അയ്മനം വാഴയ്ക്കാമറ്റം കോളനിയില്‍ മാര്‍ക്‌സിസ്റ്റ് തേര്‍വാഴ്ച

Monday 12 December 2016 10:10 pm IST

കോട്ടയം: അയ്മനം പഞ്ചായത്ത് വാഴയ്ക്കാമറ്റം കോളനിയില്‍ മാര്‍ക്‌സിസ്റ്റ് തേര്‍വാഴ്ച. സിപിഎമ്മുകാരുടെ അക്രമത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. വീടുകള്‍ക്കും സ്ത്രീകള്‍ക്കും നേരെയും അതിക്രമം. ഞായറാഴ്ച രാത്രി 8മണിയോടെയാണ് ഹരീഷ്, സതീഷ്, ഷെമീര്‍, രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് അക്രമം അഴിച്ചുവിട്ടത്. അക്രമത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ എസ്എഫ്‌ഐ ജില്ലാ നേതാവ് വിജേഷിന്റെ നേതൃത്വത്തില്‍ മുപ്പതിലേറെ പേരടങ്ങുന്നസംഘം പോലീസിന്റെ സാന്നിധ്യത്തില്‍ വീണ്ടും അക്രമം അഴിച്ചുവിട്ടു. കതിര്‍പ്പാലമാലിയില്‍ അജിമോന്‍(കുട്ടായി 34), അമ്മാവന്‍ കുഞ്ഞുമോന്‍(73)എന്നീ ബിജെപി പ്രവര്‍ത്തകരെയാണ് സിപിഎം അക്രമിസംഘം വീടുകയറി അക്രമിച്ചത്. ഇതിനുപുറമേ വീട്ടുപകരണങ്ങള്‍ കേടുവരുത്തുകയും സ്ത്രീകളടക്കമുള്ളവരെ അക്രമിക്കാനും സിപിഎം സംഘം തയ്യാറായി. പോലീസെത്തിയാണ് പരിക്കേറ്റ അജിമോനെയും അമ്മാവനെയും ആശുപത്രിയില്‍ കൊണ്ടുപോയത്. ആശുപത്രിയില്‍വച്ചും എസ്എഫ്‌ഐ ജില്ലാ നേതാവിന്റെ നേതൃത്വത്തില്‍ ഒരുസംഘമാളുകള്‍ അജിമോനെ മര്‍ദ്ദിച്ചു. ഇതിനെതുടര്‍ന്ന് പോലീസ് ബിജെപി പ്രവര്‍ത്തകരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അയ്മനം വാഴയ്ക്കാമറ്റം ഭാഗത്ത് കഴിഞ്ഞകുറേക്കാലമായി സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയാണ്. കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സമയത്ത് നിരവധി സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ട് ബിജെപിയിലേക്ക് വന്നിരുന്നു. ഭരണത്തിന്റെ മറവില്‍ ബിജെപി പ്രവര്‍ത്തകരെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ ജനകീയ പ്രതിരോധം സൃഷ്ടിക്കുമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.