പുസ്തക നയം വേണം: സേതു

Saturday 10 December 2016 9:50 pm IST

കൊച്ചി: കൊച്ചി ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി പുസ്തകപ്രസാധകരംഗത്തിന്റെ ഭാവി എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. സെമിനാര്‍ സംഘടിപ്പിച്ചത് ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (ഫിക്കി) ആയിരുന്നു. കേന്ദ്രസാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ. ശ്രീനിവാസ റാവു ഉദ്ഘാടനം ചെയ്തു. ചര്‍ച്ചയില്‍ നോവലിസ്റ്റ് സേതുവും ഫ്രീലാന്‍സ് എഴുത്തുകാരി രശ്മി ജയ്‌മോനും സംസാരിച്ചു. ഭാരതത്തില്‍ പലയിടത്തും ഉള്ളതില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ പ്രസാധകരും എഴുത്തുകാരും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്ന് സേതു പറഞ്ഞു. ഈ മേഖലയെ ഒരു വ്യവസായമായി അംഗീകരിക്കാത്തതിനാല്‍ ബാങ്ക് ലോണ്‍ തുടങ്ങിയ സൗകര്യങ്ങള്‍ കിട്ടുന്നില്ല. ഭാരതത്തേക്കാള്‍ ചെറിയ രാജ്യമായ ദക്ഷിണ കൊറിയയില്‍ പ്രസാധന വ്യവസായത്തിനായി ഏറ്റവും കൂടുതല്‍ നിയമനിര്‍മ്മാണങ്ങള്‍ നടന്നിട്ടുണ്ട്. ആ രാജ്യം ഇംഗ്ലീഷ് പ്രസാധനത്തില്‍ രണ്ടാംസ്ഥാനത്ത് നില്ക്കുന്നു. നമ്മുടെ പ്രസാധനരംഗത്ത് 30 ശതമാനവും ബാലസാഹിത്യമാണ്. നമുക്ക് ഒരു പുസ്തക നയമില്ല എന്നും സേതു പറഞ്ഞു. രചനകളുടെ സോഫ്റ്റ് കോപ്പികള്‍ സ്വീകരിക്കാന്‍ പല വെബ് മാഗസിനുകളും വിമുഖരാണെന്ന് ഫ്രീലാന്‍സ് എഴുത്തുകാരി രശ്മി ജയ്‌മോന്‍ പറഞ്ഞു. ഉള്ളടക്കമാണ് കൃതികളുടെ സത്ത്. എന്‍ബിറ്റി സീനിയര്‍ മലയാളം എഡിറ്റര്‍ ഇന്‍ ചാര്‍ജ് റൂബിന്‍ ഡിക്രൂസും ഫിക്കി ഡയറക്ടര്‍ സുമിത് ഗുപ്തയും സംസാരിച്ചു. സാഹിത്യഅക്കാദമി മുന്‍സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പുതുതായി വരുന്ന ഒരു സാങ്കേതിക വിദ്യക്കും മറ്റൊരു സാങ്കേതികവിദ്യയെ തടഞ്ഞുനിര്‍ത്താനാവില്ലെന്ന്‌ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇ റീഡിംഗ് വളര്‍ന്നാലും പുസ്‌കവായനയുടെ സുഖം എന്നും നിലനില്ക്കും. എസ്.ടി. റെഡ്യാര്‍ ആന്റ് സണ്‍സിന്റെ സി.ഇ.ഒ. സുരേഷ് രാജേന്ദ്രന്‍ പ്രിന്റിംഗ് ടെക്‌നോളജിയുടെ വളര്‍ച്ച ദൃശ്യമാധ്യമത്തിലൂടെ അവതരിപ്പിച്ചു. ഫ്യൂജി ഫിലിം ഇന്ത്യ മേധാവി എസ്. എം. രാമപ്രസാദ് സംസാരിച്ചു. അനശ്വര പ്രിന്റേഴ്‌സ് മേധാവി വേണുഗോപാല്‍, സീറോക്‌സ് എക്‌സിക്യൂട്ടിവ് ഡിറക്ടര്‍ ബാലാജി രാജഗോപാല്‍, സേവ്യോ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.