പുതുമകളുമായി ക്രിസ്തുമസ് വിപണികള്‍ ഒരുങ്ങി

Tuesday 13 December 2016 8:49 pm IST

സ്വന്തം ലേഖിക പത്തനംതിട്ട : പുതുമകളുമായി ക്രിസ്മസ്- പുതുവത്സര വിപണി ഒരുങ്ങി. നഗരത്തിലെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും വസ്ത്രവിപണികളിലുമെല്ലാം ദിവസങ്ങളായി തിരക്കാണ്. ആളുകളെ ആകര്‍ഷിക്കുവാന്‍ വ്യാപാര സ്ഥാപനങ്ങളുടെ മുന്‍പില്‍ സാന്താക്ലോസ് രൂപങ്ങളും ക്രിസ്മസ് ട്രീകളും നിരന്ന് കഴിഞ്ഞു. നോട്ടു പിന്‍വലിക്കലുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും ക്രിസ്മസ് വിപണിയെ ബാധിച്ചിട്ടില്ല. വിവിധതരം വര്‍ണ്ണശബളമായ സ്റ്റാറുകള്‍, എല്‍ഇഡി ബള്‍ബുകള്‍, ക്രിസ്മസ് ട്രീകള്‍, പുല്‍ക്കൂടുകള്‍, തോരണങ്ങള്‍, അലങ്കാര വസ്തുക്കള്‍ തുടങ്ങിയവയെല്ലാം വിപണിക്ക് മാറ്റു കൂട്ടുന്നു. വിപണിയില്‍ ഇപ്പോള്‍ താരമായിരിക്കുന്നത് എല്‍ഇഡി സ്റ്റാറുകളാണ്. പലനിറത്തിലുള്ള എല്‍ഇഡി ബള്‍ബുകളാണ് ഇവയില്‍ ഘടിപ്പിച്ചിരിക്കുന്നത്. 300 മുതല്‍ 500 വരെയാണ് ഇത്തരം സ്റ്റാറിന്റെ വില. പ്ലാസ്റ്റിക് സ്റ്റാറുകള്‍ക്കും വിപണിയില്‍ പ്രധാന്യം ഏറുകയാണ്. പേപ്പര്‍ സ്റ്റാറുകളെ പോലെ നിറം മങ്ങുകയോ മഴപെയ്താല്‍ നനഞ്ഞു പോകുമെന്നോ ഇല്ലെന്നതാണ് ഇതിന്റെ പ്രത്യേകത. അതിനാല്‍ ഇത്തരം സ്റ്റാറുകളാണ് ആളുകള്‍ കൂടുതലായി തിരഞ്ഞെടുക്കുന്നത്. തിരക്കേറിയ ജീവിതത്തില്‍ പുല്‍ക്കൂടുകളും, ക്രിസ്മസ് ട്രീകളും നിര്‍മ്മിക്കാന്‍ സമയം ലഭിക്കാത്തവര്‍ക്കായി ചൈനീസ് നിര്‍മ്മിത പുല്‍ക്കൂടുകളും ട്രീകളും വിപണിയില്‍ മുന്‍ വര്‍ഷങ്ങളിലേതെന്നപോലെ എത്തിയിട്ടുണ്ട്. എന്നാല്‍ പലരും ചൈനീസ് ഉല്‍പ്പന്നങ്ങളോട് പഴയ താല്‍പര്യം കാണിക്കുന്നില്ലെന്നും കച്ചവടക്കാര്‍ പറയുന്നു. 500 മുതല്‍ 3000 രൂപ വരെ വില വരുന്ന ക്രിസ്മസ് ട്രീകള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്റാണ്. 250 രൂപ മുതലുള്ള പുല്‍ക്കൂടുകളും ലഭ്യമാണ്. പുല്‍ക്കൂടുകളും, ട്രീകളും അലങ്കരിക്കുന്നതിനുള്ള എല്‍ഇഡി ബള്‍ബുകളും തരംഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. സംഗീതാന്മകമായ് എല്‍ഇഡി ബള്‍ബുകളും ഈവര്‍ഷത്തെ പ്രത്യേകതയാണ്. 100 രൂപ മുതല്‍ 1000 രൂപ വരെയാണ് ഇവയുടെ വില. സാന്താക്ലോസ് വസ്ത്രങ്ങള്‍ക്കും വിപണിയില്‍ പ്രിയം ഏറെയാണ്. 250 രൂപ മുതല്‍ ഇവ ലഭ്യമാണ്. സോഷ്യല്‍ മീഡിയകള്‍ സജീവമായ ഇക്കാലത്ത് ആശംസാ കാര്‍ഡുകള്‍ക്ക് ആവശ്യക്കാര്‍ കുറവാണ്. അതിനാല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനായി സംഗീതവും, ലൈറ്റുകളും നിറച്ച ആശംസാ കാര്‍ഡുകളാണ് ഇക്കുറി വിപണിയില്‍. ക്രിസ്മസും ന്യൂയറും ആഘോഷമാക്കുന്ന സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളിലാണ് കൂടുതല്‍ ആശംസാ കാര്‍ഡുകളുടെ ആവശ്യക്കാര്‍. ആതിനാല്‍ ഇക്കുറിയും അവരിലാണ് വ്യാപാരികള്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. 5 രൂപ മുതല്‍ 500 രൂപ വരെ വിലയുള്ള ആശംസാ കാര്‍ഡുകള്‍ വിപണിയിലുണ്ട്. നഗരത്തില്‍ ക്രിസ്മസ് കേക്കുകളുടെ വിപണിയും സജീവമായി കഴിഞ്ഞിരിക്കുന്നു. നഗരത്തിലെ പ്രധാന ബേക്കറികളെല്ലാം ക്രിസ്മസ് കേക്കുകളുടെ നിര്‍മ്മാണം ആരംഭിച്ചു. ഓരോ ബേക്കറികളും അവരവരുടെ ബ്രാന്‍ഡുകളില്‍ വിവിധയിനം കേക്കുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഇവയ്ക്ക് 100 രൂപ മുതലാണ് വില. പ്ലം, മാര്‍ബിള്‍ കേക്കുകള്‍ക്ക് പുറമെ രുചിയൂറും ബട്ടര്‍ കേക്കുകള്‍, ഫ്രൂട്ട് കേക്കുകള്‍, ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, ചോക്കലേറ്റ് കേക്കുകള്‍ തുടങ്ങിയവയും വിപണിയില്‍ ലഭ്യമാണ്. 100 രൂപ മുതല്‍ 500 രൂപ വരെയാണ് പല കേക്കുകളുടെയും വില. ക്രിസ്മസ് പുതുവല്‍ത്സര ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുവാന്‍ നഗരത്തില്‍ ജംബോ സര്‍ക്കസും എത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.