ആന്റണിയേയും ജിന്‍സണെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങും

Wednesday 14 December 2016 10:11 pm IST

കൊച്ചി: ക്വട്ടേഷന്‍ കേസില്‍ റിമാന്റിലായ മരട് നഗരസഭാ വൈസ്‌ചെയര്‍മാന്‍ ആന്റണി ആശാംപറമ്പിലിനെയും കൗണ്‍സിലര്‍ ജിന്‍സണ്‍ പീറ്ററെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങും. കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് അപേക്ഷ നല്‍കി. കേസില്‍ നാലുപേര്‍ കൂടിപിടികൂടാനുണ്ടെന്നും ഇവരെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതും ചൂണ്ടിക്കാട്ടിയാണ് മരട് കോടതിയില്‍ അപേക്ഷ നല്‍കിയത്. ചൊവ്വാഴ്ച ഹൈക്കോടതി ഉത്തരവ് പ്രകാരം കീഴടങ്ങിയ ആന്റണിയും ജിന്‍സണും കാക്കനാട് ജില്ല ജയിലില്‍ റിമാന്‍ഡിലാണ്. ഐഎന്‍ടിയുസി നേതാവ് ഷുക്കൂറിനെ തട്ടികൊണ്ടുപോയി നഗ്‌നാക്കി മര്‍ദിച്ച കേസിലാണ് ആന്റണിയും ജിന്‍സണും കീഴടങ്ങിയത്. ഷുക്കൂര്‍ പരാതി നല്‍കി 43-ാം ദിനത്തിലായിരുന്നു അറസ്റ്റ്. കേസില്‍ 18 പ്രതികളില്‍ ഗുണ്ടാതലവന്‍ ഭായി നസീര്‍, കുണ്ടന്നൂര്‍ തമ്പി എന്നിവരുള്‍പ്പെടെ 14 പേരും പിടിയിലായി. നാലുപേരെ കൂടി പിടികൂടാനുണ്ടെന്നും അതിന് ആന്റണിയേയും ജിന്‍സണെയും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം സെന്‍ട്രല്‍ സിഐ എ അനന്തലാല്‍ പറഞ്ഞു. ഭൂമിയിടപാടില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ആന്റണി ആശാംപറമ്പിലിനെതിരെ മരട് പോലീസ് രജിസ്റ്റര്‍ കേസില്‍ പ്രാഥമിക അന്വേഷണം തുടങ്ങി. പരാതിയിലെ കാര്യങ്ങള്‍ പരിശോധിച്ചശേഷം തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ആന്റണിയെ അറസ്റ്റ് ചെയ്യുകയെന്ന് പോലീസ് പറഞ്ഞു. കൊല്ലം സ്വദേശിയും കൊച്ചിയില്‍ വര്‍ഷങ്ങളായി താമസക്കാരനുമായ ബിനുജോണും ഭാര്യ അനിതയും നല്‍കിയ പരാതിയിലാണ് നടപടി. മരട് നഗര സഭയിലെ മുന്‍ കൗണ്‍സിലര്‍ ആന്‍ഡ്രൂസ് കളത്തിപ്പറമ്പിലിന്റെ പക്കല്‍ നിന്നും വ്യവസ്ഥകളോടെ വാങ്ങിയ വീട് തിരികെ നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ക്വട്ടേഷന്‍ കേസില്‍ ഒളിവില്‍ പോകുന്നതിന് രണ്ട് ദിവസം മുമ്പാണ് മരട് കണ്ണാടിക്കാട് ദീപം ലെയ്‌നില്‍ ബിനുവിന്റെ വീട്ടിലെത്തി ആന്റണി ഭീഷണിപ്പെടുത്തിയത്. ആന്‍ഡ്രൂസും വി എ ജോര്‍ജും കൂടെയുണ്ടായിരുന്നു. ഐ ജി ശ്രിജിത്തിന് നല്‍കിയ പരാതിയിലാണ് മരട് പോലീസ് കേസെടുത്തത്. വിശ്വാസ വഞ്ചന, സാമ്പത്തിക തട്ടിപ്പ്, വീടു കയറി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പരാതിയിലാണ് നടപടി. ആന്റണി ആശാംപറമ്പില്‍ മരട് നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കണമെന്ന് കോണ്‍ഗ്രസ് ജില്ലാനേതൃത്വം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.