പട്ടികജാതിക്കാര്‍ക്കെതിരെയുള്ള പോലീസ് മര്‍ദ്ദനം അവസാനിപ്പിക്കണം: മോര്‍ച്ച

Monday 12 December 2016 8:45 pm IST

ആലപ്പുഴ: കേരളത്തിലെ പട്ടികജാതിക്കാരെ അകാരണമായി മര്‍ദ്ദിക്കുന്ന പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന്‍ ആവശ്യപ്പെട്ടു. മാവേലിക്കര കുറത്തികാട് പോലീസ് സ്റ്റേഷനില്‍ സജന്‍ എന്ന യുവാവിനെയും പോലീസ് അസോസിയേഷന്റെ സംസ്ഥാന നേതാവ് ജോലി ചെയ്യുന്ന പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പത്തൊന്‍പതു വയസ്സുള്ള സൂരജ് എന്ന യുവാവിനെയും പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയും രജിസ്‌ട്രേഷന്‍ പോലും ചെയ്യാത്ത പുതിയ വാഹനം പോലീസ് തല്ലിത്തകര്‍ക്കുകയും ചെയ്തു. കൊല്ലം കുണ്ടറയില്‍ കുഞ്ഞുമോന്‍ എന്ന പട്ടികജാതി യുവാവിനെ ഹെല്‍മറ്റ് വിഷയത്തില്‍ പാതിരാത്രിയില്‍ വീട്ടില്‍ നിന്ന് പോലീസ് വിളിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ചങ്ങനാശ്ശേരി തൃക്കൊടിത്താനം മനോഹരന്റെ മകള്‍ ആതിരയെ കുറ്റ്യാടിയില്‍ ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് അറസ്റ്റു ചെയ്യുകയും പോലീസിന്റെ മോശമായ പെരുമാറ്റത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുകയും ചെയ്തു. ചേര്‍ത്തല വാരനാട് എസ്ബി പുരം കോളനിയില്‍ സന്തോഷിനെ പോലീസിന്റെ സഹായത്തോടെ സിപിഎം ക്വട്ടേഷന്‍ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. ഇതിനെതിരെ ദേശീയ പട്ടികജാതി കമ്മീഷനും ദേശീയ മനുഷ്യാവകാശ കമ്മീഷനും കേസെടുത്ത് നടപടിസ്വീകരിക്കണമെന്ന് അദ്ദേഹം ആവസ്യപ്പെട്ടു. മോര്‍ച്ച ജില്ലാ ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.ബി. ഷാജിഅദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ മുഖ്യപ്രഭാഷണം നടത്തി. പട്ടികജാതി മോര്‍ച്ച ജില്ലാ ജന. സെക്രട്ടറി രമേശ് കൊച്ചുമുറി, വി.പി. സ്വാമിനാഥന്‍, അമ്പലപ്പുഴശിവരാമന്‍, ആര്‍. രാജേഷ്, കെ.ആര്‍. സുരേഷ്, ടി.പി. രാജേഷ് തുടങ്ങിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.