പൊങ്കാലയര്‍പ്പിക്കാന്‍ ഭക്തലക്ഷങ്ങള്‍

Sunday 11 December 2016 9:02 pm IST

പൊങ്കാലയ്ക്കായി ഭക്തജനങ്ങള്‍ കാലേകൂട്ടി സ്ഥലം പിടിച്ചപ്പോള്‍

നീരേറ്റുപുറം: സര്‍വൈശ്വര്യ പ്രദായനിയായ ചക്കുളത്തമ്മയ്ക്കു മുന്നില്‍ ഇന്ന് ഭക്തലക്ഷങ്ങള്‍ പൊങ്കാല നിവേദ്യം അര്‍പ്പിക്കും. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ രണ്ടു നാള്‍ മുമ്പ് തന്നെ ഇവിടെ എത്തി കഴിഞ്ഞു. ഭക്തര്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ക്ഷേത്രവും പരിസരപ്രദേശങ്ങളും കൂടാതെ തകഴി, തിരുവല്ല, ചെങ്ങന്നൂര്‍, മാന്നാര്‍, വീയപുരം, മുത്തൂര്‍ എന്നിവിടങ്ങളിലും നാളെ ഭക്തര്‍ക്ക് പൊങ്കാലയിടാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ചക്കുളത്തുകാവിലും പരിസരങ്ങളിലും റോഡിന്റെ വശങ്ങളിലും അടുപ്പും മണ്‍കലങ്ങളുമായി ദേവിക്കു പൊങ്കാല അര്‍പ്പിക്കാന്‍ ഭക്തര്‍ നിരക്കും.
ദേവീസ്തുതികളും പൂജാദ്രവ്യങ്ങളുമായി പതിനായിരക്കണക്കിനു സ്ത്രീകളാണ് ദേവീകടാക്ഷത്തിനായി പൊങ്കാലയര്‍പ്പിക്കുക. ഇന്ന് പുലര്‍ച്ചെ നാലിന് ഗണപതിഹോമം, നിര്‍മ്മാല്യ ദര്‍ശനം, എട്ടിന് വിളിച്ചു ചൊല്ലി പ്രാര്‍ത്ഥന. രാവിലെ 9ന് പൊങ്കാലയ്ക്ക് തുടക്കം കുറിച്ചു ക്ഷേത്രശ്രീകോവിലില്‍ നിന്നും പണ്ടാര അടുപ്പിലേയ്ക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരിഅഗ്നി പകരും. പൊങ്കാലയുടെ ചടങ്ങുകള്‍ക്ക് കാര്യദര്‍ശി മണിക്കുട്ടന്‍ തിരുമേനി നേതൃത്വം വഹിക്കും. ജല വിഭവ വകുപ്പ് മന്ത്രി മാത്യു.റ്റി.തോമസ് പൊങ്കാല ഉദ്ഘാടനം ചെയ്യും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖന്‍ ഭദ്രദീപം തെളിക്കും. 11 ന് അഞ്ഞൂറിലധികം വേദപണ്ഡിതന്‍മാരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദേവിയെ 41 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ജീവത എഴുന്നെളളത്ത് തിര്യെ ക്ഷേത്രത്തില്‍ എത്തിയാലുടന്‍ ദിവ്യഅഭിഷേകവും ഉച്ചദീപാരാധനയും നടക്കും. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, അശോകന്‍ നമ്പൂതിരി, രഞ്ചിത്ത് ബി നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
വൈകിട്ട് അഞ്ചിന് കുട്ടനാട് എംഎല്‍എ തോമസ്സ് ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സാസ്‌കാരിക സമ്മേളനം മന്ത്രി എ.കെ. ശശീന്‍ന്ദ്രന്‍ ഉത്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും. യുഎന്‍. വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ. സി.വി. ആനന്ദബോസ് കാര്‍ത്തികസ്തംഭത്തില്‍ അഗ്നി ജ്വലിപ്പിക്കും.വിവിധ ഇന്‍ഫര്‍മേഷന്‍ സെന്ററുകളില്‍ ക്ഷേത്ര വോളന്റിയേഴ്‌സ് നിര്‍ദേശങ്ങളുമായി നിലയുറപ്പിക്കും. ഭക്തരുടെ പ്രാഥമിക ആവശ്യങ്ങള്‍ക്കായി സ്ഥിരം സംവിധാനങ്ങള്‍ക്കു പുറമേ താത്കാലിക ശൗചാലയങ്ങളും ഏര്‍പ്പെടുത്തി. പോലീസ്, കെഎസ്ആര്‍ടിസി, ആരോഗ്യം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഫയര്‍ഫോഴ്‌സ്, കെഎസ്ഇബി, ജലഅതോറിറ്റി, എക്‌സൈസ്, ജലഗതാഗതം, റവന്യു വകുപ്പുകളുടെ സേവനം ആലപ്പുഴ, പത്തനംതിട്ട കളക്ടര്‍മാരുടെ നേതൃത്വത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. പാര്‍ക്കിങിനും പ്രത്യേക സൗകര്യമുണ്ടാകും. ക്ഷേത്രപരിസരത്ത് താത്കാലിക ഹെല്‍ത്ത്‌സെന്ററുകളും തുറന്നു.
ക്ഷേത്രത്തിലെ പന്ത്രണ്ടു നോയമ്പ് ഉത്സവം ഡിസംബര്‍ 16 മുതല്‍ 27 വരെ നടക്കും. ഡിസംബര്‍ 16 നാണ് നാരീപൂജ. നാരീപുജയോട് അനുബന്ധിച്ചുള്ള സംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ നിര്‍വഹിക്കും. നാരീപൂജയുടെ ഉത്ഘാടനം വനിതാകമ്മിഷനംഗം ഡോ. ജെ. പ്രമീളാദേവിയും നിര്‍വ്വഹിക്കും. ഡിസംബര്‍ 26 ന് കലശവും തിരുവാഭരണ ഘോഷയാത്രയും. പന്ത്രണ്ടു നോയമ്പ് കാലത്ത് ശബരിമലയിലേയ്ക്ക് എന്നതുപോലെ കെട്ടുമുറുക്കി ഈ സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്ക് വരുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.