ഗാര്‍ഹിക തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ 3000 രൂപയാക്കണം: ബിഎംഎസ്

Wednesday 14 December 2016 8:58 pm IST

കേരള പ്രദേശ് ഗാര്‍ഹിക മസ്ദൂര്‍ സംഘിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ തിരുവനന്തപുരത്ത് ഗാര്‍ഹിക തൊഴിലാളി ക്ഷേമ ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസിലേക്കു നടത്തിയ മാര്‍ച്ചും ധര്‍ണയും ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: ഗാര്‍ഹികതൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ 3000 രൂപയാക്കി വര്‍ധിപ്പിക്കണമെന്ന് ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ ശിവജി സുദര്‍ശന്‍ ആവശ്യപ്പെട്ടു. നഷ്ടത്തിന്റെ പേരില്‍ വന്‍വ്യവസായങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന, ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ തൊഴിലെടുക്കുന്ന ഗാര്‍ഹിക തൊഴില്‍ മേഖലയെ അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള പ്രദേശ് ഗാര്‍ഹിക മസ്ദൂര്‍ സംഘിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ഗാര്‍ഹിക തൊഴിലാളി ക്ഷേമ ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസിലേക്കു നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സര്‍ക്കാരുകള്‍ മെച്ചപ്പെട്ട ആനുകൂല്യങ്ങളാണ് നല്‍കുന്നത്.

എന്നാല്‍ തൊഴിലാളി പാര്‍ട്ടിയെന്ന് അഭിമാനിക്കുന്ന സിപിഎമ്മിന്റെ നേതൃത്വത്തില്‍ കേരളം ഭരിക്കുന്ന ഇടതുസര്‍ക്കാര്‍ സംസ്ഥാനത്തെ ഗാര്‍ഹിക തൊഴിലാളികളെ തിരിഞ്ഞുനോക്കുന്നില്ല. അവരെ ശത്രുക്കളെ പോലെയാണ് കരുതുന്നത്.

ഗാര്‍ഹിക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിരുന്ന 3000ത്തിലധികം പേരാണ് കഴിഞ്ഞവര്‍ഷം പെന്‍ഷനായത്. എന്നാല്‍ പുതുതായി രജിസ്‌ട്രേഷന്‍ നടക്കുന്നില്ല. അയല്‍ സംസ്ഥാനങ്ങളില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 1,500 രൂപ പെന്‍ഷന്‍ നല്‍കുമ്പോള്‍ ഇവിടെ ആയിരം രൂപയാക്കിയെങ്കിലും സമയത്തിന് വിതരണം ചെയ്യുന്നില്ല. ഈ ബോര്‍ഡ് ചിലര്‍ക്ക് ചെയര്‍മാനാകാന്‍ വേണ്ടിമാത്രം നിലനിര്‍ത്തിയിരിക്കുകയാണ്. ആ നിലപാടിനെ ബിഎംഎസ് ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഗാര്‍ഹികതൊഴിലാളികളുടെ അംഗത്വ രജിസ്‌ട്രേഷന്‍ ഉടന്‍ പുനഃരാരംഭിക്കുക, അംശാദായ തുക വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം പിന്‍വലിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ച് പുനഃസ്ഥാപിക്കുക, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ ആനുകൂല്യം ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു.

ഗാര്‍ഹിക മസ്ദൂര്‍ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എസ്. രഘുനാഥന്‍ ആധ്യക്ഷ്യം വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. വിജയന്‍, നേതാക്കളായ ഡി കുഞ്ഞുമോന്‍, സതി ഹരിദാസ്, കെ.എസ്. നസിയ, ശ്രീകുമാര്‍, അജയന്‍, ജ്യോതിഷ്‌കുമാര്‍, വിനോദ്, രമാദേവി, ലാലപ്പന്‍, തങ്കച്ചി, ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.