അഗസ്ത വെസ്റ്റ്‌ലാന്റ് അഴിമതി: സോണിയ കുടുങ്ങും

Monday 12 December 2016 4:14 am IST

ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ അഴിമതിയില്‍ സിബിഐ അന്വേഷണം കോണ്‍ഗ്രസ് അധ്യക്ഷ സോണിയയിലേക്ക്. പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ ഓഫീസിനെതിരെ മുന്‍ വ്യോമസേനാ മേധാവി എസ്.പി. ത്യാഗി നല്‍കിയ മൊഴി വിരല്‍ ചൂണ്ടുന്നത് 'സൂപ്പര്‍ പ്രധാനമന്ത്രി'യായിരുന്ന സോണിയയുടെ പങ്ക്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നിബന്ധനകളില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നാണ് ത്യാഗിയുടെ മൊഴി. മന്‍മോഹനാണ് പ്രധാനമന്ത്രിയെങ്കിലും യുപിഎ സര്‍ക്കാരില്‍ അന്തിമ തീരുമാനം സോണിയയുടേതായിരുന്നു. ദേശീയ ഉപദേശക സമിതി രൂപീകരിച്ച് സര്‍ക്കാരിനെ നിയന്ത്രിച്ച സോണിയ മന്‍മോഹനെ 'പാവ പ്രധാനമന്ത്രി'യാക്കി. സോണിയയുടെ അനുവാദത്തിന് ശേഷമാണ് പ്രധാന ഫയലുകളില്‍ മന്‍മോഹന്‍ ഒപ്പിടാറെന്നതും പരസ്യമാണ്. കമ്പനിക്കനുകൂലമായി തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചെന്ന വെളിപ്പെടുത്തല്‍ അതിനാല്‍ മന്‍മോഹനെ നിയന്ത്രിച്ചിരുന്ന കോണ്‍ഗ്രസ് അധ്യക്ഷയെയാണ് പ്രതിക്കൂട്ടിലാക്കുന്നത്. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സോണിയക്കെതിരെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. കമ്പനിക്കെതിരെ ഇറ്റലിയിലുണ്ടായ കേസില്‍ മിലാനിലെ അപ്പീല്‍ കോടതി പുറപ്പെടുവിച്ച വിധിയില്‍ യുപിഎ അധ്യക്ഷ കൂടിയായിരുന്ന സോണിയയെക്കുറിച്ച് പരാമര്‍ശമുണ്ട്. 225 പേജുള്ള വിധിന്യായത്തില്‍ നാല് തവണയാണ് സോണിയ പരാമര്‍ശിക്കപ്പെട്ടത്. വിചാരണക്കിടെ ഇടനിലക്കാരനായ ഗൈഡോ ഹാഷ്‌കെ സോണിയ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞിരുന്നു. സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേല്‍ കോഴ വാങ്ങിയതായും ആരോപണമുണ്ട്. ഇടനിലക്കാരായ ഗൈഡോ ഹാഷ്‌കെ, ക്രിസ്ത്യന്‍ മിഷേല്‍ എന്നിവര്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് കോഴപ്പണം വീതിച്ചു നല്‍കിയത് വ്യക്തമാക്കുന്ന കൈപ്പടയിലെഴുതിയ കുറിപ്പ് ഇറ്റാലിയന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതില്‍ എപി എന്നയാള്‍ മൂന്ന് മില്യണ്‍ കൈപ്പറ്റിയതായി പരാമര്‍ശമുണ്ട്. എപി അഹമ്മദ് പട്ടേലെന്നാണ് ആരോപണം. ഇത് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ചോദിച്ചപ്പോള്‍ നിഷേധിക്കാതെ, അറിയില്ലെന്നായിരുന്നു ഗൈഡോ ഹാഷ്‌കെയുടെ മറുപടി. പട്ടികയില്‍ കുടുംബം എന്ന് പരാമര്‍ശിച്ചത് ത്യാഗിയുടെ കുടുംബമെന്നാണ് ഗൈഡോ മറുപടി നല്‍കിയതെങ്കിലും നെഹ്‌റു കുടുംബമാണെന്നും ആരോപണമുയര്‍ന്നു. 'സോണിയ ഡ്രൈവിങ് ഫോഴ്‌സ്' അഗസ്ത വെസ്റ്റ്‌ലാന്റിന്റെ ഇന്ത്യാ വിഭാഗം തലവന്‍ പീറ്റര്‍ ഹുലെറ്റിന് 2008 മാര്‍ച്ച് 15ന് ഇടനിലക്കാരനായ ക്രിസ്ത്യന്‍ മിഷേല്‍ അയച്ച കത്തില്‍ പ്രേരണാ ശക്തി (ഡ്രൈവിംഗ് ഫോഴ്‌സ്) എന്നാണ് സോണിയയെ വിശേഷിപ്പിക്കുന്നത്. കരാര്‍ ലഭിക്കാന്‍ സോണിയയുടെ അടുപ്പക്കാരായ ഏഴ് കോണ്‍ഗ്രസ് നേതാക്കളെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ വഴി ലക്ഷ്യമിടണമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്. മന്‍മോഹന്‍ സിംഗ്, അഹ്മദ് പട്ടേല്‍, പ്രണബ് മുഖര്‍ജി, എം.വീരപ്പ മൊയ്‌ലി, ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, എം.കെ. നാരായണന്‍, വിനയ് സിംഗ് എന്നീ സോണിയയുടെ അടുപ്പക്കാരെ ഉന്നമിടാനാണ് ആവശ്യപ്പെട്ടത്. പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട കരാറിന് പാര്‍ട്ടി അധ്യക്ഷയെയും അടുപ്പക്കാരെയും വലവീശുന്നത് എന്തിനെന്നാണ് സംശയമുയരുന്നത്. കത്ത് ഇറ്റാലിയന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണിയുടെ മൗനാനുവാദത്തോടെയാണ് കരാര്‍ നടപ്പാക്കിയത്. അഴിമതി നടന്നതായും കോഴപ്പണം ഒഴുകിയതായും കുമ്പസാരിച്ചാണ് ആന്റണി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. മന്‍മോഹനെയും ആന്റണിയെയും ചോദ്യം ചെയ്‌തേക്കും ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്റ് അഴിമതി കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണിയെയും സിബിഐ ചോദ്യം ചെയ്‌തേക്കും. മന്‍മോഹന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായര്‍, ദേശീയ സുരക്ഷാ മുന്‍ ഉദേഷ്ടാവ് എം.കെ. നാരായണന്‍, സിബിഐ മുന്‍ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ, മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ സലിം അലി എന്നിവരെയും ചോദ്യം ചെയ്യുമെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതിനാലാണ് കരാര്‍ നിബന്ധനകളില്‍ മാറ്റം വരുത്തിയതെന്നും ആന്റണിക്ക് എല്ലാം അറിയാമായിരുന്നുവെന്നും അറസ്റ്റിലായ മുന്‍ വ്യോമസേനാ മേധാവി എസ്.പി. ത്യാഗി സിബിഐക്ക് മൊഴി നല്‍കിയ പശ്ചാത്തലത്തിലാണ് നീക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.