ശബരിമലയിലും പോലീസിന്റെ വികൃതമുഖം

Wednesday 14 December 2016 10:18 pm IST

ശബരിമലയില്‍ ഭക്തരെ സമരക്കാരെപ്പോലെ നേരിടുന്ന പോലീസ്

ശബരിമല: സമരക്കാരെ നേരിടുന്ന തരത്തില്‍ തീര്‍ത്ഥാടകര്‍ക്ക് നേരെ പോലീസ്. മരക്കൂട്ടം മുതല്‍ വലിയ നടപ്പന്തല്‍വരെ പോലീസിനെ ഭയക്കാതെ അയ്യപ്പന്മാര്‍ക്ക് മലചവിട്ടാന്‍ കഴിയില്ല. ബാരിക്കേഡില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുന്ന ഭക്തര്‍ കുടിവെള്ളത്തിന് പുറത്തിറങ്ങാന്‍ ശ്രമിച്ചാല്‍ പൊതിരെ തല്ല്. പുറത്തിറങ്ങിയാല്‍ കമ്പുകൊണ്ട് കുത്തി ഉള്ളിലാക്കും. അന്യസംസ്ഥാനക്കാര്‍ക്കാണ് കൂടുതല്‍ മര്‍ദ്ദനം. ക്യൂ തെറ്റിച്ചാല്‍ വടിക്ക് തല്ലും.

പതിനെട്ടാം പടിയില്‍ പോലീസ് പ്രശംസനീയമായ ജോലിയാണ് കാഴ്ച വയ്ക്കുന്നതെങ്കിലും ബാക്കി എല്ലാ സ്ഥലങ്ങളിലും വികൃതമാണ്. സോപാനത്ത് പോലീസുകാര്‍ ആരോഗ്യം പരിശോധിക്കുന്നത് ഭക്തരിലാണ്. പണ്ട് ഭക്തരായ പൊലീസ് അയ്യപ്പന്മാരെ മാത്രമാണ് ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്. അയ്യപ്പന്മാരെപ്പോലെ താടിവളര്‍ത്തി ഭയഭക്തി ബഹുമാനത്തോടെ പൊരുമാറിയിരുന്ന പോലീസുകാര്‍ ധാരാളമുണ്ടായിരുന്നു.

നാട്ടില്‍നിന്നു വ്യത്യസ്തമായി സന്നിധാനത്ത് മേലുദ്യോഗസ്ഥരെ സലൂട്ട് ചെയ്യുന്ന കീഴ്‌വഴക്കവും ഇവിടെയില്ല. ഇരുവരും പരസ്പരം കൈകൂപ്പുക മാത്രമാണ് ചെയ്യുന്നത്. ബെല്‍റ്റ് ധരിക്കാറില്ല. തൊപ്പിയും ഉണ്ടാവാറില്ല. തത്വമസിയുടെ പൂങ്കാവനത്തില്‍ അയ്യപ്പന്റെ മുന്നില്‍ സര്‍വ്വരും സമന്മാരാണെന്ന കാഴ്ചപ്പാടാണ് ഇതിന് പിന്നില്‍.

ഉന്നതരുടെ ശുപാര്‍ശക്കത്തുകളും പ്രത്യേക പാസ്സുകളുമായി എത്തുന്ന വിഐപികള്‍ക്ക് വഴിയൊരുക്കുന്നതിലാണ് പോലീസിന്റെ ശ്രദ്ധ. പോലീസിന്റെ ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കും സുഖദര്‍ശനം ഒരുങ്ങുന്നുമുണ്ട്.

ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതാകട്ടെ രണ്ടാംതരം പ്രവൃത്തിയും. സാധാരണ പോലീസുകാരുടെ നിലവാരം പോലും തീര്‍ത്ഥാടകരോട് പുലര്‍ത്താന്‍ ഇദ്ദേഹം തയ്യാറാവാറില്ല. പുല്ലുമേട് പാതയിലൂടെ എത്തുന്ന തീര്‍ത്ഥാടകര്‍ക്കായി വാവര്‍സ്വാമി നടയ്ക്ക് സമീപം ഒരുക്കിയിട്ടുള്ള കവാടത്തില്‍ പോലീസ് തീര്‍ത്ഥാടകരെ മര്‍ദ്ദിച്ചതായാണ് പരാതി. എന്നാല്‍, ഈ ഉദ്യോഗസ്ഥന്‍ അസഭ്യവര്‍ഷമാണ് ചൊരിയുന്നത്. സന്നിധാനത്ത് തീര്‍ത്ഥാടകരെ സ്വാമി എന്നുമാത്രമാണ് വിളിക്കാറുള്ളു. ഇദ്ദേഹത്തിന്റെ വായില്‍നിന്ന് വരുന്നതാകട്ടെ അസഭ്യവര്‍ഷവും.

യുടേണ്‍ ഭാഗത്ത് നിരയില്‍നിന്നു പുറത്തിറങ്ങിയ തീര്‍ത്ഥാടകരെ വലിയ മരക്കൊമ്പുകൊണ്ട് നെഞ്ചത്ത് അമര്‍ത്തിപിടിച്ച് ബാരിക്കേഡിനുള്ളില്‍ കുത്തിക്കയറ്റിയ സംഭവുമുണ്ട്. വടത്തിനുള്ളില്‍ ഞെരിഞ്ഞമര്‍ന്ന് നിലവിളിക്കുന്ന കുട്ടികളെപ്പോലും പുറത്തിറങ്ങാന്‍ പോലീസ് അനുവദിക്കുന്നില്ല. സ്വാമിമാരോട് ഇത്തരത്തില്‍ പെരുമാറരുതെന്ന് കേന്ദ്രസേനാംഗങ്ങള്‍ പറഞ്ഞിട്ടും ഉദ്യോഗസ്ഥന്‍ ഇതൊന്നും ചെവിക്കൊണ്ടില്ല.

പമ്പയില്‍ തുണിനിക്ഷേപം തുടരുന്നു

ശബരിമല: പമ്പയില്‍ തുണി ഉപേക്ഷിക്കരുതെന്ന പ്രചാരണം ദേവസ്വം ബോര്‍ഡ് ശക്തമാക്കുമ്പോഴും പരിപാടിക്ക് ശമനമില്ല. തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ഇങ്ങനെ ചെയ്യുന്നത്. തീര്‍ത്ഥാടകര്‍ക്കിടയില്‍ നടത്തുന്ന പ്രചാരണം കേരളത്തില്‍ മാത്രമാണ് കാര്യക്ഷമം. മറ്റ് സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്താനുള്ള സംവിധാനം ദേവസ്വം ബോര്‍ഡിനില്ല. വിവിധ സംസ്ഥാനങ്ങളിലെ ഗുരുസ്വാമിമാരെ വിളിച്ചുചേര്‍ത്ത് ബോധവത്ക്കരണം നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നതാണ്.

പമ്പയില്‍ കുളിച്ച് വസ്ത്രം ഉപേക്ഷിക്കുന്നതോടെ തങ്ങളുടെ പാപങ്ങള്‍ പമ്പയിലൊഴുക്കി ശുദ്ധിവരുത്തി ഭഗവത് ദര്‍ശനം നടത്തുന്നുവെന്നാണ് വിശ്വാസം. വസ്ത്രം ഉപേക്ഷിച്ച് പുതുവസ്ത്രം ഉടുത്താണ് ഇവര്‍ ദര്‍ശനത്തിനെത്തുന്നത്. ഈ വിശ്വാസത്തെ ഇല്ലാതാക്കാന്‍ ബോധവത്ക്കരണമല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല.

തുണി നിക്ഷേപത്തിലൂടെ പമ്പ മലിനമാകുന്നത് നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് തീര്‍ത്ഥാടകര്‍ക്കിടയില്‍ ബോധവത്ക്കരണം നടത്തണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. കൂടാതെ വസ്ത്രം പമ്പയില്‍ ഉപേക്ഷിക്കുന്ന ഭക്തര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശിച്ചു.
വസ്ത്രങ്ങള്‍ പമ്പയില്‍നിന്ന് ശേഖരിച്ച് കൊണ്ടുപോകാന്‍ ദേവസ്വം ബോര്‍ഡ് കരാര്‍ നല്‍കിയിരിക്കുകയാണ്. തമിഴ്‌നാട് സ്വദേശിയാണ് കരാര്‍ എടുത്തിട്ടുള്ളത്. കരാറുകാരന്‍ ശേഖരിക്കുന്ന തുണികള്‍ നശിപ്പിച്ച് കളയാന്‍ കരാറില്‍ വ്യവസ്ഥയില്ല. ഇത് സ്ഥലത്തുനിന്ന് നീക്കം ചെയ്യണമെന്ന് മാത്രമാണ് കരാര്‍.

ഇതിനാല്‍ ഈ തുണികള്‍ വീണ്ടും വൃത്തിയാക്കി നിറംമുക്കി പുതിയ ഉത്പന്നമായി വിപണിയില്‍ എത്തുന്നു. ബെംഗളൂരു, തിരുപ്പതി തുടങ്ങിയ സ്ഥലങ്ങളിലുള്ള വന്‍കിട വ്യാപാരികള്‍ക്കാണ് കരാറുകാരന്‍ തുണികള്‍ നല്‍കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.