പെരിയാര്‍ നദിയ്ക്ക് കുറുകെയുള്ള പുതിയ പാലം താല്‍കാലികമായി തുറന്നു

Sunday 11 December 2016 9:15 pm IST

പീരുമേട്: വണ്ടിപ്പെരിയാറില്‍ ഭക്തരുടെ തിരക്കേറിയതോടെ ദേശീയ പാത 183 ല്‍ പെരിയാര്‍ നദിയ്ക്ക് കുറുകെയുള്ള പുതിയ പാലം താല്‍കാലികമായി തുറന്നു. മിനുക്ക് പണികള്‍ അവശേഷിക്കുമ്പോഴാണ് പാലം സഞ്ച ാരികള്‍ക്കായി തുറന്നത്. ഇതോടെ ടൗണിലെ തിരക്കിന് ഒരു പരിധിവരെ ശമനമായി. 112 വര്‍ഷം മുമ്പ് നിര്‍മ്മിച്ച പഴയ പാലത്തിന് സമാന്തരമായാണ് പുതിയ പാലവും പണി കഴിപ്പിച്ചിരിക്കുന്നത്. ഇനി നടപാതയും കൈവരിയുടെയും ജോലിയാണ് പ്രധാനമായും തീരാനുള്ളത്. പാലത്തിന്റെ വീതി 11 മീറ്ററും നീളം 75 മീറ്ററിലധികവുമാണ്. ഇന്നലെ രാവിലെ മുതലാണ് വാഹനങ്ങള്‍ കടത്ത് വിട്ട് തുടങ്ങിയത്. മധുര, കുമളി, തേക്കടി ഭാഗങ്ങളിലേക്കായി ഒരു വശത്തേക്ക് മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. തമിഴ്‌നാട്ടില്‍ നിന്നും തിരിച്ചെത്തുന്നവ പഴയപാലത്തിലൂടെ തന്നെയാണ് കടത്തിവിടുന്നത്. പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പണികള്‍ അവസാന ഘട്ടത്തിലെത്തി നില്‍കുകയാണ്. 2014 ലാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ഉത്തരവ് പ്രകാരം കൊല്ലം-ദിണ്ഡിഗല്‍ ദേശീയ പാതയില്‍ 9.5 കോടി മുടക്കി പാലം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 2015 മാര്‍ച്ച് 21 ന് പാലം പണിയുടെ പ്രാരംഭ നടപടികള്‍ തുടങ്ങി. 18 മാസംകൊണ്ട് പാലം പണി പൂര്‍ത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. എഞ്ചിനീയറിങ് പ്രോക്യൂര്‍മെന്റ് കണ്‍സ്ട്രക്ഷന്‍ എന്ന പുതിയ സാങ്കേത ിക വിദ്യയുടെ അടിസ്ഥാനത്തിലായിരുന്നു പാലത്തിന്റെ നിര്‍മ്മാണം. ആദ്യ സമയത്ത് പാലത്തിന്റെ അപ്രോച്ച്‌മെന്റിന് വേണ്ടി സ്ഥലം ഏറ്റെടുക്കാന്‍ വൈകിയത് നിര്‍മ്മാണത്തിന് തിരിച്ചടിയായിരുന്നു.കോണ്‍ട്രാക്ടര്‍ ഡിസൈനിങ് നടത്തി അംഗീകാരം വാങ്ങി നിര്‍മ്മാണം നടത്തുന്ന രാജ്യത്തെ ആദ്യപാലമെന്ന ബഹുമതിയോടയാണ് അതിവേഗത്തില്‍ പണി തീര്‍ന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.