പിണറായിക്കെതിരെ ഭോപ്പാലില്‍ ബജ്‌രംഗദള്‍ പ്രതിഷേധം

Saturday 10 December 2016 9:18 pm IST

ഭോപ്പാല്‍: കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഭോപ്പാലില്‍ ബജ്‌രംഗദള്‍ പ്രതിഷേധം. ഇതേ തുടര്‍ന്ന് ഭോപ്പാല്‍ മലയാളി അസോസിയേഷന്റെ പരിപാടിയില്‍ മുഖ്യമന്ത്രിക്ക് പങ്കെടുക്കാനായില്ല. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് വിജയന്‍ ഭോപ്പാലിലെത്തിയത്. സമ്മേളന പരിപാടിക്ക് ശേഷം മലയാളി അസോസിയേഷന്റെ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയെ കേരളത്തിലെ സിപിഎം അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. ഭോപ്പാല്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലായിരുന്നു പരിപാടി. വന്‍ പോലീസ് സന്നാഹങ്ങള്‍ പിണറായിക്ക് സംരക്ഷണത്തിനായി ഒരുക്കിയെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ പൊതുപരിപാടി നടക്കുന്ന സ്ഥലത്തേക്ക് പോകുന്നത് പ്രശ്‌നകാരണമാകുമെന്ന് ഭോപ്പാല്‍ പോലീസ് അറിയിച്ചു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി തന്നെ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചു. സംഘര്‍ഷ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് പരിപാടി ഉപേക്ഷിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. വൈകിട്ട് അഞ്ചരയ്ക്കായിരുന്നു യുണൈറ്റഡ് മലയാളി അസോസിയേഷന്‍, ഭോപ്പാല്‍ മലയാളി അസോസിയേഷന്‍, സൗത്ത് ഭോപ്പാല്‍ മലയാളി സമാജം എന്നിവയുടെ നേതൃത്വത്തിലുള്ള സ്വീകരണ ചടങ്ങ്. യാത്രാ മധ്യേയാണ് പ്രതിഷേധ പരിപാടിയെപ്പറ്റി പിണറായിയെ മധ്യപ്രദേശ് പോലീസ് അറിയിച്ചത്. പരിപാടി സ്ഥലത്തേക്ക് കേരളാ മുഖ്യമന്ത്രി എത്താതിരിക്കുന്നതാണ് സുരക്ഷാ കാരണങ്ങളാല്‍ നല്ലതെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചാല്‍ കര്‍ശന സുരക്ഷ നല്‍കാമെന്നും പോലീസ് അറിയിച്ചു. ഇതേ തുടര്‍ന്ന് പരിപാടി ഉപേക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി തന്നെ തീരുമാനം എടുത്തു. താന്‍ മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണെന്നും സുരക്ഷാ പ്രശ്‌നങ്ങള്‍ പോലീസ് ചൂണ്ടിക്കാട്ടിയാല്‍ അവിടെ പോകേണ്ടതില്ല എന്നാണ് തന്റെ തീരുമാനമെന്നും പിണറായി അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ പിണറായിയെ ഫോണില്‍ ബന്ധപ്പെട്ടു. വിശദാന്വേഷണത്തിന് ചൗഹാന്‍ ഉത്തരവിട്ടിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡിജിപി നേരിട്ടെത്തി കേരളാ മുഖ്യമന്ത്രിയോട് ഖേദപ്രകടനം നടത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് ശിവരാജ്‌സിങ് ചൗഹാന്‍ ഡിജിപിക്ക് നല്‍കിയ നിര്‍ദ്ദേശം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.