തീയേറ്ററില്‍ ദേശീയഗാനം അനാവശ്യം: സിപിഎം

Thursday 15 December 2016 9:50 pm IST

  ന്യൂദല്‍ഹി: സിനിമാ തീയേറ്ററില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം ദേശീയ നേതൃത്വം. ദേശീയതയും രാജ്യസ്‌നേഹവും കോടതിയിലൂടെ അടിച്ചേല്‍പ്പിക്കപ്പെടുന്നത് അനാവശ്യമാണെന്നും കോടതി വിധി തെറ്റായ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണെന്നും പാര്‍ട്ടി മുഖപത്രമായ പീപ്പിള്‍സ് ഡമോക്രസി കുറ്റപ്പെടുത്തി. വിധി പുനഃപരിശോധിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. കേരളത്തില്‍ ദേശീയഗാനത്തിന് അനുകൂലമായി നിലപാടെടുത്ത സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് ഇതോടെ വ്യക്തമായത്. പീപ്പിള്‍സ് ഡമോക്രസിയിലെ 'തിങ്കിങ് ടുഗെതര്‍' എന്ന കോളത്തിലാണ് പാര്‍ട്ടിയുടെ വിമര്‍ശനം. സുപ്രീംകോടതി വിധിയോടുള്ള സിപിഎമ്മിന്റെ പ്രതികരണം എന്താണെന്ന ദല്‍ഹി സ്വദേശിയുടെ ചോദ്യത്തിനുള്ള ഉത്തരമായാണ് നിലപാട് വിശദീകരിച്ചത്. മുഖ്യപത്രാധിപരായ പ്രകാശ് കാരാട്ടാണ് കോളം കൈകാര്യം ചെയ്യുന്നത്. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയാണ് പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍. സുപ്രീംകോടതി വിധിയെ കേരളത്തിലെ സിപിഎം നേതൃത്വം പൂര്‍ണമായും അംഗീകരിക്കുന്നു. ദേശീയഗാനത്തോട് ആദരവ് പ്രകടിപ്പിക്കാന്‍ വയ്യാത്തവര്‍ തീയേറ്ററില്‍ പോകേണ്ടെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. നാലാള്‍ കൂടുന്നിടത്തൊക്കെ ദേശീയഗാനം ആലപിക്കണമെന്ന് മന്ത്രി എ. കെ. ബാലനും പറഞ്ഞു. തിരുവനന്തപുരത്ത് ചലച്ചിത്രമേളയില്‍ ദേശീയഗാനത്തെ അനാദരിച്ചവര്‍ക്കെതിരെ പോലീസ് നടപടിയെടുത്തു. ഭരണമുള്ള കേരളത്തില്‍ ഒരു നിലപാടും ദേശീയതലത്തില്‍ മറ്റൊരു നിലപാടും സ്വീകരിക്കുന്ന കാപട്യമാണ് സിപിഎമ്മിന്റേത്. വിഷയത്തില്‍ ദേശീയ നേതൃത്വം പരസ്യ പ്രതികരണം നടത്താത്തതും അവസരവാദ നിലപാടിന്റെ ഭാഗമാണ്. വിശ്രമത്തിനും വിനോദത്തിനുമാണ് ജനങ്ങള്‍ തീയേറ്ററില്‍ സിനിമ കാണാന്‍ പോകുന്നതെന്ന് സിപിഎം പറയുന്നു. അനാദരിച്ചാല്‍ എന്താണ് ശിക്ഷയെന്ന് വിധിയില്‍ പറയുന്നില്ല. ഇത്തരം സംഭവങ്ങളില്‍ നേരത്തെ രാജ്യദ്രോഹത്തിന് കേസെടുത്തിട്ടുണ്ട്. ദേശീയത അടിച്ചേല്‍പ്പിക്കുന്നതിന് മോദി സര്‍ക്കാരിന് വിധി പ്രോത്സാഹനമാകുമെന്നും മുഖപത്രം ആശങ്കപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.