ധവളപത്രം നടപ്പ്‌ സമ്മേളനത്തില്‍

Friday 8 July 2011 10:28 pm IST

തിരുവനന്തപുരം: ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ ധവളപത്രം ഹാജരാക്കുമെന്ന്‌ ധനകാര്യമന്ത്രി കെ.എം.മാണി. ഡോ.തോമസ്‌ ഐസക്കിന്‌ മറുപടി പറയാന്‍ അവസരം കൊടുത്തുകൊണ്ടാകും ധവളപത്രം സഭയില്‍ വയ്ക്കുകയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ ക്ലബില്‍ നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ബജറ്റ്‌ തിരുത്തല്‍ ബജറ്റാണ്‌. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട്‌ തയ്യാറാക്കിയ ബജറ്റില്‍ കഴിഞ്ഞ ബജറ്റിലെ തെറ്റായ പ്രവണതകള്‍ തിരുത്തുകയാണ്‌. അപകടകരമായ ദിശയിലേക്ക്‌ പ്രയാണം ചെയ്ത സാമ്പത്തിക മേഖലയുടെ ഗതി മാറ്റാന്‍ തന്റെ ബജറ്റ്‌ സഹായിക്കും. ട്രെന്‍ഡ്‌ മാറ്റി തിരുത്തുന്ന ബജറ്റാണിത്‌. റവന്യൂ വരുമാനവും മൂലധന ചെലവും വര്‍ധിപ്പിക്കുകയും റവന്യൂ കമ്മിയും ധന കമ്മിയും കുറയ്ക്കുകയും ചെയ്തിട്ടുണ്ട്‌. അടിസ്ഥാന സൗകര്യ വികസനരംഗത്ത്‌ പുതിയ കുതിച്ചു ചാട്ടം ബജറ്റിലൂടെ ഉണ്ടാകും. സേവന മേഖലയിലെ വികസന വളര്‍ച്ചാ നിരക്കനുസരിച്ച്‌ നമ്മുടെ കര്‍ഷികമേഖലയില്‍ വളര്‍ച്ച കൊണ്ടുവരാനായിട്ടില്ല.
ബജറ്റിലൂടെ ഇതിന്‌ മാറ്റം വരും. പണം വയ്ക്കാതെ പ്രഖ്യാപനം നടത്തിയതായിരുന്നു കഴിഞ്ഞ ബജറ്റിന്റെ പോരായ്മ. ഈ ബജറ്റില്‍ പണം വകയിരുത്തിയിട്ടാണ്‌ പ്രഖ്യാപനങ്ങള്‍. തോമസ്‌ ഐസക്‌ അഞ്ചു വര്‍ഷം കോട്ടയം, പാലാ എന്നീ വാക്കുകള്‍ മിണ്ടിയിട്ടില്ല. യുഡിഎഫ്‌ കൊണ്ടു വന്ന മീനച്ചില്‍ നദീതട പദ്ധതി എല്‍ഡിഎഫ്‌ എഴുതിത്തള്ളി. പദ്ധതി വീണ്ടും നടപ്പാക്കും. കോട്ടയം, പാലാ എന്നീ പേരുകള്‍ ഈ ബജറ്റില്‍ കാണാം. അത്‌ മറ്റുള്ളവര്‍ ക്ഷമിച്ചേ പറ്റൂ. തീരദേശ മേഖലകളെ അവഗണിച്ചുവെന്നത്‌ ശരിയല്ല. തീരദേശ അതോറിറ്റി ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്നത്‌ യുഡിഎഫ്‌ സര്‍ക്കാരാണ്‌. നിയമനിര്‍മാണം നടത്താന്‍ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ തയ്യാറായില്ല. തീരദേശ അതോറിറ്റിക്കായി നിയമനിര്‍മാണം നടത്തും. എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും ഒരു രൂപയ്ക്ക്‌ അരി നല്‍കും.
സംഖ്യയില്‍ കാര്യമില്ല. റോഡുകളെ വികസനത്തില്‍ നിന്നൊഴിവാക്കിയെന്ന ചില എംഎല്‍എ മാരുടെ പ്രസ്താവനയില്‍ കഴമ്പില്ല. എല്ലാ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന റോഡുകള്‍ക്കാണ്‌ 200 കോടി മാറ്റി വച്ചിട്ടുള്ളത്‌. പെന്‍ഷന്‍ പ്രായം സംബന്ധിച്ച പ്രഖ്യാപനം മാറ്റി വച്ചതാണ്‌. സമവായം ഉണ്ടാക്കിയിട്ടു മാത്രമേ ചെയ്യൂ. പ്രതിപക്ഷം രാഷ്ട്രീയമില്ലാതെ തുറന്ന മനസോടെ ചര്‍ച്ച ചെയ്താല്‍ അത്‌ ആലോചിക്കുമെന്നും കെ.എം.മാണി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.