ശബരിമലയില്‍ തിരക്ക് നിയന്ത്രണാതീതം

Monday 12 December 2016 1:40 am IST

  ശബരിമല: ശബരിമലയില്‍ തിരക്ക് നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ഭക്തരെ പമ്പയില്‍ വടം കെട്ടി തടഞ്ഞു. തീര്‍ത്ഥാടകരുടെ യാത്ര വൈകിപ്പിക്കാന്‍ പോലീസിന് ഉന്നതതല നിര്‍ദ്ദേശം. പലയിടത്തും പോലീസും തീര്‍ത്ഥാടകരുമായി വാക്കേറ്റമുണ്ടായി. ആവശ്യത്തിന് കുടിവെള്ളമില്ലാതെ ഭക്തര്‍ വഴിയില്‍ വലഞ്ഞു. വ്യാപാരികള്‍ ഭക്തരെ കൊള്ളയടിക്കുന്നതായും ആക്ഷേപമുണ്ട്. ഇന്നലെ പുലര്‍ച്ചെ നടതുറന്നപ്പോള്‍ ദര്‍ശനത്തിനുള്ള തീര്‍ത്ഥാടകനിര ശബരീപീഠം പിന്നിട്ടിരുന്നു. ഇതോടെ പുലര്‍ച്ചെ പമ്പയില്‍ തീര്‍ത്ഥാടകരെ തടയാന്‍ തുടങ്ങി. സന്നിധാനത്തെ തിരക്ക് കുറഞ്ഞ്, ഒന്നര മണിക്കൂറിന് ശേഷമാണ് ഘട്ടം ഘട്ടമായി തീര്‍ത്ഥാടകരെ മലകയറാന്‍ അനുവദിച്ചത്. പമ്പയിലെ പ്രധാന പാര്‍ക്കിങ് മൈതാനികളായ ത്രിവേണി, ചക്കുപാലം, ഹില്‍ടോപ്പ് എന്നിവ വാഹനങ്ങളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. ഇതോടെ ചെറിയ വാഹനങ്ങള്‍ക്ക് നിലയ്ക്കലില്‍ പാര്‍ക്കിങ് ഏര്‍പ്പെടുത്തി. വൈകിട്ട് നട തുറന്നപ്പോഴും അഭൂതപൂര്‍വ്വമായ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ ശബരീപീഠം വരെ നീണ്ടനിര രാത്രിയിലും അതേപടി തുടര്‍ന്നു. താഴെ തിരുമുറ്റത്ത് വാവര്‍ നടയുടെ മുന്‍വശവും വടക്കേനടയും ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞു. വലിയ നടപ്പന്തലിലെ പ്രധാന നിരയില്‍നിന്നു നുഴഞ്ഞിറങ്ങിയ തീര്‍ത്ഥാടകര്‍ വാവര്‍ നടയുടെ സമീപത്തുനിന്നു തള്ളിക്കയറാന്‍ ശ്രമിച്ചത് തിരക്കു കൂട്ടി. ഇതോടെ വാവര്‍ നടയ്ക്ക് സമീപത്തുനിന്നു പ്രത്യേക പാസ്സുമായി എത്തുന്നവരെ കടത്തിവിടുന്ന വാതില്‍ പോലീസ് അടച്ചു. ഇവിടെ കൂടുതല്‍ പോലീസിനെ നിയോഗിക്കുകയും ചെയ്തു. മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയില്‍ ബാരിക്കേഡിനുള്ളില്‍ നിന്ന് ഇറങ്ങി വനത്തിനുള്ളിലൂടെ കടന്ന് ചന്ദ്രാനന്ദന്‍ റോഡുവഴി വലിയ നടപ്പന്തലിലേക്ക് തീര്‍ത്ഥാടകര്‍ എത്തിയത് തിക്കിനും തിരക്കിനും ഇടയാക്കി. ഇവര്‍ വലിയ നടപ്പന്തലിലെ ക്ഷേത്രത്തിന് മുന്നിലെ പാതയിലൂടെ പോലീസ് വലയം ഭേദിച്ച് വടത്തിന് ഇടയിലൂടെ ചാടിക്കടക്കാന്‍ ശ്രമിച്ചു. ഇതോടെ പോലീസും കേന്ദ്രസേനയും ചേര്‍ന്ന് കൈകള്‍ കോര്‍ത്തുപിടിച്ച് ഇവരെ തടഞ്ഞു. വലിയ നടപ്പന്തലും പരിസരവും തീര്‍ത്ഥാടകരെ കൊണ്ട് നിറഞ്ഞതിനെ തുടര്‍ന്ന് പതിനെട്ടാംപടിക്ക് മുന്നിലെ ഒഴിച്ചിട്ട പ്രധാന വഴിയിലും ഭക്തരെ കയറ്റി നിര്‍ത്തി. ശബരീപീഠം വരെയുള്ള നീണ്ടനിര കുറയ്ക്കാനാണ് സന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ പി.