യുവാവിനെ വധിക്കാന്‍ ശ്രമം: ഭാര്യാപിതാവ് അറസ്റ്റില്‍

Wednesday 14 December 2016 2:04 am IST

യുവാവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായവര്‍

ചാരുംമൂട്: അന്യമതസ്ഥയായ യുവതിയെ വിവാഹം കഴിച്ച യുവാവിനെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ച യുവതിയുടെ അച്ഛന്‍ ഉള്‍പ്പെടെ ഏഴുപേര്‍ പിടിയില്‍. നാലുപേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് മാവേലിക്കര സിഐ പി. ശ്രീകുമാര്‍ പറഞ്ഞു. സ്വകാര്യ ബസ് ഡ്രൈവറായ നൂറനാട് പടനിലം നടുവിലേമുറി നീറ്റിയ്ക്കല്‍ പടിഞ്ഞാറ്റേപ്പുരയില്‍ ദേവരാജന്റെ മകന്‍ രഞ്ജിത്തിനെ(23)യാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന നൂറനാട് നെടുകുളഞ്ഞിമുറി ലക്ഷ്മി ഭവനത്തില്‍ രാമകൃഷ്ണപിള്ളയുടെ മകന്‍ അജീഷ് (34)നും പരിക്കേറ്റു. അജീഷിന്റെ പരിക്ക് ഗുരുതരമാണ്.

രണ്ടാഴ്ച മുന്‍പായിരുന്നു ആദിക്കാട്ടുകുളങ്ങര സ്വദേശിനിയുമായി രഞ്ജിത്തിന്റെ പ്രേമവിവാഹം. യുവതിയുടെ വീട്ടുകാര്‍ക്ക് വലിയ എതിര്‍പ്പായിരുന്നു. തുടര്‍ന്ന് രഞ്ജിത്തിന് നേരെ വധഭീഷണി ഉണ്ടായിരുന്നു. നൂറനാട് പാറ ജങ്ഷന്‍ – ഇടപ്പോണ്‍ റോഡില്‍ മുതുകാട്ടുകര എന്‍എസ്എസ് കരയോഗം ജങ്ഷനു സമീപം ശനിയാഴ്ച രാത്രിയിലായിരുന്നു കൊലപാതകശ്രമം. രഞ്ജിത്ത് ജോലിയ്ക്ക് ശേഷം അജീഷിനൊപ്പം വീട്ടിലേക്ക് വരുമ്പോള്‍ പിന്നാലെ എത്തിയ ഇന്നോവ കാര്‍ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇന്നോവ കാറിന്റെ നമ്പര്‍ രഞ്ജിത്ത് പോലീസിന് കൈമാറിയിരുന്നു. ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കൊലപാതശ്രമത്തിന്റെ ചുരുള്‍ അഴിഞ്ഞത്.

യുവതിയുടെ അച്ഛന്‍ ആദിക്കാട്ടുകുളങ്ങര തയ്യില്‍ ഷെയ്ക്ക് മൊയ്തീന്‍ മകന്‍ സലീം (53), ആദിക്കാട്ടുകുളങ്ങര തയ്യില്‍ ഷേയ്ക്ക് മൊയ്തീന്‍ റാവുത്തര്‍ മകന്‍ ഷാജി (43), പള്ളിക്കല്‍ പഴകുളം പടിഞ്ഞാറുമുറി എംബ്രയില്‍ തെക്കേതില്‍ ഷാജഹാന്‍ മകന്‍ ഷെഫീഖ് (25), പഴകുളം തടത്തില്‍ കിഴക്കേതില്‍ ജമാല്‍ മകന്‍ ഷാനവാസ്(25), പഴകുളം പടിഞ്ഞാറുമുറി എംബ്രയില്‍ തെക്കേതില്‍ ഷാഹുല്‍ ഹമാദ് മകന്‍ അന്‍ഫല്‍ (21), ആദിക്കാട്ടുകുളങ്ങര ഹനീഫാ ഭവനത്തില്‍ ഷെയ്ക്ക് മൈതീന്‍ മകന്‍ റംജു (38), പഴകുളം പടിഞ്ഞാറുമുറി ചരുവ്കാലപുരയിടത്തില്‍ ഹസ്സന്‍ കുട്ടി മകന്‍ അന്‍ഷാദ് (21) എന്നിവരാണ് അറസ്റ്റിലായത്. പിടികൂടാനുള്ളവരെല്ലാം ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവരാണെന്നും ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും സിഐ പറഞ്ഞു.

നൂറനാട് എസ്‌ഐ വി. ബിജു, എഎസ്‌ഐ രാജേന്ദ്രന്‍പിള്ള, സിപിഒമാരായ രവീന്ദ്രദാസ്, ഉണ്ണികൃഷ്ണപിള്ള, രാഹുല്‍, സമദ്, രജീന്ദ്രദാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.