ഭാഗവതം കഴിഞ്ഞ് ഗീത

Tuesday 13 December 2016 9:24 pm IST

ഗീത കര്‍മ്മക്ഷേത്രമായ കുരുക്ഷേത്രത്തില്‍ വച്ച് പറയപ്പെട്ടതാണ്. 'ക്ഷേത്രേ ക്ഷേത്രേ കര്‍മ്മ കുരു' എന്ന മഹത്തായ സന്ദേശമാണ് ഗീതക്ക് നല്‍കുവാനുള്ളത്. ജീവിതത്തില്‍ നിരന്തരം വിഹിതമായ കര്‍മ്മം അനുഷ്ഠിക്കുക എന്നും ആ കര്‍മ്മം ധര്‍മ്മത്തില്‍ അടിയുറച്ചതായിരിക്കണമെന്നും ആദ്യ ശ്ലോകംതന്നെ പഠിപ്പിക്കുന്നു. കര്‍മ്മം ബ്രഹ്മമാണെന്നും കര്‍മ്മം യജ്ഞമായി അര്‍പ്പിതമാകുമ്പോള്‍ അത് മഴയായി പ്രകൃതിയുടെ നൈരന്തര്യത്തിന് ഹേതുവാകുകയും അതുമൂലം ജന്തുവര്‍ഗങ്ങള്‍ വളരുകയും അതോടെ ലോകം നിലനില്‍ക്കുകയും ചെയ്യുന്നു എന്നു ഗീത പഠിപ്പിക്കുന്നു. അതുകൊണ്ട് ലോകത്തിന്റെ നിലനില്‍പ്പിന് കര്‍മ്മം അനുപേക്ഷണീയമാണ്. ഫലേച്ഛകൂടാതെ നിനക്കു വിധിക്കപ്പെട്ട കര്‍മ്മം അനുഷ്ഠിക്കൂ എന്നാണ് ഭഗവാന്‍ അര്‍ജ്ജുനനെ ഉപദേശിക്കുന്നത്. ഗീത ആത്മോദ്ധാരണത്തിന്റെയും വിവേകത്തിന്റെയും പാഠം പഠിപ്പിക്കുന്നു. കര്‍മ്മത്തില്‍നിന്ന് ആര്‍ക്കും മോചനമില്ല. ഫലേച്ഛകൂടാതെ കര്‍മ്മം ചെയ്ത് ആ കര്‍മ്മത്തെ ഭഗവാനില്‍ അര്‍പ്പിക്കുന്നതാണ് കര്‍മ്മയോഗം. കര്‍മ്മയോഗം, ഭക്തിയോഗം, ജ്ഞാനയോഗം എന്നീ മാര്‍ഗങ്ങളില്‍ക്കൂടി അന്തിമമായി ഒരുവന് ശാശ്വതമായ മോക്ഷം ലഭിക്കുന്നു എന്നും ഭഗവാന്‍ ഗീതയില്‍ക്കൂടി ഉപദേശിക്കുന്നു. ഭഗവദ്ഗീത ത്രിഷട്കങ്ങള്‍ ചേര്‍ന്നതാണെന്ന് ഒരു മതമുണ്ട്. ത്രിഷട്കമെന്നാല്‍ മൂന്ന് ആറുകള്‍ കൂടിയ പതിനെട്ട്. ഗീതയിലെ ആദ്യത്തെ ആറ് അദ്ധ്യായങ്ങള്‍ ഞാന്‍ ആര് എന്നും, രണ്ടാമത്തെ ആറ് അദ്ധ്യായങ്ങള്‍ ഈ ദൃശ്യപ്രപഞ്ചമെന്തെന്നും മൂന്നാമത്തെ ആറ് അദ്ധ്യായങ്ങള്‍ ബ്രഹ്മം എന്തെന്നും വെളിപ്പെടുത്തുന്നു. ബ്രഹ്മത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ അവസാനമാണ്. മനുഷ്യജന്മത്തിന്റെ പ്രയാണവേളയില്‍ കര്‍മ്മത്തിനാണ് ആദ്യത്തെ പ്രാധാന്യം കൊടുത്തിരിക്കുന്നത്. ജീവിതാവസാനം ഒരുവന്‍ വാനപ്രസ്ഥാശ്രമിയായി മുക്തിക്കുവേണ്ടിയുള്ള ഇച്ഛയോടെ കഴിഞ്ഞുകൂടുവാനാഗ്രഹിക്കുന്നു. അപ്പോള്‍ ജീവിതത്തില്‍ കര്‍മ്മങ്ങളെക്കൊണ്ടാര്‍ജ്ജിച്ച സദ്വാസനകളെല്ലാം അയാളെ സാത്വികഭാവത്തിലെത്തിക്കുകയും പെട്ടെന്ന് ഈശ്വരദര്‍ശനം കൈവന്ന് അന്തിമമായി ഏകാഗ്രതകൊണ്ടാര്‍ജ്ജിച്ച