രാഷ്ട്രീയ സംസ്‌കാരങ്ങളുടെ വ്യത്യാസം പിണറായി തിരിച്ചറിയണം: കുമ്മനം

Sunday 11 December 2016 9:24 pm IST

കൊച്ചി: ഭോപ്പാലിലെ സ്വീകരണ പരിപാടി പ്രതിഷേധം മൂലം ഉപേക്ഷിക്കേണ്ടിവന്ന സംഭവത്തില്‍ ആര്‍എസ്എസിനെയും ബിജെപിയെയും കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. സംസ്‌കാരങ്ങളുടെ വ്യത്യാസമാണ് പ്രതിഷേധത്തിലൂടെ വ്യക്തമാകുന്നതെന്ന പിണറായിയുടെ വാക്കുകള്‍ക്ക് ഉയര്‍ന്ന സാംസ്‌കാരിക ബോധം ഉള്ളതു കൊണ്ടാണ് സംഭവം അറിഞ്ഞപ്പോള്‍ തന്നെ മധ്യപ്രദേശ് മുഖ്യമന്ത്രിയും ഡിജിപിയും അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടതെന്നായിരുന്നു കുമ്മനത്തിന്റെ മറുപടി. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ഏതോ സംഘടന പ്രതിഷേധിക്കാന്‍ ഇടയുണ്ടെന്ന പോലീസ് റിപ്പോര്‍ട്ട് അറിഞ്ഞപ്പോള്‍ പരിപാടി ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തത് പിണറായി വിജയന്‍ തന്നെയാണെന്ന് ഫെയ്സ്ബുക്കില്‍ കുമ്മനം ചൂണ്ടിക്കാട്ടി. പ്രതിഷേധക്കാരെ അനുനയിപ്പിച്ച ശേഷം വീണ്ടും പൊലീസ് ബന്ധപ്പെട്ടെങ്കിലും പരിപാടി ഉപേക്ഷിച്ചു മടങ്ങുകയാണെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. അതിനു ശേഷം ഇത് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കുറ്റമായി ചിത്രീകരിക്കുന്നത് രാഷ്ട്രീയ ധാര്‍മ്മികതയ്ക്ക് ചേര്‍ന്നതല്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ രാഷ്ട്രീയ എതിരാളികളെ കൊന്നു തള്ളുന്ന സിപിഎം ശൈലി മറ്റൊരു സംസ്ഥാനത്തും നിലവിലില്ല. മദ്ധ്യപ്രദേശില്‍ ഉള്ളവരൊക്കെ സംസ്‌കാര ശൂന്യന്‍മാരാണെന്ന തരത്തില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തിയത് കടന്നകയ്യാണ്. പരിപാടി റദ്ദാക്കാനുള്ള തീരുമാനം സ്വയം എടുത്തിനു ശേഷം ഇങ്ങനെ പറയുന്നതിന് ഒരു ന്യായീകരണവുമില്ല. കേരളത്തില്‍ ബിജെപി നേതാക്കള്‍ എത്തിയപ്പോള്‍ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടില്ലെന്ന പിണറായിയുടെ വാക്കുകളെയും കുമ്മനം ചോദ്യം ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി കേരളം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ കരിദിനം ആചരിച്ച് ഹര്‍ത്താല്‍ പ്രതീതി സൃഷ്ടിച്ചത് ആരാണെന്ന് പിണറായി ഓര്‍ക്കണം. അന്ന് അദ്ദേഹത്തിനെ ഫോണില്‍ വിളിച്ച് ക്ഷമാപണം നടത്താനോ അപലപിക്കാനോ ഇവിടുത്തെ ഭരണാധികാരികള്‍ തയ്യാറായില്ല. മാത്രമല്ല ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നരേന്ദ്രമോദിക്ക് ഗോബാക്ക് വിളിക്കുകയും ചെയ്തു. എങ്കിലും മടങ്ങിപ്പോയ ശേഷം മലയാളികളെ ആക്ഷേപിക്കാനോ പരാതിപ്പെടാനോ അദ്ദേഹം തയ്യാറായിട്ടില്ല. ഇതാണ് ശരിക്കും രാഷ്ട്രീയ സംസ്‌കാരങ്ങള്‍ തമ്മിലുള്ള വ്യത്യാസമെന്ന് പിണറായി വിജയന്‍ മനസ്സിലാക്കണമെന്നും കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.