റോഡിന്റെ ഫണ്ട് പിന്‍വലിച്ചു നാട്ടുകാര്‍ പ്രക്ഷോഭത്തിന്

Tuesday 13 December 2016 7:05 pm IST

ചേര്‍ത്തല: റോഡ് നിര്‍മാണത്തിന് അനുവദിച്ച ഫണ്ട് പിന്‍വലിച്ചതിനെതിരെ നാട്ടുകാര്‍ റോഡില്‍ റീത്ത് വെച്ച് പ്രതിഷേധിച്ചു. നഗരസഭ 11 ാം വാര്‍ഡിലെ മാലിച്ചിറ കോളനി റോഡിന്റെ പുനര്‍നിര്‍മാണത്തിനായി ഒന്‍പത് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിനായി എസ്റ്റിമേറ്റ് തയാറാക്കാന്‍ ജില്ലാ കലക്ടര്‍ നഗരസഭ എന്‍ജിനീയറിങ് വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. മാലിച്ചിറ പാലത്തിന് സമീപത്തു നിന്നും പടിഞ്ഞാറോട്ടുള്ള റോഡും ഹൗസിങ് കോളനി റോഡും പൂര്‍ണമായി അറ്റകുറ്റപണി നടത്തുന്നതിന് കളക്ട്രേറ്റില്‍ നിന്ന് എസ്റ്റിമേറ്റിനും, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നിന്ന് നിര്‍മാണ പ്രവര്‍ത്തനത്തിനുള്ള ടെക്‌നിക്കല്‍ അനുമതിയും നേടിയിരുന്നു. ഇതോടൊപ്പം നഗരസഭയിലെ മറ്റ് മൂന്ന് വാര്‍ഡുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ഇ ടെന്‍ഡര്‍ വിളിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് റോഡിന്റെ നിര്‍മാണ അനുമതി പിന്‍വലിച്ചതായുള്ള അറിയിപ്പ് ജില്ലാ പ്ലാനിങ് ഓഫീസില്‍ നിന്ന് ലഭിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. നഗരസഭ അധികൃതര്‍ നടപടികള്‍ വൈകിപ്പിച്ചതാണ് പണം നഷ്ടപ്പെടുന്നതിന് കാരണമായതെന്നാണ് ആക്ഷേപം. ഭരണപക്ഷത്തെ രാഷ്ട്രീയ സ്വാധീനമുള്ള ചിലര്‍ സാമ്പത്തിക നേട്ടം ലക്ഷ്യംവെച്ച് നടത്തിയ നീക്കമാണ് ഇതിനുപിന്നിലെന്നാണ് വിമര്‍ശനം. നഗരസഭ ഫണ്ട് ഉപയോഗിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച റോഡ് പൊട്ടിപ്പൊളിഞ്ഞ് താറുമാറായ നിലയിലാണ്. റോഡ് അറ്റകുറ്റപ്പണികള്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം പ്രത്യക്ഷസമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.