ഋഷി പുണ്യം

Tuesday 13 December 2016 9:22 pm IST

മക്കളേ, കലിയുഗത്തെപ്പറ്റി ഭാഗവതത്തില്‍ പറഞ്ഞിട്ടുള്ളതെല്ലാം അതുപോലെ നടക്കുന്നില്ലെ? 'തനയനെ ജനകന്‍ തിന്നും, ജനകനെ തനയന്‍ തിന്നും, കാടുകളെല്ലാം വീടുകളാകും, വീടുകളെല്ലാം പീടികയാകും' ഇതുപോലെയല്ലെ ഇന്നോരോന്നും നടക്കുന്നത്? ഋഷീശ്വരന്മാര്‍ ഇലകളും ഫലമൂലങ്ങളും ഭക്ഷിച്ച്, തപസ്സനുഷ്ഠിച്ച് സത്യത്തെ സാക്ഷാത്കരിച്ചു. നമ്മളോ? ആഹാരം കഴിക്കാന്‍ വേണ്ടി മാത്രം ജീവിക്കുന്നു. യുഗങ്ങള്‍ക്ക് മുന്‍പുതന്നെ നമ്മുടെ ഋഷീശ്വരന്മാര്‍ പല കാര്യങ്ങളും കണ്ടുപിടിച്ചിരുന്നു. നാമിന്ന് അതിശയമായി കരുതുന്ന പല കണ്ടുപിടുത്തങ്ങളും അവര്‍ നിസ്സാരമായി കൈകാര്യം ചെയ്തിരുന്നു. ഉദാഹരണത്തിന്, ശാസ്ത്രജ്ഞന്മാര്‍ 'ടെസ്റ്റ്യൂബു ശിശു'വിനെ നിര്‍മിച്ചു. എന്നാല്‍ കൗരവരെ നൂറ്റൊന്നു പേരെയും കുടത്തിനുള്ളില്‍ വച്ചല്ലെ വ്യാസഭഗവാന്‍ സൃഷ്ടിച്ചത്? വെറും മാംസപിണ്ഡത്തിനാണദ്ദേഹം ജീവന്‍ പകര്‍ന്നതെന്നോര്‍ക്കണം! ഇതുമായി തട്ടിച്ചുനോക്കിയാല്‍ ഇന്നത്തെ ടെസ്റ്റ്യൂബ് ശിശു ഒന്നുമല്ല. അതുപോലെ രാമായണത്തില്‍ പുഷ്പകവിമാനത്തെക്കുറിച്ചു പറയുന്നില്ലേ? ഇന്നത്തെ ശാസ്ത്രജ്ഞന്മാര്‍ എന്നാണ് വിമാനം കണ്ടുപിടിച്ചത്? ഇങ്ങനെ എന്തെല്ലാം! ഇന്നത്തെ ശാസ്ത്രജ്ഞന്മാരെയും, അവരുടെ കണ്ടുപിടുത്തങ്ങളെയും അമ്മ നിസ്സാരമാക്കിക്കളയുകയല്ല. തപസ്സുകൊണ്ട് നേടാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന് ചൂണ്ടിക്കാണിക്കാനാണ് അമ്മ ഇങ്ങനെ സൂചിപ്പിക്കുന്നത്. അവര്‍ക്കിതെല്ലാം നിസ്സാരമായിരുന്നു. എന്തും സങ്കല്‍പംകൊണ്ട് സൃഷ്ടിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. പണ്ട് വീടുകള്‍ തമ്മില്‍ വളരെ അകലമുണ്ടായിരുന്നു. ചുറ്റും ധാരാളം ഔഷധച്ചെടികളും നട്ടുപിടിപ്പിച്ചിരുന്നു. വേപ്പ്, അത്തി, ഇത്തി എന്നിങ്ങനെ പലതും. അതില്‍ തട്ടിവരുന്ന കാറ്റിനുതന്നെ ഒരു പ്രത്യേക ഔഷധഗുണമുണ്ട്. ആ വായു അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നു. അന്നത്തെ ജനങ്ങള്‍, സത്യവും ധര്‍മവും കൈവിട്ടിരുന്നില്ല. എന്നാല്‍ ഇന്നെല്ലാം മാറിയിരിക്കുന്നു. വൃക്ഷങ്ങളെല്ലാം വെട്ടിമുറിച്ച് അവിടെയെല്ലാം വീടും പീടികയും പണിയുന്നു. സത്യത്തിനും ധര്‍മത്തിനും വിലയില്ലാതായി. പരസ്പര വിശ്വാസം, സ്‌നേഹം, ആത്മാര്‍ത്ഥത, ക്ഷമ, ത്യാഗം, ഇതൊക്കെ ഉണ്ടോ? മഴയാണെങ്കില്‍ മഴ, വെയിലാണെങ്കില്‍ വെയില്‍. കൃഷി സമയത്ത് വേണ്ടത്ര മഴയില്ലാതെ വിളകള്‍ നശിക്കുന്നു. ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് നമ്മുടെ പൂര്‍വികരായ ഋഷീശ്വരന്മാര്‍ മുന്‍കൂട്ടി പ്രവചിച്ചിട്ടുണ്ട്. അതെല്ലാം അതുപോലെ നടക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.