ദേശീയഗാന വിവാദം: പ്രതികരണങ്ങള്‍

Tuesday 13 December 2016 11:27 pm IST

സുപ്രീംകോടതി വിധി മാനിക്കണമെന്ന് കോടിയേരി കോട്ടയം: ദേശീയഗാനം സംബന്ധിച്ച സുപ്രീംകോടതി വിധി മാനിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിധി നടപ്പാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുണ്ട്. വിധി അനുസരിക്കാവുന്നവര്‍ മാത്രം തിയറ്ററില്‍ പോയാല്‍ മതി. അല്ലെങ്കില്‍ ദേശീയ ഗാനം പാടിയതിനു ശേഷം കയറിയാല്‍ മതിയെന്നു വയ്ക്കണം. സഹകരണ പ്രതിസന്ധിയില്‍ സംയുക്ത സമരത്തിന് തുരങ്കം വച്ചത് വി.എം സുധീരനാണ്. ഒരുമിച്ചു സമരം ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നെന്നും കോടിയേരി പറഞ്ഞു. കര്‍ശന നടപടി വേണം ഉഴവൂര്‍ വിജയന്‍ തിരുവനന്തപുരം: ദേശീയഗാനത്തോട് അനാദരവ് കാണിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു. സിനിമ തുടങ്ങും മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന് സുപ്രിംകോടതിയുടെ ഉത്തരവ് സ്വാഗതാര്‍ഹമാണ്. ഈ ഉത്തരവിനെ അവഗണിച്ച് ദേശീയഗാനത്തെ അംഗീകരിക്കാത്തവര്‍ രാജ്യത്തോട് കൂറുപുലര്‍ത്താത്തവരാണെന്നും ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉഴവൂര്‍ വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു. കമലിന്റെ വീടിനു മുന്നില്‍ ദേശീയ ഗാനം ആലപിക്കും തൃശൂര്‍: സിനിമാപ്രദര്‍ശനത്തിന് മുമ്പ് ദേശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധിക്കെതിരെയുള്ള സംവിധായകന്‍ കമലിന്റെ നിലപാടില്‍ പ്രതിഷേധം ശക്തം. കമലിന്റെ കൊടുങ്ങല്ലൂരിലെ വീടിന് മുന്നില്‍ ഇന്ന് ദേശീയഗാനം ആലപിക്കുമെന്ന് ബിജെപി അറിയിച്ചു. കമല്‍ രക്ഷാധികാരിയായ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി കഴിഞ്ഞദിവസം സുപ്രീംകോടതി വിധിക്കെതിരെ രംഗത്തുവന്നു. ഈ നിര്‍ദ്ദേശം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കുമെന്നും ഫിലിം സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചിരുന്നു. ദേശീയഗാനം സിനിമാപ്രദര്‍ശനത്തിന് മുമ്പ് ആവശ്യമില്ലെന്ന നിലപാടിലാണ് കമലടക്കമുള്ള ഫിലിം സൊസൈറ്റി ഭാരവാഹികള്‍. അതേസമയം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ തിരുവനന്തപുരത്ത് ചലച്ചിത്രമേളക്കിടെ ദേശീയഗാനത്തെ അപമാനിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകാഞ്ഞതിലും പ്രതിഷേധമുണ്ട്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവാക്കി നടത്തുന്ന ചലച്ചിത്രമേളയില്‍ ഭരണഘടനയേയും ദേശീയഗാനത്തേയും സുപ്രീംകോടതിയേയും അപമാനിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നാണ് വിമര്‍ശനം ഉയരുന്നത്. ഇക്കാര്യങ്ങള്‍ കണ്ടിട്ടും കമല്‍ അക്കാദമി അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ഇതിന് മൗനാനുവാദം നല്‍കുകയായിരുന്നു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഡിജിപിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കുറ്റക്കാര്‍ക്കെതിരെ പോലീസ് നടപടിയെടുത്തത്. കമലിന്റെ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ടാണ് ബിജെപി ഇന്ന് വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നത്. അനാദരവ് കാട്ടുന്നവര്‍ക്കെതിരെ നടപടി: ഡിജിപി തിരുവനന്തപുരം: ദേശീയഗാനത്തോട് അനാദരവ് കാട്ടുന്നവര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കാനാവില്ലെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. ഇപ്പോള്‍ സുപ്രീംകോടതി കൂടി വ്യക്തിമാക്കിയതിനാല്‍ ഉത്തരവ് അനുസരിക്കാത്തവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ വേണ്ടിവരും. കഴിഞ്ഞ ദിവസം ഫിലിം ഫെസ്റ്റിവലില്‍ ചിലര്‍ എഴുന്നേല്‍ക്കാത്തതുമൂലം സംഘര്‍ഷാവസ്ഥയുണ്ടായി. ഇതേത്തുടര്‍ന്നാണ് പോലീസ് നടപടിയുണ്ടായത്. തീയേറ്ററുകള്‍ക്കുള്ളില്‍ പ്രത്യേക പരിശോധനകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ല. ഫിലിം ഫെസ്റ്റിവലില്‍ ദേശീയ ഗാനസമയത്ത് എഴുന്നേള്‍ക്കണമെന്ന് അനൗണ്‍സ് ചെയ്യാമെന്ന് അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചിട്ടുണ്ട്. ദേശീയ ഗാനത്തോട് എല്ലാവരും ആദരവ് പുലര്‍ത്തണം. അത് ദേശീയതയുടെയും രാജ്യസ്‌നേഹത്തിന്റെയും വിഷയമാണ്. ഓരോരുത്തരും സ്വയം ചിന്തിക്കേണ്ടതാണെന്നും ഡിജിപി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.