കെ. മധുവും കേന്ദ്രസേനാ ഡപ്യൂട്ടി കമാന്ററ് മധു ജി നായരും ചേര്‍ന്ന് കൂടിയാലോചിച്ച് ഈ ക്രമീകരണം ഏര്‍പ്പെടുത്തിയത്. പടി കയറ്റത്തിലെ വേഗതക്കുറവ് പരിഹരിക്കാന്‍ സന്നിധാനം സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ കൊടിമരംഭാഗത്ത് ജോലിയിലുള്ള ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം നല്‍കി. വൈകിട്ട് നടതുറന്നപ്പോള്‍ വടക്കേനട വഴി ദര്‍ശനത്തിനുള്ള തീര്‍ത്ഥാടകനിര മാളികപ്പുറത്തെ പഴയ അന്നദാന മണ്ഡപവും കവിഞ്ഞിരുന്നു. വെള്ളിയാഴ്ച 1,70,000 പേരാണ് പമ്പവഴി ദര്‍ശനത്തിന് എത്തിയത്. ശനി രാത്രി 10 മുതല്‍ ഞായറാഴ്ച രാവിലെ 10 വരെ 70,000 പേരാണ് ദര്‍ശനം നടത്തിയത്. പന്ത്രണ്ട് മണിക്കൂര്‍ കാത്തുനിന്നതിന് ശേഷമാണ് പലര്‍ക്കും ദര്‍ശനത്തിന് സാദ്ധ്യമായത്. ശനിയാഴ്ച രാത്രിയില്‍ തിരക്ക് നിയന്ത്രണാതീതമായതിനാല്‍ പോലീസിന്റെ നിര്‍ദ്ദേശപ്രകാരം യുടേണ്‍, മരക്കൂട്ടം, നടപ്പന്തല്‍ ഭാഗങ്ങളില്‍ കേന്ദ്രസേനയും പോലീസിനൊപ്പം തിരക്ക് നിയന്ത്രിക്കാന്‍ ഇറങ്ങി. നെയ്യഭിഷേകത്തിനും നീണ്ടനിര പ്രത്യക്ഷപ്പെട്ടു. വൈകിട്ട് പമ്പയിലെ നടപ്പന്തല്‍ തീര്‍ത്ഥാടകരെ കൊണ്ട് നിറഞ്ഞു. ത്രിവേണിഭാഗത്തും വന്‍തിരക്ക് അനുഭവപ്പെട്ടു. രാത്രി 8 മണിയായതോടെ പമ്പാതീരം ഭക്തസാഗരമായി മാറി. വൈകിട്ടും പമ്പയില്‍ തീര്‍ത്ഥാടകരെ തടഞ്ഞിരുന്നു. സന്നിധാനത്ത് വിശ്രമത്തിലുള്ള പോലീസുകാരും തിരക്ക് നിയന്ത്രണത്തിനിറങ്ങി. തിരക്കേറുമ്പോഴും സോപാനത്ത് പലപ്പോഴും തിരക്ക് ദൃശ്യമായിരുന്നില്ല. പടി കയറ്റിവിടുന്നതിലുള്ള താമസമാണ് ഫ്‌ളൈഓവറിലും തിരുമുറ്റത്തും തിരക്ക് ദൃശ്യമാകാത്തതിന് കാരണം. പത്തനംതിട്ടയില്‍ നിന്നും എരുമേലിയില്‍ നിന്നും മണിക്കൂറില്‍ നൂറ്റിയമ്പത് വാഹനങ്ങല്‍ വീതമാണ് പമ്പയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ശബരിമലയില്‍ തിരക്ക് ക്രമാതീതമായി വര്‍ദ്ധിച്ചാല്‍ പത്തനംതിട്ട, വടശ്ശേരിക്കര ഇടത്താവളങ്ങളില്‍ വാഹനങ്ങള്‍ പിടിച്ചിട്ട് അയ്യപ്പന്മാരുടെ യാത്ര വൈകിപ്പിക്കും. ആവശ്യമെങ്കില്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വ്വീസ് മണിക്കൂറില്‍ 30 ബസ്സുകള്‍ എന്നരീതിയില്‍ നിജപ്പെടുത്താനും പോലീസ് ആലോചിക്കുന്നുണ്ട്. പമ്പയിലെ പാര്‍ക്കിംഗ് മൈതാനി നിറഞ്ഞാല്‍ ടാറ്റാസുമോ, ട്രാവലര്‍ പോലുള്ള വാഹനങ്ങള്‍ നിലയ്ക്കലില്‍ പിടിച്ചിടും. ഈ വാഹനങ്ങളിലെ തീര്‍ത്ഥാടകരെ ബസ്സിലാകും പമ്പയിലെത്തിക്കുക. ശനിയാഴ്ച രാത്രി ഈ ക്രമീകരണം ഏര്‍പ്പെടുത്തിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പത്തനംതിട്ട മുതല്‍ പമ്പവരെയുള്ള പ്രധാന പോയിന്റുകളിലെല്ലാം രാപ്പകല്‍ വ്യത്യാസമില്ലാതെ പോലീസ് ഡ്യൂട്ടിയിലുണ്ടാകുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ അറിയിച്ചു. 27 ലക്ഷം ടിന്‍ അരവണ; രണ്ട് ലക്ഷം കവര്‍ അപ്പം സ്‌റ്റോക്ക്‌ശബരിമല: ശബരിമല ക്ഷേത്രത്തിലെ പ്രധാന പ്രസാദങ്ങളായ അപ്പവും അരവണയും ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് ദേവസ്വം. 27 ലക്ഷം ടിന്‍ അരവണ പ്രസാദവും രണ്ട് ലക്ഷം കവര്‍ അപ്പവും ബഫര്‍ സ്‌റ്റോക്കുണ്ട്. അപ്പവും അരവണയും മുന്‍കരുതലായി ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനും വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.