ജ്ഞാനത്തിന്റെ സഹായത്തോടെ ബ്രഹ്മസാക്ഷാത്കാരം നേടുകയും ചെയ്യുന്നു. അതുകൊണ്ട് ജീവിതത്തിന്റെ തുടക്കത്തില്‍ ബ്രഹ്മചര്യം എന്ന വിദ്യാഭ്യാസകാലഘട്ടം കഴിച്ചുകൂട്ടി, രണ്ടാമത് യൗവ്വനകാലമത്രയും ധര്‍മ്മത്തിനു വിധേയമായി ഗാര്‍ഹസ്ഥ്യം അനുഷ്ഠിച്ച്, വാര്‍ദ്ധക്യകാലത്താണ് മോക്ഷപ്രാപ്തിക്കുള്ള ശ്രമങ്ങള്‍ ആരംഭിക്കേണ്ടത്. ഭാഗവതം മോക്ഷേച്ഛുക്കള്‍ക്കുള്ളതാണ്. കഴിഞ്ഞ ലക്കം വിചിന്തനം ചെയ്ത അമൃതഗീതയുടെ പ്രസക്തി ഇവിടെയാണ്. യുവാക്കളെല്ലാം അമൃതഗീതയിലെ പന്ഥാവിനെ പിന്തുടര്‍ന്നാല്‍, എല്ലാവരും മോക്ഷേച്ഛുക്കളായി പരിണമിച്ചാല്‍ കര്‍മ്മം അനുഷ്ഠിക്കാന്‍ ആരും കാണുകയില്ല. കര്‍മ്മമില്ലെങ്കില്‍ ലോകം നിശ്ചലമാകുകയും ക്രമേണ നശിക്കുകകയും ചെയ്യും. ഒരു ഗീതോപദേശംകൊണ്ട് അപ്രകാരം വരാന്‍ ഭഗവാന്‍ ഒട്ടും ഇച്ഛിച്ചിട്ടുണ്ടാവുകയില്ല. അതുകൊണ്ട് അമൃതഗീതാനുസരണം വാനപ്രസ്ഥന് മാത്രമായി നീക്കിവയ്ക്കുക. ബാക്കിയുള്ളവരെല്ലാം നിരന്തരം കര്‍മ്മം ചെയ്ത് ലോകോദ്ധാരണം നടത്തുക. അതുകൊണ്ടാണ് ഭഗവാന്‍ ഗീതയില്‍ കര്‍മ്മത്തിന് പ്രാധാന്യം കൊടുത്തത്; അര്‍ജ്ജുനനോട് കര്‍മ്മം ചെയ്യാന്‍ ഉപദേശിച്ചത്. ഈ സന്ദേശം ലക്ഷ്യംവച്ച് നാം ഇക്കാലത്ത് ഓര്‍മ്മവയ്‌ക്കേണ്ട ഒരു മഹത്തായ കാര്യമുണ്ട്. അനേകം സ്ഥലങ്ങളില്‍ മഹാഭാഗവത സപ്താഹങ്ങള്‍ നടത്തിവരുന്നു. ഭാഗവതം അനുവാചകനെ ജ്ഞാനത്തില്‍ക്കൂടി മോക്ഷത്തിലേക്ക് നയിക്കുന്നതാണ്. നിരന്തരം ഭാഗവതം പാരായണം ചെയ്യുന്ന വ്യക്തിക്ക് വൈരാഗ്യം വരികയും അയാള്‍ അമൃതഗീതയില്‍ പരയപ്പെട്ട ക്രമത്തിലുള്ള ജീവിതചര്യകളോടെ നിഷ്‌കര്‍മ്മണ്യതയിലാണ്ട് മോക്ഷം മാത്രം ലക്ഷ്യമിട്ടു കഴിയുന്നവനായി മാറുകയും ചെയ്യും. ലോകം മുഴുവനും അപ്രകാരം തിരിഞ്ഞാല്‍ മുമ്പ് പറഞ്ഞതുപോലെ ലോകത്തിന്റെ ഗതിതന്നെ തടസ്സപ്പെടും. ഇത് കണ്ടുകൊണ്ടാണ് ഭാഗവതാചാര്യന്മാര്‍ ഭാഗവതസപ്താഹയജ്ഞം അവസാനിപ്പിക്കുമ്പോള്‍ ഭഗവദ്ഗീതകൂടി വായിച്ചിട്ടേ അവസാനിപ്പിക്കാവൂ എന്നുള്ള നിഷ്ഠ വച്ചിട്ടുള്ളത്. വൈരാഗ്യത്തില്‍നിന്ന് ഉണര്‍ത്തി ഗീതയില്‍ക്കൂടി കര്‍മ്മോത്സുകതയിലേക്ക് നയിച്ചിട്ടേ ഭാഗവതപാരായണ യജ്ഞവേദിയില്‍നിന്ന് മടങ്ങാവൂ എന്നുള്ള നിഷ്ഠ പാലിക്കപ്പെടേണ്ടതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.