തൊഴിലാളികളുടെ കണ്ണീര്‍ കാണാതെ തോമസ് ഐസക്ക്

Monday 12 December 2016 5:01 am IST

ആലപ്പുഴ: സ്വന്തം മണ്ഡലത്തിലെ പാവപ്പെട്ട തൊഴിലാളികളുടെ കണ്ണുനീര്‍ കാണാതെ ധനമന്ത്രി തോമസ് ഐസക്ക്. ഐസക്കിന്റെ പകപോക്കല്‍ കാരണം അടച്ചുപൂട്ടിയ സ്വന്തം മണ്ഡലത്തിലെ കോമളപുരം സ്പിന്നിങ് മില്ലിലെ തൊഴിലാളി ജീവനൊടുക്കാന്‍ ശ്രമിച്ചു. മറ്റു തൊഴിലാളികള്‍ പട്ടിണിയെ അഭിമുഖീകരിക്കുന്നു. മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തികസഹായം നല്‍കാതെയാണ് തോമസ് ഐസക്ക് രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നത്. തൊഴില്‍ നഷ്ടമായ മണ്ണഞ്ചേരി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ പേഴാവള്ളിയില്‍ സുനിലാ (43)ണ് കഴിഞ്ഞദിവസം ആത്മഹത്യശ്രമം നടത്തിയത്. ഇയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പൊതുമേഖലാ സ്ഥാപനമായ കോമളപുരത്തെ സ്പിന്നിങ് ആന്‍ഡ് വീവിങ് മില്ലില്‍ ദിവസങ്ങളായി തുടരുന്ന സ്തംഭനമാണ് ഇതിന് കാരണമായതെന്ന് മറ്റ് തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞദിവസം കൊല്ലത്ത് ലേബര്‍ കമ്മീഷണര്‍ വിളിച്ചുചേര്‍ത്ത യോഗതീരുമാനം എന്തെന്നറിയാന്‍ വീടിനു സമീപത്തുള്ള യൂണിയന്‍ നേതാവിന്റെ വീട്ടില്‍ ചെന്നിരുന്നു. തീരുമാനം അനുകൂലമല്ലെന്ന മറുപടി സുനിലിനെ മാനസികമായി തളര്‍ത്തിയിരുന്നു. തൊഴില്‍ നിഷേധിക്കുകയും സ്ഥാപനം പൂട്ടുകയും ചെയ്തതോടെ തൊഴിലാളികള്‍ സ്പിന്നിങ് മില്ലിന് മുന്നില്‍ സത്യഗ്രഹം നടത്തുകയാണ്. തുച്ഛ വേതനത്തില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് തൊഴില്‍ നിഷേധിച്ചത്. വ്യക്തമായ കാരണങ്ങള്‍ ഒന്നും പറയാതെ ഏകപക്ഷീയമായി ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷന്റെ കീഴിലുള്ള മില്‍ അധികൃതര്‍ പൂട്ടുകയായിരുന്നു. ഒരു ദശാബ്ദത്തിലേറെ പൂട്ടിക്കിടന്ന മില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് ഉദ്ഘാടനം ചെയ്‌തെങ്കിലും പ്രവര്‍ത്തിച്ചില്ല. പിന്നീട് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്താണു തുറന്നത്. 115 തൊഴിലാളികളുമായി പ്രവര്‍ത്തിക്കുന്നതിനിടെ ഒരാഴ്ച മുന്‍പു മില്‍ പൂട്ടുകയായിരുന്നു. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച 10 കോടി രൂപ ഉപയോഗിക്കാതെ കിടക്കുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കോമളപുരം സ്പിന്നിങ് മില്‍ പൂട്ടികിടക്കുന്നതെന്നതാണ് വിരോധാഭാസം. മില്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ 16 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ പ്രാഥമിക ഘട്ടത്തില്‍ നല്‍കിയ ആറു കോടി ഉപയോഗിച്ചാണു മില്‍ തുറന്നു പ്രവര്‍ത്തിച്ചത്. ഭരണാനുമതി ലഭിച്ച 10 കോടി രൂപ ഇനിയും മില്ലിന് നല്‍കിയിട്ടില്ല. ധനമന്ത്രി തോമസ് ഐസക്ക് ബോധപൂര്‍വം ഫണ്ട് അനുവദിക്കാതെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആക്ഷേപം. സ്പിന്നിങ് മില്ലിലെ തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതയാണ് ഇതിന് കാരണം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമിച്ച തൊഴിലാളികളില്‍ ഭൂരിപക്ഷവും എഐടിയുസിക്കാരാണ്. മുന്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത് സ്വന്തക്കാരെ ഇവിടെ നിയമിക്കാന്‍ സിപിഎം ശ്രമം നടത്തിയിരുന്നു. അന്ന് എഐടിയുസിയും ബിഎംഎസും അടക്കമുള്ള തൊഴിലാളി സംഘടനകള്‍ സമരം ചെയ്തും നിയമപോരാട്ടം നടത്തിയുമാണ് സിപിഎം നീക്കം പൊളിച്ചത്. വീണ്ടും അധികാരം ലഭിച്ചപ്പോള്‍ തോമസ് ഐസക്കും, സിപിഎമ്മും ഇവിടുത്തെ തൊഴിലാളികളോട് പകപോക്കുകയാണ്. തൊഴിലാളികളുടെ കണ്ണീരില്‍ ചവിട്ടിനിന്നാണ് കേന്ദ്രസര്‍ക്കാരിനെതിരെ ഐസക്കും കൂട്ടരും യുദ്ധ പ്രഖ്യാപനം നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.