അഗസ്ത വെസ്റ്റ്‌ലാന്റ് കരാറിന് പിന്നില്‍ മന്‍മോഹന്‍ സിങിന്റെ ഓഫീസ്

Saturday 10 December 2016 11:03 pm IST

ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ അഴിമതിക്ക് പിന്നില്‍ മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിന്റെ ഓഫീസിന് പങ്കുണ്ടെന്ന് അറസ്റ്റിലായ മുന്‍വ്യോമസേനാ മേധാവി എസ്. പി ത്യാഗി സിബിഐക്ക് മൊഴി നല്‍കി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഇടപെടലുകളെ തുടര്‍ന്നാണ് കരാറില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നും ത്യാഗി സിബിഐയോട് വെളിപ്പെടുത്തി. യുപിഎ ഭരണകാലത്തെ എണ്ണമില്ലാത്ത അഴിമതിക്കഥകള്‍ക്ക് വീണ്ടും ജീവന്‍ വെയ്ക്കുന്ന വെളിപ്പെടുത്തലാണ് ത്യാഗി നടത്തിയത്. കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്ത മുന്‍ വ്യോമസേനാ മേധാവിയെ ഇന്നലെ ദല്‍ഹി കോടതിയില്‍ ഹാജരാക്കി. ജാമ്യം നല്‍കണമെന്ന് ത്യാഗി വാദിച്ചെങ്കിലും നാലു ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. ഡിസംബര്‍ 14 വരെ ത്യാഗിയും കൂട്ടുപ്രതികളായ സഞ്ജീവ് ത്യാഗി, അഡ്വ. ഗൗതം ഖേതാന്‍ എന്നിവരും സിബിഐ കസ്റ്റഡിയില്‍ തുടരും. പത്തുദിവസത്തെ കസ്റ്റഡിയാണ് സിബിഐ ആവശ്യപ്പെട്ടത്. ഹെലികോപ്റ്റര്‍ അഴിമതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ നിര്‍ണ്ണായക വിവരങ്ങള്‍ വരുംദിവസങ്ങളില്‍ ലഭിക്കുമെന്നാണ് സിബിഐയുടെ പ്രതീക്ഷ. ത്യാഗി ഒറ്റയ്ക്കല്ല, കൂട്ടായ തീരുമാന പ്രകാരമാണ് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ തീരുമാനിച്ചതെന്ന് ത്യാഗിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഹെലികോപ്റ്ററുകളുടെ ഉയര്‍ന്നു പറക്കാനുള്ള ശേഷി 6,000 മീറ്ററില്‍ നിന്നും 4,500 മീറ്ററാക്കി കുറച്ച് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താന്‍ നിര്‍ദ്ദേശിച്ചത് പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ ഓഫീസില്‍ നിന്നാണ്, ത്യാഗിയുടെ അഭിഭാഷകന്‍ വാദിച്ചു. തന്നെ അറസ്റ്റ് ചെയ്ത രീതിയിലും ത്യാഗി കോടതിയോട് അതൃപ്തി പ്രകടിപ്പിച്ചു. അഗസ്ത വെസ്റ്റ്‌ലാന്റ് കമ്പനിക്ക് കരാര്‍ ലഭിക്കുന്നതിനായി മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചതിന് പിന്നില്‍ ത്യാഗിയാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഇത്തരത്തില്‍ ലഭിച്ച 360 കോടി രൂപയുടെ കോഴപ്പണം ഭൂമിയിലും മറ്റും നിക്ഷേപിച്ചതായും സിബിഐ കണ്ടെത്തി. ഭൂമി വാങ്ങിയതിന്റെ രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാണെന്ന് ത്യാഗിയുടെ അഭിഭാഷകര്‍ ഇന്നലെ കോടതിയെ അറിയിച്ചിട്ടുണ്ട്. വിവിഐപികളുടെ യാത്രകള്‍ക്കായി മികച്ച ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള തീരുമാനത്തില്‍ ഇളവ് വരുത്തി താരതമ്യേന ശേഷി കുറഞ്ഞ എഡബ്ല്യു-101 വിഭാഗത്തില്‍ പെട്ട പന്ത്രണ്ടോളം ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ കരാറൊപ്പിട്ടതാണ് അഗസ്ത വെസ്റ്റ്‌ലാന്റ് അഴിമതി. ആകെ കരാര്‍ തുകയുടെ പത്തുശതമാനം തുകയായ 360 കോടി രൂപ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്കും വ്യോമസേനാ മേധാവിക്കും അടക്കം നല്‍കിയെന്ന ഇറ്റാലിയന്‍ കോടതിയുടെ കണ്ടെത്തലുകളാണ് സിബിഐ കേസിനാധാരം. അഴിമതി പുറത്തുവന്നതോടെ കരാറില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിഞ്ഞിരുന്നു. ആന്റണിക്കെല്ലാം അറിയാം ന്യൂദല്‍ഹി: ഹെലികോപ്റ്റര്‍ അഴിമതിയുമായി ബന്ധപ്പെട്ട് അന്നത്തെ പ്രതിരോധമന്ത്രി എ.കെ ആന്റണിക്കെതിരെയും മുന്‍വ്യോമസേനാ മേധാവിയുടെ മൊഴി. ഇടപാടില്‍ നിന്ന് ആന്റണിക്ക് രക്ഷപ്പെടാനാവില്ലെന്ന് ത്യാഗി സിബിഐക്ക് മൊഴി നല്‍കിയതായാണ് പുറത്തുവരുന്ന വിവരം. എ.കെ ആന്റണിക്ക് എല്ലാ വിവരങ്ങളും അറിയാമായിരുന്നെന്നും മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ത്യാഗി സിബിഐയോട് വെളിപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.