ദേശീയഗാനവും സിനിമയും

Wednesday 14 December 2016 11:42 pm IST

ദേശീയഗാനാലാപനത്തിനുശേഷമേ തിയറ്റുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളൂ എന്നത് സുപ്രീംകോടതിയുടെ നിര്‍ദ്ദേശമാണ്. ഇതിനെ ബഹുഭൂരിപക്ഷം ഭാരതീയരും ആവേശത്തോടുകൂടിതന്നെയാണ് സ്വീകരിച്ചത്. ജനഗണമന ദേശീയഗാനമായി അംഗീകരിച്ചശേഷം നാടെങ്ങുമുള്ള സിനിമാശാലകളില്‍ ദേശീയപതാകയോടൊപ്പം ദേശീയഗാന പ്രദര്‍ശനവും പതിവായിരുന്നു. ഏതാനുംവര്‍ഷം മുന്‍പുവരെ ഈ പതിവ് കേരളത്തിലും തുടര്‍ന്നു. വേണ്ടത്ര ആദരവ് നല്‍കാന്‍ കാണികള്‍ തയ്യാറാകുന്നില്ല എന്ന കാരണം പറഞ്ഞ് അത് നിര്‍ത്തിവച്ചു. എന്നാല്‍ രാജ്യത്തിന്റെ ബഹുഭൂരിപക്ഷം ഭാഗങ്ങളിലും അത് മുടക്കമില്ലാതെ തുടരുന്നുമുണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേള സംഘാടകര്‍ക്ക് എല്ലാതവണയും ദേശീയഗാനം വേണോ എന്ന സംശയം അങ്കുരിച്ചു. ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍ തന്റെ ആശങ്ക വാര്‍ത്താസമ്മേളനം നടത്തി പ്രകടിപ്പിക്കുകയും ചെയ്തു. സുപ്രീംകോടതിയില്‍ ഇളവ് തേടിചെന്നപ്പോള്‍ സുപ്രീംകോടതി ഒന്നുകൂടി വ്യക്തമാക്കി; എല്ലാ സിനിമാപ്രദര്‍ശനത്തിന് മുന്‍പും ദേശീയഗാനം നിര്‍ബന്ധമാണ്. വിദേശികളും മേളയിലുണ്ട് എന്നായിരുന്നു സംഘടാകരുടെ സങ്കടം. വിദേശികള്‍ 20 തവണ ചൊല്ലട്ടെ എന്നായിരുന്നു സുപ്രീംകോടതിയുടെ കമന്റ്. ദേശീയഗാനം മേളയില്‍ നിര്‍ബന്ധമാക്കി. എന്നാല്‍ ചിലര്‍ക്കത് സ്വീകാര്യമായില്ല. മേളയുടെ ആദ്യംദിവസംതന്നെ ഏതാനും ചിലര്‍ ദേശീയഗാനം ആലപിക്കവെ അനാദരവ് കാട്ടി. അത് വാര്‍ത്തയായി, പ്രതിഷേധമായി. തുടര്‍ന്ന് പോലീസ് നടപടി സ്വീകരിച്ചു. ആറുപേരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. പിന്നീട് തിയറ്ററില്‍ എഴുന്നേറ്റ് നില്‍ക്കുന്നുണ്ടെങ്കിലും തിയറ്ററുകള്‍ക്ക് പുറത്ത് പ്ലക്കാര്‍ഡുകളും പിടിച്ച് മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. മുദ്രാവാക്യം വിളിക്കുന്ന നാവുകൊണ്ട് ദേശീയഗാനം പാടാനോ പാടുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാനോ തയ്യാറാകാത്തവര്‍ ഭാരത പൗരന്മാര്‍തന്നെയാണെന്നതാണ് വിചിത്രം. എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം നമ്മുടെ രാജ്യത്ത് നില്‍ക്കുന്നത് ഇവിടെ നിലനില്‍ക്കുന്ന ഭരണഘടനയും സമ്പന്നമായ ദേശീയതയുമുള്ളതുകൊണ്ടാണ്. അതിനെ അനാദരിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് സ്വയം ശവക്കുഴിതോണ്ടലാണ്. ഒരു രാജ്യവും ദേശീയഗാനത്തെയോ പതാകയേയോ അനാദരിക്കാന്‍ അനുവദിക്കുന്നില്ല. പിന്നല്ലെ സിനിമാക്കാര്‍. ഉത്തര്‍പ്രദേശില്‍ അല്‍പനാള്‍ മുമ്പാണ് ദേശീയഗാനം വിലക്കിയ സ്‌കൂള്‍ അടച്ചുപൂട്ടിയത്. മാനേജരെ അറസ്റ്റ് ചെയ്തു. ദേശീയഗാനത്തിനെതിരായ മാനേജരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഒന്‍പത് അദ്ധ്യാപകര്‍ രാജി നല്‍കിയിരുന്നു. മമതാ ബാനര്‍ജിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ജനഗണമന