അന്ധകാരനഴി വടക്കേപാലം നിര്‍മ്മാണം സ്തംഭനത്തില്‍

Tuesday 13 December 2016 10:39 am IST

തുറവൂര്‍: തീരദേശ ജനങ്ങളുടെ യാത്രാ സൗകര്യത്തിന് പ്രയോജനകരമായ അന്ധകാരനാഴി വടക്കേപാലത്തിന്റെ നിര്‍മ്മാണം സ്തംഭനാവസ്ഥയിലായി. ആലപ്പുഴ മുതല്‍ തോപ്പുംപടി വരെയുള്ള തീരദേശ പാതയെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മ്മാണം മന്ദഗതിയിലായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. സുനാമി ഫണ്ട് ഉപയോഗിച്ച് നാല് വര്‍ഷം മുമ്പാണ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം നിര്‍മ്മാണം ആരംഭിച്ചത്. പാലത്തെ ബന്ധിപ്പിക്കുന്ന കോണ്‍ക്രീറ്റ് സ്ലാബിന്റെയും അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. തീരദേശത്തിന്റെ വികസനം ലക്ഷ്യം വച്ചുഗതാഗത സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് ആലപ്പുഴ മുതല്‍ തോപ്പുംപടി വരെയുള്ള പാത സംസ്ഥാന സര്‍ക്കാര്‍ ദേശീയ പാതയായി പ്രഖ്യാപിച്ചത്. ഇതോടെ അന്ധകാരനഴിയില്‍ വടക്കും തെക്കുമായി രണ്ട് പുതിയ പാലം വേണമെന്ന ആവശ്യം ഉയര്‍ന്നത്. നിലവിലുള്ള പാലം ജീര്‍ണാവസ്ഥയിലായതോടെ പുതിയ പാലം നിര്‍മ്മിക്കാന്‍ തിരുമാനമായി നാല് വര്‍ഷം മുമ്പ് തെക്കേപാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. വടക്കേപാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളില്‍ നിന്നും വരുന്ന കെഎസ്ആര്‍ടിസി ബസുകളും അന്ധകാരനഴിയില്‍ ട്രിപ്പ് അവസാനിപ്പിക്കുകയാണ്. യാത്രക്കാരുടെ ആവശ്യപ്രകാരം ഏതാനും സ്വകാര്യബസുകള്‍ മാത്രമാണ് പഴയ പാലത്തിലൂടെ ചെല്ലാനം വഴി തോപ്പുംപടിയില്‍ എത്തുന്നത്. അന്ധകാരനഴി വടക്കേപാലത്തിന്റെ നിര്‍മ്മാണം ഉടനെ പൂര്‍ത്തിയാക്കണമെന്നാവശ്യം ശക്തമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.