സി.എന്‍. കരുണാകരന്‍ അനുസ്മരണത്തോടെ ചിത്രപ്രദര്‍ശനത്തിന് തുടക്കം

Thursday 15 December 2016 11:14 am IST

കോഴിക്കോട്: സാമൂഹ്യ പ്രശ്‌നങ്ങളില്‍ കണ്ണടയ്ക്കാതെയുള്ള സി.എന്‍. കരുണാകരന്റെ അനുഭവങ്ങളെയും ഓര്‍മ്മകളെയും വര്‍ത്തമാനകാല സമൂഹത്തില്‍ നിക്ഷേപിക്കണമെന്ന് കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ അഭിപ്രായപ്പെട്ടു. സി.എന്‍. കരുണാകരന്‍ അനുസ്മരണ പ്രഭാഷണവും ചിത്രപ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനുഭവങ്ങളുടെ കടലുകള്‍ താണ്ടി നാട്ടില്‍ ഉറച്ച്‌നിന്നുള്ള കലാപ്രയോഗത്തിലൂടെ വലിയ സംഭാവനയാണ് അദ്ദേഹം നല്‍കിയത്. ചരിത്രനിരപേക്ഷമായ പ്രയോഗമായിരുന്നു അദ്ദേഹത്തിന്റേത്. ചരിത്രത്തിന്റെ മുന്നോട്ടുള്ള പ്രവാഹത്തെ തടഞ്ഞുനിര്‍ത്തുന്നതിനായി നടത്തിയ അടിയന്തരാവസ്ഥപോലുമള്ള പ്രശ്‌നങ്ങള്‍ക്കെതിരെ ശക്തമായിട്ടായിരുന്നു അദ്ദേഹം പ്രതികരിച്ചതെന്നും സത്യപാല്‍ പറഞ്ഞു. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ നേമം പുഷ്പരാജ് അധ്യക്ഷത വഹിച്ചു. സി.എന്‍. കരുണാകരന്‍ സ്മാരകട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരം അജയന്‍ കാരാടിക്ക് സി.എന്‍. കരുണാകരന്റെ ഭാര്യ ഈശ്വരി കരുണാകരന്‍ സമര്‍പ്പിച്ചു. അദ്ദേഹത്തെ അവര്‍ പൊന്നാടയണിയിക്കുകയും ചെയ്തു. അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ സ്വാഗതവും എ.ബി.എന്‍. ജോസഫ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഉമേഷിന്റെയും സോമന്റെയും നേതൃത്വത്തില്‍ ഹിന്ദുസ്ഥാനി സംഗീതം അരങ്ങേറി. 20 വരെ കോഴിക്കോട് കേരള ലളിതകലാ അക്കാദമി ആര്‍ട്ട്ഗാലറിയില്‍ സി.എന്‍. കരുണാകരന്റെ ചിത്രപ്രദര്‍ശനം ഉണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.