മന്ത്രിസഭാ തീരുമാനം ജനങ്ങള്‍ അറിയണം

Thursday 15 December 2016 10:46 pm IST

കൊച്ചി: ജനാധിപത്യത്തില്‍ ഭരണകാര്യങ്ങള്‍ ജനമറിയേണ്ടത് അനിവാര്യമാണെന്നും ആ നിലയ്ക്ക് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന ഉത്തരവില്‍ അപാകതയില്ലെന്നും സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കഴിഞ്ഞ ജൂണ്‍ 15ലെ കമ്മീഷണറുടെ ഉത്തരവ് ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയ സര്‍ക്കാര്‍, 48 മണിക്കൂറിനകം മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ പുറത്തു വിടുമെന്നും ഇതു വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്നും സര്‍ക്കുലര്‍ ഇറക്കി. വിവരാവകാശ കമ്മിഷന്റെ ഉത്തരവിന്റെ ലക്ഷ്യമെന്താണോ അതു തന്നെയാണ് സര്‍ക്കാരിന്റെ സര്‍ക്കുലറിലും പ്രതിഫലിക്കുന്നത്. വിവരാവകാശ നിയമത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്ന കമ്മിഷന്റെ ഉത്തരവ് നിയമവിരുദ്ധമോ സ്വേച്ഛാപരമോ അല്ലെന്നും വിവരാവകാശ കമ്മിഷന്‍ സെക്രട്ടറി എന്‍. വിജയകുമാര്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. അധികാരികളില്‍ സുതാര്യത, ഉത്തരവാദിത്വ ബോധം തുടങ്ങിയവ ഉറപ്പാക്കുകയെന്ന ലക്ഷ്യം കൂടി വിവരാവകാശ നിയമത്തിനുണ്ടെന്നും ഇതനുസരിച്ചുള്ള മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് റദ്ദാക്കരുതെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കുന്ന അപേക്ഷയില്‍ ലഭ്യമാക്കണമെന്ന സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കമ്മിഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.