പാടിയപ്പോള്‍ ടെലഫോണില്‍ സംസാരിച്ച മുന്‍ കേന്ദ്രമന്ത്രി ഫറൂഖ് അബ്ദുള്ള രാഷ്ട്രത്തോട് മാപ്പ് പറഞ്ഞ് നിയമനടപടിയില്‍നിന്ന് രക്ഷപ്പെടുകയായിരുന്നല്ലൊ. മതത്തിന്റെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും ചിലര്‍ ദേശീയഗാനത്തെ ആക്ഷേപിക്കുമ്പോള്‍ മഹാഭൂരിപക്ഷവും ദേശീയഗാനത്തെ നല്ല രീതിയിലാണ് സ്വീകരിക്കുന്നത്. സിനിമ ആരംഭിക്കും മുന്‍പ് സ്‌ക്രീനില്‍ ദേശീയ പതാക കാണിക്കണമെന്നും ദേശീയ ഗാനാലാപന സമയത്ത് എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നുമാണ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബഞ്ച് നിര്‍ദ്ദേശിച്ചത്. ഭരണഘടനയുടെ 51എ വകുപ്പ് അനുസരിച്ച് ദേശീയഗാനത്തിനും ദേശീയ പതാകയ്ക്കും ബഹുമാനം നല്‍കുക പൗരന്റെ കടമയാണ്. അവകാശത്തെക്കുറിച്ചല്ലാതെ കടമ ബാധകമല്ലെന്നാണ് ചിലരുടെ വിചാരം. സമൂഹത്തില്‍ പൗരന് എന്താണ് രാജ്യസ്‌നേഹം എന്നോ, ആരാണ് രാജ്യസ്‌നേഹി എന്നോ അറിയുകപോലുമില്ലെന്ന അവസ്ഥ വന്നുകൂടാ. 52 സെക്കന്റുമാത്രമാണ് ദേശീയഗാനാലാപനത്തിന് വേണ്ടത്. ദേശീയഗാനം ദൈര്‍ഘ്യം കുറച്ച് പരസ്യങ്ങളില്‍ ഉപയോഗിക്കരുതെന്നും വസ്തുക്കളില്‍ അച്ചടിക്കരുതെന്നും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശിക്കുമ്പോഴാണ് ദേശീയഗാനത്തിനും പതാകയ്ക്കും ബഹുമാനം നല്‍കണമെന്നും ദേശീയ വികാരം പൗരന്റെ കടമയാണെന്നും പരമോന്നത നീതിപീഠം ചൂണ്ടിക്കാണിച്ചത്. ഈ ബോധം നമ്മുടെ മനസ്സില്‍ ഉറപ്പിക്കാന്‍ വ്യത്യസ്ത കാഴ്ചപ്പാടോ, വ്യത്യസ്ത സംഘടനയോ തടസ്സമാകരുത്. ഭാരതത്തിന്റെ പൗരാണികവും ആധുനികവുമായ സംസ്‌കാരവും ചരിത്രവും ഐക്യവും അഖണ്ഡതയുമൊക്കെയാണ് ദേശീയഗാനം പാടിത്തീരുമ്പോള്‍ നാം ഓര്‍ക്കുക. ദേശീയ പതാക സിനിമ തിയേറ്ററുകളില്‍ ഉയരുമ്പോള്‍ ഓരോ പ്രേക്ഷകനും മനസ്സുകൊണ്ട് അതിനെ വന്ദിക്കും. അത് കൂട്ടായ്മയുടെ പ്രതീകമാണെന്ന് തിരിച്ചറിയുകയും ചെയ്യും. സിനിമയായാലും നാടകമായാലും മറ്റേത് കലാപരിപാടികളായാലും ദേശീയബോധം വളര്‍ത്താന്‍ ഉതകുന്നതാകണം. നിര്‍ഭാഗ്യവശാല്‍ ദേശീയം എന്ന് പറയുന്നത് എന്തോ വലിയൊരു അപവാദമായാണ് ചില കലാകാരന്മാര്‍ കരുതുന്നത്. ദേശമുണ്ടെങ്കിലേ സിനിമയുള്ളൂ. നമ്മുടെ ദേശീയഗാനം ആലപിച്ചാല്‍ വിദേശികള്‍ക്കെന്തുതോന്നും എന്ന ചിന്തതന്നെ അടിമ മനോഭാവമാണ്. ത്രിവര്‍ണപതാകയും ദേശീയഗാനവും ദേശീയ ഗീതമായ വന്ദേമാതരവും ഉയര്‍ത്തികാട്ടിയാണ് സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയത്. സ്വാതന്ത്ര്യസമരത്തിന്റെ കുത്തക അവകാശപ്പെടുന്ന കോണ്‍ഗ്രസ് പണ്ടേ വന്ദേമാതരം ഉപേക്ഷിച്ചു. വര്‍ഗീയപ്രീണനത്തിന്റെ ഭാഗമാണത്. മെല്ലെ മെല്ലെ ദേശീയഗാനവും ഉപേക്ഷിക്കുന്ന സ്ഥിരിവരണമെന്നാണ് ചിലര്‍ ആഗ്രഹിക്കുന്നത്. ഇന്ന് വന്ദേമാതരം കേള്‍ക്കുന്നത് ബിജെപി, ആര്‍എസ്എസ് തുടങ്ങിയ സംഘടനകളുടെ ചടങ്ങുകളിലാണ്. ഈ പ്രസ്ഥാനങ്ങള്‍ ഉള്ളിടത്തോളം ദേശീയഗാനവും നിലനില്‍ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.