ന്യൂദല്‍ഹി: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന്റെ ദുരുഹത നീക്കാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ജയലളിതയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് കണ്ടെത്തണമെന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള ഒരു സന്നദ്ധ സംഘടന നല്കിയ ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. ഇതേക്കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ പൊതുജനങ്ങള്‍ക്ക് താത്പര്യമുണ്ട്. ഒരു സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിച്ചാലേ സത്യാവസ്ഥ പുറത്ത് വരൂ. അതിനാല്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ജയലളിതയുടെ ആരോഗ്യസ്ഥിതിയെപ്പറ്റിയുള്ള പല റിപ്പോര്‍ട്ടുകളും അപ്രത്യക്ഷമായിരിക്കുകയാണ്. ഇത് മുഴുവന്‍ കണ്ടെത്തണമെങ്കില്‍ സിബിഐയെപ്പോലുള്ള ഏജന്‍സിക്ക് മാത്രമേ കഴിയൂവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ക്രിസ്മസ് അവധിക്കായി സുപ്രീംകോടതി വ്യാഴാഴ്ച അടയ്ക്കും. അതിനാല്‍ അവധിക്കാലം കഴിഞ്ഞതിന് ശേഷം മാത്രമേ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: