രൂപയാണ്‌ ബജറ്റില്‍ നീക്കിവെച്ചത്‌. റിങ്‌ റോഡുകള്‍ക്ക്‌ 10 കോടി, റോഡ്‌ പാലം വികസനത്തിന്‌ 200 കോടി, പുതിയ മരാമത്ത്‌ പണികള്‍ക്ക്‌ 325 കോടി, ബൈപ്പാസുകളുടെ വികസനത്തിന്‌ ആറ്‌ കോടി, ഹില്‍ ഹൈവേക്ക്‌ അഞ്ച്‌ കോടി എന്നിവ ഗതാഗത മേഖലയ്ക്ക്‌ ഗതിവേഗം പകരും. സാഫല്യം എന്ന പേരില്‍ പുതിയ ഭവനപദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്‌. അമൂല്യസമ്പത്ത്‌ കണ്ടെത്തിയ തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി ഒരു കോടി രൂപ അനുവദിച്ചു. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യ ഏന്‍ട്രന്‍സ്‌ കോച്ചിംഗ്‌ നല്‍കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്‌. 75 മാവേലിസ്റ്റോറുകളെ സൂപ്പര്‍മാര്‍ക്കറ്റുകളാക്കും. 24 പോലീസ്‌ സ്റ്റേഷന്‍ നിര്‍മാണത്തിന്‌ 7.2 കോടി രൂപ നല്‍കും. ചെറുനഗരങ്ങളില്‍ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കും. ലേബര്‍ കോള്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ ധനസഹായം എന്നിവയും ബജറ്റിലുണ്ട്‌.
എല്ലാ തൊഴിലാളി പെന്‍ഷനുകളും 400 രൂപയാക്കി വര്‍ധിപ്പിച്ചു. അതോടൊപ്പം ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക്‌ മാസം 300 രൂപ പെന്‍ഷന്‍ നല്‍കും. ആലപ്പുഴ, കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളജുകളുടെ വികസനത്തിന്‌ 44 കോടിയും തീരദേശ വികസന അതോറിറ്റിക്ക്‌ അഞ്ച്‌ കോടിയും വകയിരുത്തിയിട്ടുണ്ട്‌. 52 ലക്ഷം കുടുംബങ്ങള്‍ക്ക്‌ രാജീവ്‌ ഇന്‍ഷുറന്‍സ്‌ പദ്ധതി നടപ്പാക്കും. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ചികിത്സയ്ക്ക്‌ പ്രത്യേക പാക്കേജ്‌, തലസ്ഥാനനഗര വികസനത്തിന്‌ 30 കോടി, മത്സ്യത്തൊഴിലാളികള്‍ക്ക്‌ ഭവനനിര്‍മ്മാണ പദ്ധതി, ബാങ്ക്‌ നിരക്കില്‍ കെഎസ്‌എഫ്‌ഇ വിദ്യാഭ്യാസ വായ്പ എന്നിവയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌.
മണിചെയിന്‍-ഫ്ലാറ്റ്‌ തട്ടിപ്പുകള്‍ തടയാന്‍ സമഗ്ര നിയമ നിര്‍മാണം നടത്തുമെന്ന്‌ ധനമന്ത്രി ബജറ്റ്‌ പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. പ്രവാസികള്‍ക്കായി ലീഗല്‍ എയ്ഡ്‌ സെല്‍ സ്ഥാപിക്കും. മീനച്ചില്‍ നദീതടപദ്ധതികളുടെ ഒന്നാം ഘട്ടത്തിന്‌ 25 കോടി രൂപ അനുവദിച്ചു. ഹൗസിങ്‌ ഫിനാന്‍സ്‌ കോര്‍പറേഷന്‍ രൂപവല്‍ക്കരിക്കുന്നത്‌ സംബന്ധിച്ചുള്ള പ്രഖ്യാപനവും ബജറ്റിലുണ്ട്‌. സപ്ലൈകോ സംഭരിച്ച ധാന്യങ്ങളുടെ കുടിശ്ശിക തീര്‍ക്കാന്‍ 50 കോടിയും ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന്‌ ദേവസ്വം ബോര്‍ഡുകള്‍ക്ക്‌ 5 കോടിയും ദേശീയ ഗെയിംസിനോട്‌ അനുബന്ധിച്ച്‌ സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി 120 കോടിയും വകയിരുത്തിയിട്ടുണ്ട്‌.
റേഷന്‍ കടകളിലൂടെ 13 അവശ്യസാധനങ്ങള്‍ വിതരണം ചെയ്യും. സാഫല്യം പദ്ധതിയില്‍ ലക്ഷം വീടുകള്‍ നിര്‍മ്മിക്കും. ഖാദിമേഖലയില്‍ 5000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ആദിവാസികള്‍ക്ക്‌ കടാശ്വാസ പദ്ധതി നടപ്പാക്കും. കെഎസ്‌ആര്‍ടിസി ബസ്സുകളില്‍ ജിപിഎസ്‌ സംവിധാനം ഏര്‍പ്പെടുത്തും. കോട്ടയം ടൂറിസ്റ്റ്‌ ഹൈവേക്ക്‌ അഞ്ച്‌ കോടി രൂപ അനുവദിച്ചു. ഇടുക്കിയിലെ അര്‍ഹരായ കര്‍ഷകര്‍ക്ക്‌ പട്ടയം നല്‍കാനുള്ള നടപടിയും മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്‌. കെഎസ്‌ആര്‍ടിസിക്ക്‌ 100 കോടി രൂപ നല്‍കും. 1000 പുതിയ ബസ്സുകള്‍ നിരത്തിലിറക്കുമെന്നും കെ.എം. മാണി ബജറ്റില്‍ അറിയിച്ചു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.