ആര്‍ബിഐ ഓഫീസറടക്കം എട്ടു പേര്‍ അറസ്റ്റില്‍; കോടികള്‍ പിടിച്ചെടുത്തു

Wednesday 14 December 2016 2:35 am IST

ന്യൂദല്‍ഹി: നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായ പരിശോധന തുടരുന്നു. സിബിഐ റെയ്ഡില്‍ ബെംഗളൂരുവില്‍ ആര്‍ബിഐ ഓഫീസറും ഏഴ് ഇടനിലക്കാരും അറസ്റ്റിലായി. പലയിടങ്ങളില്‍ നിന്ന് കോടികളുടെ കള്ളപ്പണമാണ് ഇന്നലെ പിടിച്ചെടുത്തതത്. ദല്‍ഹിയില്‍ ഒരഭിഭാഷകന്റെ വസതിയില്‍ നിന്ന് 14 കോടി രൂപയാണ് പിടിച്ചത്. കള്ളപ്പണം മാറാന്‍ സഹായിച്ച ആര്‍ബിഐ സീനിയര്‍ സ്‌പെഷ്യല്‍ അസിസ്റ്റന്റ് കെ. മൈക്കിളും രണ്ടു പേരുമാണ് ഇന്നലെ രാവിലെ ബെംഗളൂരുവില്‍ പിടിയിലായത്. ഇവരില്‍ നിന്ന് 16 ലക്ഷത്തിന്റെ പുതിയ നോട്ടുകളും പിടിച്ചെടുത്തു. 1.51 കോടി രൂപയുടെ പഴയ നോട്ട് മാറി പുതിയ നോട്ട് നല്‍കാന്‍ സഹായിച്ചത് മൈക്കിളായിരുന്നു. ബാങ്ക് ഓഫ് മൈസൂറിന്റെ ബെംഗളൂരു ശാഖയില്‍ നിന്ന് കറന്‍സി മാറാന്‍ ശ്രമിക്കുമ്പോഴാണ് ഇയാളും കൂട്ടാളികളും പിടിയിലായത്. ഇയാളെ ആര്‍ബിഐ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ബെംഗളൂരുവില്‍ മറ്റൊരിടത്ത് കള്ളനോട്ട് മാറി നല്‍കുന്ന മാഫിയയിലെ ഏഴു പേരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും പിടിച്ചു. ഈ മാഫിയയില്‍ രണ്ടു കര്‍ണ്ണാടക മന്ത്രിമാരും ചില രാഷ്ട്രീയ നേതാക്കളുമുണ്ടെന്നാണ് സൂചന. അറസ്റ്റിലായ ഏഴ് പേരും ഇടനിലക്കാരാണ്. ഇവരില്‍ ഒരാള്‍ക്ക് കുഴല്‍പ്പണ ഇടപാടുമുണ്ട്. ഇവരില്‍ നിന്ന് പിടിച്ചതെല്ലാം പുതിയ രണ്ടായിരത്തിന്റെ നോട്ടുകളാണ്. കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് 5.7 കോടി രൂപയുടെ കള്ളപ്പണം പിടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് 93 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ പിടിച്ചത്. 15 മുതല്‍ 35 ശതമാനം വരെ കമ്മീഷന്‍ വാങ്ങിയാണ് മാഫിയ പഴയനോട്ടുകള്‍ മാറി നല്‍കിയിരുന്നത്. കുഴല്‍പ്പണ ഇടപാടുകാരന്‍ കെ. വി വീരേന്ദ്രയാണ് അറസ്റ്റിലായവരില്‍ ഒരാള്‍. ഇതുമായി ബന്ധപ്പെട്ട് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, ഐസിഐസിഐ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയ്ക്ക് എതിരെ കേസ് എടുത്തിട്ടുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.