ബി ടെക് പരീക്ഷ വീണ്ടും തടസപ്പെട്ടു

Wednesday 14 December 2016 9:19 pm IST

തിരുവനന്തപുരം: അബ്ദുള്‍കലാം സാങ്കേതിക സര്‍വ്വകലാശാലയുടെ കീഴില്‍ നടത്തിവരുന്ന ബിടെക് പരീക്ഷ ഇന്നലെയും തടസപ്പെട്ടു. മൂന്നാം സെമസ്റ്റര്‍ മാത്തമാറ്റിക്‌സ് പരീക്ഷയാണ് 153 പരീക്ഷാ കേന്ദ്രങ്ങളില്‍ 16 ഇടത്ത് തടസപ്പെട്ടത്. ഒന്‍പത് സര്‍ക്കാര്‍ കോളേജുകള്‍, അഞ്ച് സര്‍ക്കാര്‍ നിയന്ത്രിത കോളജുകള്‍, രണ്ട് എയ്ഡഡ് കോളജുകള്‍ എന്നിവിടങ്ങളില്‍ പരീക്ഷ മുടങ്ങി. ഇത് രണ്ടാം ദിവസമാണ് പരീക്ഷ തടസപ്പെടുന്നത്. കഴിഞ്ഞ ദിവസം നടന്ന ഒന്നാം സെമസ്റ്റര്‍ പരീക്ഷ അഞ്ചു കോളേജുകളില്‍ തടസപ്പെട്ടിരുന്നു. തിരുവനന്തപുരത്തും പാലക്കാടും കോഴിക്കോടുമാണ് തടസപ്പെട്ടത്. എബിവിപിയും എസ്എഫ്‌ഐയുമാണ് പരീക്ഷാ നടത്തിപ്പിനെതിരെ സമര രംഗത്തുള്ളത്. തിരുവനന്തപുരം ബാട്ടണ്‍ഹില്‍ എഞ്ചിനീയറിങ് കോളേജില്‍ പരീക്ഷാ സെല്‍ തുറക്കാന്‍ വിദ്യാര്‍ത്ഥികള്‍ അനുവദിച്ചില്ല. ചോദ്യപേപ്പര്‍ വിതരണം തടസപ്പെട്ടതോടെ പരീക്ഷ നടത്താനായില്ല. കെടിയുവില്‍ പരീക്ഷ കണ്‍ട്രോളര്‍ ഡോ.കെ. സാബുവിനെ സര്‍വ്വകലാശാല ആസ്ഥാനത്ത് വിദ്യാര്‍ഥികള്‍ ഉപരോധിച്ചു. പരീക്ഷാ സമയം തീരുന്നതുവരെ ഓഫീസിനു പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. പരീക്ഷാ നടത്തിപ്പ് ചുമതലയില്‍ നിന്ന് സ്വകാര്യ ഏജന്‍സിയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികളുടെ സമരം. സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചത് സ്വാശ്രയ കോളേജുകളെ സഹായിക്കാനാണെന്ന് എബിവിപി ആരോപിച്ചു. പരീക്ഷ മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.