''പലായനം ആഗോള പ്രതിസന്ധി''

Monday 12 December 2016 9:15 pm IST

മലയാള സിനിമകള്‍ ഇഷ്ടപ്പെടുന്ന, കേരളത്തിന്റെ സംസ്‌കാരത്തെയും പ്രകൃതിയെയും ഹൃദയത്തോട് അടുപ്പിച്ചു നിര്‍ത്തുന്ന സംവിധായകനാണ് ശ്യാം ബെനഗല്‍. കേരളത്തിന്റെ 21-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയ അദ്ദേഹം 'ജന്മഭൂമി' ലേഖകന്‍ പ്രശാന്ത് ആര്യയുമായി നടത്തിയ സംഭാഷണം. പലായനമാണല്ലോ ഈ മേളയിലെ മുഖ്യപ്രമേയം. വ്യക്തിപരമായി താങ്കള്‍ ഇതിനെ എങ്ങനെ കാണുന്നു? അഭയാര്‍ഥികളുടെ പലായനം ഇന്ന് ലോകം നേരിടുന്ന വലിയ പ്രതിസന്ധിയാണ്. മധ്യേഷ്യയും പശ്ചിമ ഏഷ്യയും പലായനത്തിന്റെ ഇരയാണ്. മനുഷ്യര്‍ നാടും വീടും ഉപേക്ഷിച്ച് അഭയാര്‍ഥികളാകുന്നത് ദുരന്തപൂര്‍ണമായ അവസ്ഥയാണ്. അഭയാര്‍ഥികള്‍ ആഗ്രഹിക്കുന്നിടത്തേക്ക് കുടിയേറാന്‍ അനുവദിക്കണമെന്ന ആവശ്യം ആരും ഗൗനിക്കുന്നില്ല. ഇത് വലിയ പ്രശ്‌നം സൃഷ്ടിക്കും. ലോകം ഒന്നുചേര്‍ന്ന് ഇത് പരിഹരിക്കാന്‍ മുന്നോട്ടുവന്നാല്‍ പ്രതിസന്ധി തരണം ചെയ്യാം. ഇക്കാര്യത്തില്‍ ഭാരതം നല്ല മാതൃകയാണ്. പാക്കിസ്ഥാനില്‍നിന്ന് വേറിട്ട് സ്വതന്ത്രരാജ്യമാകാന്‍ ബംഗ്ലാദേശ് ശ്രമിച്ചപ്പോള്‍ ഭാരതത്തിലേക്ക് വന്‍ അഭയാര്‍ഥിപ്രവാഹം ഉണ്ടായി. പലായനം ചെയ്ത ലക്ഷക്കണക്കിന് ബംഗ്ലാദേശികള്‍ക്ക് നാം അഭയം നല്‍കി. മറ്റാരും നമ്മെ സഹായിച്ചില്ല. ഏറെക്കാലം കഴിഞ്ഞ് സമാധാനം പുനഃസ്ഥാപിക്കപ്പെട്ടപ്പോഴാണ് അവര്‍ മടങ്ങിയത്. നമ്മളാരോടും പരാതി പറഞ്ഞില്ല. എന്നാല്‍ യൂറോപ്പ് അങ്ങനെയല്ല. യൂറോപ്പുകാര്‍ യൂറോപ്പുകാരല്ലാത്തവരോട് ഒരിക്കലും മൃദുസമീപനം സ്വീകരിക്കില്ല. അവര്‍ യൂറോപ്പിലേക്ക് വരുന്നവരുടെ എണ്ണം എടുക്കുകയാണ്. വര്‍ണവിവേചനം എന്താണെന്നും വര്‍ണവിവേചനം ഇല്ലാതായില്ലെന്നുമാണ് ഇത് വ്യക്തമാക്കുന്നത്. ഇതേക്കുറിച്ച് നാം ഗൗരവകരമായി ചിന്തിക്കണം. തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് ചെറിയതോതിലെങ്കിലും വിവാദമായിട്ടുണ്ട്. താങ്കള്‍ക്ക് എന്താണഭിപ്രായം? തിയേറ്ററുകളില്‍ സിനിമയ്ക്കുമുമ്പ് ദേശീയഗാനം കേള്‍പ്പിക്കുന്നത് വിവാദമാക്കേണ്ടതില്ല. ഞാന്‍ മുംബൈയില്‍ താമസിക്കുന്നയാളാണ്. അവിടെ എല്ലാ തിയേറ്ററുകളിലും സിനിമയ്ക്കുമുമ്പ് ദേശീയഗാനം കേള്‍പ്പിക്കാറുണ്ട്. എല്ലാവരും എഴുന്നേറ്റ് നില്‍ക്കാറുമുണ്ട്. അത് അവിടുത്തെ പ്രേക്ഷകരുടെ ശീലമായി. ആര്‍ക്കും പരാതിയില്ല. രാജ്യം സ്വാതന്ത്ര്യമാകുന്നതിനുമുമ്പ് ഞാന്‍ പഠിച്ച സെക്കന്തരാബാദിലെ മഹ്ബൂബ് സ്‌കൂളില്‍ രാവിലെ ജനഗണമന ആലപിക്കാറുണ്ടായിരുന്നു. മുഴുവന്‍ വിദ്യാര്‍ഥികളും മൈതാനത്ത് പാടിത്തീരും വരെ വരിവരിയായി അച്ചടക്കത്തോടെ നില്‍ക്കും. ആ സ്‌കൂള്‍ നന്നായി ദേശീയവികാരം പ്രകടിപ്പിച്ചിരുന്നു. സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ് ജനഗണമന കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാമെങ്കില്‍ സ്വാതന്ത്രാനന്തരം ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കുന്നതില്‍ എന്താണ് കുഴപ്പം എന്നെനിക്കു മനസിലാകുന്നില്ല. കേരളത്തിലെ ചലച്ചിത്രമേളയെക്കുറിച്ച് എന്താണഭിപ്രായം? വേറിട്ട പ്രേക്ഷകസമൂഹമാണ് കേരള ചലച്ചിത്രമേളയുടെ പ്രത്യേകത. കാണികളുടെ ആവേശമാണിവിടെ. അവേശത്തിന്റെ മഹത്തായ കൊടുക്കല്‍ വാങ്ങല്‍. കേരളം എല്ലാത്തരം സിനിമകളെയും സ്വീകരിക്കുന്നു. സിനിമ ഇവിടെ സജീവമാണ്, വികാരമാണ്. ഈ ആവേശം മറ്റൊരിടത്തും കാണാനാകില്ല. ഒരു പക്ഷേ കൊല്‍ക്കത്തയില്‍ കണ്ടേക്കാം. രണ്ടുമൂന്നു വര്‍ഷമായി ഞാന്‍ മലയാള സിനിമകള്‍ അധികം കണ്ടിട്ടില്ല. എന്നാല്‍ മിക്ക മേളകളിലും പ്രദര്‍ശിപ്പിക്കാറുള്ളതിനാല്‍ അടൂരിന്റെ ചിത്രങ്ങള്‍ കാണാറുണ്ട്. മലയാളത്തിലെ പുതുതലമുറ ചിത്രങ്ങള്‍ അത്ര പരിചിതമല്ല. അവ കാണാന്‍ അവസരം ലഭിക്കാത്തതാണ് കാരണം. മുംബൈയില്‍ പോലും ഇവിടുത്തെ പുതുതലമുറ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാറില്ല. മാത്രമല്ല, സബ്‌ടൈറ്റില്‍ ഇല്ലാതെ മലയാളം ചിത്രം ആസ്വദിക്കാനാകില്ല. പ്രാദേശിക ഭാഷാ ചിത്രങ്ങളുടെ പരിമിതിയാണിത്. സബ്‌ടൈറ്റിലുകള്‍ നന്നായില്ലെങ്കില്‍ സിനിമയുടെ പ്രമേയവും താത്പര്യവും ഒരിക്കലും മനസിലാക്കാനാകില്ല. അതിനാല്‍ സിനിമയുടെ പ്രമേയത്തിന്റെ അര്‍ഥം ചോരാതെ സബ്‌ടൈറ്റിലുകള്‍ ഒരുക്കുന്നത് കലയായി മാറിയിട്ടുണ്ട്. കോള്‍ഡ് ഓഫ് കലണ്ടര്‍ ഞാന്‍ ഈ മേളയില്‍ കാണാനുദ്ദേശിക്കുന്ന സിനിമയാണ്. പുതിയ സംവിധായകരെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു? അവര്‍ക്ക് എന്ത് ഉപദേശമാണ് നല്‍കുക? നോക്കൂ, പുതുതലമുറ സംവിധായകര്‍ക്ക് അവസരങ്ങള്‍ നിരവധിയാണ്. ഞാനും അടൂരും ഒക്കെ സിനിമ ചെയ്തു തുടങ്ങിയ കാലത്ത് ഇതായിരുന്നില്ല സ്ഥിതി. അന്ന് സാങ്കേതികവിദ്യ വലിയ പ്രശ്‌നമായിരുന്നു. ടെലിവിഷന്റെ വരവ് വലിയ മാറ്റങ്ങള്‍ വരുത്തി. വലിയ തിയേറ്ററില്‍ പോയി വലിയ സ്‌ക്രീനില്‍ വലിയ കൂട്ടം പ്രേക്ഷകര്‍ സിനിമ കാണുന്ന പതിവ് കുറഞ്ഞു. ഈ മാറ്റങ്ങള്‍ ആധുനിക സിനിമാനിര്‍മാണത്തെ ശരിക്കും സ്വാധീനിച്ചു. ഇപ്പോള്‍ യൂടുബില്‍ സിനിമകാണുന്ന കാലമാണ്. മാധ്യമം, ഭാഷ എന്നിവ പതുക്കെ പതുക്കെ പരിവര്‍ത്തനത്തിന് വിധേയമാകുകയാണ്. സ്ഥല-സമയ സങ്കല്‍പ്പങ്ങള്‍ ഇന്ന് നിരന്തരം പൊളിച്ചെഴുത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. അതിനാല്‍ പുതുതലമുറയുടെ അനുഭവങ്ങള്‍ ഞങ്ങളുടെതില്‍നിന്ന് വ്യത്യസ്തമാണ്. കാരണം സാങ്കേതികവിദ്യയുടെ വളര്‍ച്ചയാണ്. പുതുതലമുറ സംവിധായകര്‍ക്ക് പ്രത്യേകിച്ച് ഒരു ഉപദേശവും നല്‍കാനില്ല. കാരണം അനുനിമിഷം സിനിമ മാറിക്കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള സാഹചര്യത്തില്‍ ആര്‍ക്ക് എന്തു ഉപദേശം നല്‍കാനാണ്? അതിനെന്ത് പ്രസക്തി? ജീവിതാനുഭവം എല്ലായ്‌പ്പോഴും നിങ്ങളെ സ്വാധീനിക്കും. ചുറ്റുപാടുകള്‍, വായന, കാഴ്ചകള്‍... അങ്ങനെയെല്ലാം. മുഴുവന്‍ ലോകവും നിങ്ങളെ സ്വാധീനിക്കുകയും അത് നിങ്ങളുടെ പ്രവൃത്തിയില്‍ നിഴലിക്കുകയും ചെയ്യും. അടൂര്‍ ഗോപാലകൃഷ്ണനെക്കുറിച്ച്...? അടൂര്‍ സിനിമ സംവിധാനം ചെയ്യാന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ട് തികഞ്ഞു. അദ്ദേഹം രാജ്യത്തെ മികച്ച സംവിധായകരില്‍ ഒരാളാണ്. പരിപൂര്‍ണനായ സംവിധായകനെന്ന് നിസ്സംശയം പറയാം. അദ്ദേഹത്തിന്റെ ഓരോ സിനിമയും മികച്ചതാണ്. മറ്റുള്ളവരില്‍നിന്ന് തികച്ചും വ്യത്യസ്തനാണ് അടൂര്‍. എടുത്ത സിനിമകളുടെ എണ്ണം കുറവാണെങ്കിലും ഒരോന്നും ഒന്നിനൊന്ന് മികച്ചതാണ്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സ്ഥാനത്തേക്ക് ഗജേന്ദ്ര ചൗഹാന്‍ വന്നതിനെക്കുറിച്ച്? വ്യക്തിപരമായി ഗജേന്ദ്ര ചൗഹാനോട് എനിക്ക് വിയോജിപ്പൊന്നുമില്ല. ഒരുപക്ഷേ ചൗഹാന് ഇന്‍സ്റ്റിറ്റ്യൂട്ട് മികച്ച രീതിയില്‍ നടത്താന്‍ കഴിഞ്ഞേക്കും. അദ്ദേഹം അതിന് ശ്രമിക്കുന്നുണ്ടെന്നാണ് കേട്ടത്. പക്ഷേ പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ വരുന്നവര്‍ വെറും കുട്ടികളല്ല. അവര്‍ പ്രായപൂര്‍ത്തിയായവരാണ്. അതിനാല്‍ അവരുടെ അഭിപ്രായങ്ങള്‍ക്ക് സര്‍ക്കാര്‍ വില നല്‍കണം. കേരളത്തെക്കുറിച്ച് അങ്ങേക്ക് എന്താണ് പറയാനുള്ളത്? 'ഞാന്‍ സത്യത്തില്‍ കേരളത്തിന്റെ അയല്‍വാസിയാണ്. മംഗലാപുരം സ്വദേശികളാണ് എന്റെ മാതാപിതാക്കള്‍'. അദ്ദേഹം ചിരിയോടെ പറഞ്ഞു- 'കേരളവും കേരളീയ ഭക്ഷണവുമൊന്നും എനിക്ക് അപരിചിതമല്ല. ഭക്ഷണത്തില്‍ പോലും എന്റെ നാടുമായി കേരളത്തിന് സാമ്യമുണ്ട്. തേങ്ങയുപയോഗിച്ച വിഭവങ്ങളാണ് രണ്ടിടത്തേയും പ്രത്യേകത, എനിക്കിഷ്ടമാണത്'.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.