ശബരിമല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്ന ലോക്കല്‍ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് പൂഴ്ത്തിയതായി ആക്ഷേപം. 2013-14 ശബരിമല ഉത്സവസമയം പുതിയ പാത്രങ്ങള്‍ വാങ്ങിയ വകയില്‍ കോടികളുടെ ക്രമക്കേട് കണ്ടെത്തിയ റിപ്പോര്‍ട്ടാണ് പൂഴ്ത്തിയതായി ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.
പാത്രം വാങ്ങിയതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടി വേണമെന്ന റിപ്പോര്‍ട്ടില്‍ ഇതുവരെ നടപടി സ്വീകരിക്കാന്‍ ബോര്‍ഡ് തയ്യാറായിട്ടില്ല. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരില്‍നിന്നും തുക തിരിച്ചുപിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പക്ഷേ കഴിഞ്ഞ സംസ്ഥാന ഭരണകൂടത്തിന്റെയും ചില നേതാക്കളുടെയും ഇടപെടലിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് പൂഴ്ത്തുകയായിരുന്നു. 2013-14 മണ്ഡല-മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ടാണ് ഒരു കോടി 87 ലക്ഷം രൂപ മുതല്‍ മുടക്കി പുതിയ പാത്രങ്ങള്‍ വാങ്ങിയത്. മുന്‍ ദേവസ്വം മന്ത്രി വി.എസ.് ശിവകുമാറിന്റെ സഹോദരനും ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുമായ വി.എസ് ജയകുമാര്‍ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരിക്കെ ആയിരുന്നു ഈ നടപടി.
ശബരിമലയില്‍ ആവശ്യത്തിലധികം പാത്രങ്ങള്‍ ഉള്ളപ്പോള്‍ പുതിയവ വാങ്ങിയത് അന്യായമാണെന്നാണ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍. അന്യായമായി പാത്രം വാങ്ങിയ എക്സിക്യൂട്ടീവ് ഓഫീസറില്‍ നിന്നും തുക ഈടാക്കാന്‍ ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ട് ഹൈക്കോടതിക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും കൈമാറി. എന്നാല്‍, ഇത് ബോര്‍ഡ് അധികൃതര്‍ പൂഴ്ത്തി. ഈ ഉദ്യോഗസ്ഥന് മറ്റൊരു സംഭവവുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ ത്വരിതാന്വേഷണം നേരിടുന്നതായും പറയപ്പെടുന്നു.
സംഭവത്തില്‍ എക്സിക്യൂട്ടീവ് ഓഫീസറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്മീഷണറെയും ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ് ഓഫീസറെയും അന്വേഷിക്കാന്‍ ബോര്‍ഡ് ചുമതലപ്പെടുത്തി. ഏറെ ഗുരുതരമായ ക്രമക്കേടായിട്ടും കമീഷണറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഒരിക്കല്‍പോലും ഇതിനായി യോഗം ചേര്‍ന്നില്ല. മൂന്ന് മാസത്തിലൊരിക്കല്‍ ബോര്‍ഡ് പ്രവര്‍ത്തന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൊടുക്കണമെന്ന് 2007 ഏപ്രില്‍ 12ന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുണ്ട്. ഇതും അന്വേഷണസമിതി പാലിച്ചില്ല.
പാത്രങ്ങള്‍ വാങ്ങാന്‍ ഒരു കോടി 87 ലക്ഷം രൂപ ചെലവഴിച്ച നടപടി അന്യായമാണെന്ന് ലോക്കല്‍ഫണ്ട് ഓഡിറ്റ് തന്നെ കണ്ടെത്തിയ സാഹചര്യത്തില്‍ സംഭവം സംസ്ഥാന വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: