പിടിച്ചെടുത്തത് 3,000 കോടിയുടെ കള്ളപ്പണം

Friday 16 December 2016 2:27 am IST

ന്യൂദല്‍ഹി: നോട്ട് റദ്ദാക്കിയ ശേഷം ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് 3,000 കോടി രൂപയുടെ കള്ളപ്പണം. 48 കേസുകള്‍ അന്വേഷണത്തിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറി. കള്ളപ്പണത്തില്‍ 20 ശതമാനം കര്‍ണാടകയില്‍ നിന്നാണ്. 23 കേസുകളും ഇവിടെ രജിസ്റ്റര്‍ ചെയ്തു. ഐടി ഹബ്ബായ ബെംഗളൂരുവിലാണ് ഏറ്റവുമധികം റെയ്ഡ് നടന്നത്. മാസങ്ങള്‍ക്ക് മുന്‍പ് കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്താനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ സംശയമുള്ളവരുടെ പട്ടിക ആദായ നികുതി വകുപ്പ് തയ്യാറാക്കിയിരുന്നു. സെപ്തംബര്‍ 30നാണ് പദ്ധതി അവസാനിച്ചത്. നവംബര്‍ എട്ടിന് നോട്ട് റദ്ദാക്കല്‍ പ്രഖ്യാപിച്ചയുടന്‍ പട്ടികയനുസരിച്ച് പരിശോധന ശക്തമാക്കി. വന്‍ തുകയുടെ ഇടപാടുകളില്‍ ബെംഗളൂരു മുന്നിലാണ്. ആറ് വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ 2.47 ലക്ഷം കോടിയുടെ വന്‍ ഇടപാട് നടന്നു. പാന്‍ നമ്പറുകള്‍ ഉപയോഗിക്കാതെയായിരുന്നു ഇടപാടുകള്‍. 29.86 കോടി രൂപയും 41.6 കിലോഗ്രാം സ്വര്‍ണക്കട്ടിയും 14 കിലോ സ്വര്‍ണാഭരണങ്ങളും ബെംഗളൂരുവില്‍ പിടിച്ചെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.