തിരുവനന്തപുരം: റിസര്‍വേഷന്‍ അട്ടിമറിച്ചുവെന്ന് ആരോപിച്ച് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രതിഷേധം. ഇതേത്തുടര്‍ന്ന് കൈരളി തിയേറ്ററിലെ പ്രദര്‍ശനം തടസ്സപ്പെട്ടു. മത്സര വിഭാഗത്തിലെ ക്ലാഷ് എന്ന സിനിമയുടെ മൂന്നാമത്തെയും അവസാനത്തെയും പ്രദര്‍ശനമായിരുന്നു ഇന്ന്.
വലിയതോതില്‍ ആരാധകരെ സൃഷ്ടിച്ച സിനിമയായിരുന്നു ക്ലാഷ്. അതിനാല്‍ വലിയൊരു വിഭാഗം സിനിമ കാണാന്‍ എത്തിയിരുന്നു. രണ്ട് ദിവസം മുന്നേ തന്നെ റിസര്‍വേഷനും തുടങ്ങിയിരുന്നു. എന്നാല്‍ സീറ്റ് റിസര്‍വ് ചെയ്തവര്‍ സിനിമ കാണാന്‍ എത്തിയപ്പോഴേയ്ക്കും തിയേറ്റര്‍ നിറഞ്ഞിരുന്നു. റിസര്‍വേഷന്‍ അട്ടിമറിച്ചുവെന്നായിരുന്നു കാണികളുടെ പരാതി.
അക്കാദമി ചെയര്മാന് കമലും വൈസ് ചെയര്‍മാനും സ്ഥലത്തെത്തി പ്രേക്ഷകരോട് മാപ്പ് പറഞ്ഞിട്ടും പ്രതിഷേധം അടങ്ങിയില്ല. സിനിമ റിസര്‍വേഷന്‍ ചെയ്തവര്‍ക്കായി ഒരിക്കല്‍ കൂടി പ്രദര്‍ശിപ്പിക്കുമെന്ന് കമല്‍ അറിയിച്ചിട്ടുണ്ട്. മേളയില്‍ റിസര്‍വേഷന്‍ സംബന്ധിച്ച് വ്യാപകമായ പരാതിയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: