ചെല്ലാനം-കണ്ടേക്കാട് റോഡ് തടഞ്ഞ സംഭവം അനേ്വഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Wednesday 14 December 2016 10:32 pm IST

കൊച്ചി: ചെല്ലാനം-കണ്ടേക്കാട് മിനി ഫിഷിംഗ് ഹാര്‍ബറിന് സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനത്തിന്റെ കാലാവധി നവംബര്‍ 30 ന് അവസാനിച്ചതോടെ നിക്ഷിപ്ത താല്പര്യക്കാര്‍ റോഡില്‍ കൂറ്റന്‍ കരിങ്കല്ലിട്ട് ഹാര്‍ബറിന്റെ പ്രവര്‍ത്തനവും കുടിവെള്ള ടാങ്കറിന്റെ സഞ്ചാരവും തടസ്സപ്പെടുത്തിയതിനെകുറിച്ച് അനേ്വഷിച്ച് വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസാണ് ജില്ലാ പോലീസ് മേധാവിക്കും ജില്ലാ കളക്ടര്‍ക്കും നോട്ടീസ് അയച്ചിരിക്കുന്നത്. ഫിഷറീസ്, ഹാര്‍ബര്‍ വകുപ്പ് ഡയറക്ടര്‍മാരും മറുപടി സമര്‍പ്പിക്കണം. പ്രദേശവാസികള്‍ക്ക് അടിയന്തിരമായി കുടിവെള്ളം എത്തിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇല്ലെങ്കില്‍ അത് മനുഷ്യാവകാശ ലംഘനമാകും. പോലീസ് ഉദേ്യാഗസ്ഥരുടെ സഹായത്തോടെയാണ് ചിലര്‍ റോഡ് തടസ്സപ്പെടുത്തിയതെന്ന് കമ്മീഷന്‍ നടപടിക്രമത്തില്‍ പറഞ്ഞു.പൊതുപ്രവര്‍ത്തകനായ കളത്തില്‍ ദാമോദരന്‍ മോഹനന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 2008 ലാണ് ചെല്ലാനം-കണ്ടേക്കാട് മിനി ഫിഷിംഗ് ഹാര്‍ബറിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഒന്നാം ഘട്ടം പൂര്‍ത്തിയായി. രണ്ടാംഘട്ടത്തിന്റെ നിര്‍മ്മാണം നടക്കുകയാണ്. 32 ഭൂവുടമകളില്‍ 28 പേരും സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്ക് സ്ഥലം ഏറ്റെടുക്കാന്‍ സമ്മതപത്രം നല്‍കി കഴിഞ്ഞു. സ്ഥലമെടുക്കാനുള്ള വിജ്ഞാപനത്തിന്റെ കാലാവധി നവംബര്‍ 30 ന് അവസാനിച്ചപ്പോള്‍ ഭൂവുടമകളില്‍ ചിലര്‍ റോഡില്‍ വലിയ കരിങ്കല്ലിട്ട് റോഡ് തടസ്സപ്പെടുത്തി. കൊച്ചി എംഎല്‍എയും മറ്റ് ജനപ്രതിനിധികളും ഭൂവുടമകളെ കണ്ടെങ്കിലും സമവായമായില്ല. 300 വീട്ടുകാര്‍ വെള്ളം കിട്ടാതെ ദുരിതത്തിലാണ്. ഹാര്‍ബറിലേക്കുള്ള വഴി തടസ്സം കാരണം അര്‍ത്തുങ്കല്‍ മുതല്‍ കൊച്ചി വരെ മത്സ്യത്തൊഴിലാളികള്‍ക്ക് പണിയെടുക്കാന്‍ കഴിയുന്നില്ല. പോലീസ് കമ്മീഷണര്‍ നടത്തിയ അദാലത്തില്‍ ഭൂവുടമകള്‍ സംബന്ധിച്ചില്ലെന്നും പരാതിയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.