പുല്ലുമേട് കാനന പാതയിലും തിരക്ക്

Monday 12 December 2016 11:16 pm IST

ശബരിമല: മൂന്ന് അവധിദിനങ്ങള്‍ അടുത്തുവന്നതോടെ വണ്ടിപ്പെരിയാര്‍വഴി കാനനപാതയിലൂടെ എത്തുന്ന ഭക്തരുടെ എണ്ണവും ഏറി. രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരയേ സത്രത്തില്‍നിന്നും ഭക്തരെ കടത്തിവിടുന്നുള്ളു. തുടക്കത്തില്‍ 250-300 പേരാണ് ഈ പാതയിലൂടെ കടന്നുവന്നിരുന്നത്. ഇപ്പോഴത് 5000 കവിഞ്ഞു. 4 മണിക്കൂറോളം വനാന്തരങ്ങളില്‍കൂടി 18 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിക്കുന്ന ഭക്തര്‍ക്ക് കാട്ടിനുള്ളില്‍ കൂട്ടിനുള്ളത് വന്യജീവികള്‍ മാത്രം. വനപാതകളില്‍ ദിശാബോര്‍ഡുകളോ, കുടിവെളളമോ ഇല്ല. മുന്‍കാലത്ത് പാതകളില്‍ കുടിവള്ള വിതരണം ഒരുക്കിയിരുന്നു. മൊബൈല്‍ ഫോണുകള്‍ക്ക് കവറേജില്ല. വനപാലകരുടെ സേവനവും ലഭ്യമല്ല. ഉച്ചയ്ക്ക് 1ന് സത്രത്തില്‍ നിന്ന് പുറപ്പെടുന്ന സംഘം 5 മണിക്ക് പാണ്ടിത്താവളത്ത് എത്തുമെന്നാണ് വനപാലകരുടെ കണക്ക്. എന്നാല്‍ പലരും ആറും എഴും മണിക്കൂറെടുത്താണ് സന്നിധാനത്തെത്തുന്നത്. തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ് തീര്‍ത്ഥാടകര്‍ ഇതുവഴി എത്തുന്നതിലേറെയും. ദാഹജലം പോലും കിട്ടാതെ തീര്‍ത്ഥാടകര്‍ തളര്‍ന്നുവീഴുന്നതും പതിവാണ്. അന്യസംസ്ഥാനക്കാരായതിനാല്‍ കാടിനുളളില്‍ അകപ്പെട്ടാല്‍ പരസ്പരം ആശയവിനിമയം പോലും കഴിയില്ല. പകല്‍ പോലും വന്യമഗങ്ങളെ ഭയന്നുവേണം യാത്ര.പെരിയാര്‍ കടുവാസങ്കേതത്തിന്റെ പരിധിയിലായതിനാല്‍ പ്രദേശം പൂര്‍ണ്ണമായും വനംവകുപ്പിന്റെ അധീനതയിലാണ്. വനംവകുപ്പിന്റെ നിരീക്ഷണം ഇല്ലാതെ ഭക്തരെ യഥേഷ്ടം കടത്തിവിടുബോള്‍ ഇവര്‍ സന്നിധാനത്ത് എത്തുന്നുണ്ടോ എന്നുപോലും ആരും തിരക്കാറില്ല. കാട്ടാനകളും പുലിയും കടുവയും യഥേഷ്ടം വിഹരിക്കുന്ന കൊടും കാട്ടിലൂടെയാണ് ജീവന്‍ പണയംവച്ച് ശരണമന്ത്രങ്ങളുമായി അയ്യപ്പഭക്തര്‍ മലയിറങ്ങി സന്നിധാനത്ത് എത്തുന്നത്. പുല്ലുമേട് ഭാഗത്ത് വൈദ്യുതികരിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാണെങ്കിലും വനംവകുപ്പാണ് തടസ്സം നില്‍ക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.