ഹരിത കേരളം: ജില്ലയിലെ കുളങ്ങള്‍ നവീകരിക്കും

Friday 16 December 2016 12:09 pm IST

കോഴിക്കോട്: ജില്ലയിലെ ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പരിധികളിലെ കുളങ്ങളുടെ വിവരശേഖരണം നടത്താന്‍ ഹരിതകേരളം പദ്ധതിയുടെ ജില്ലാതല മിഷന്‍ അവലോകനയോഗത്തില്‍ തീരുമാനമായി. കുളം നവീകരണത്തിന്റെ ഭാഗമായാണ് വിവരശേഖരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി കുളങ്ങളുടെ വിസ്തീര്‍ണ്ണം, ഇപ്പോഴത്തെ സ്ഥിതി, ജി.പി.ആര്‍.എസ് ലൊക്കേഷന്‍, പൊതുവായതോ സ്വകാര്യ ഉടമസ്ഥതിയലുള്ളതോ തുടങ്ങിയ വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ഈ മാസം 23നകം കലക്‌ട്രേറ്റില്‍ സമര്‍പ്പിക്കണം. വനവത്കരണത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മരങ്ങളില്ലാത്ത വനഭൂമി കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യണം. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, പാര്‍ക്ക് എന്നിവയുടെ വിവരവും നല്‍കണമെന്ന് ജില്ലാ കലക്ടര്‍ മിര്‍മുഹമ്മദ് നിര്‍ദ്ദേശിച്ചു. ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും കോളേജുകളും ആശുപത്രികളും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളും ഹരിത കാമ്പസ് ആക്കുന്നതിന്റെ ഭാഗമായി മരങ്ങള്‍ വെച്ച് പിടിപ്പിക്കും. തുടര്‍ന്ന് അത് പരിപാലിക്കാന്‍ തൊട്ടടുത്ത സ്‌കൂളുകളെയോ സന്നദ്ധ സംഘടനകളെയോ ഏല്‍പ്പിക്കും. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ പരിപാടികളിലും ജനുവരി ഒന്നുമുതല്‍ ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ ഒഴിവാക്കാനും യോഗത്തില്‍ തീരുമാനമായി. ഇത് നടപ്പാക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മാലിന്യ നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി ജില്ലയിലെ ആക്രി കച്ചവടക്കാരുടെ ലിസ്റ്റ് തയ്യാറാക്കി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ജില്ലാ ശുചിത്വ മിഷനോട് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഹരിത കേരളം പദ്ധതി വിലയിരുത്താന്‍ എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച കലക്‌ട്രേറ്റില്‍ അവലോകന യോഗം ചേരുവാനും തീരുമാനിച്ചു.ഹരിതകേരളം മിഷന്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. എംഎല്‍എ മാരായ പുരുഷന്‍ കടലുണ്ടി, വി.കെ.സി മമ്മത്‌കോയ, അസിസ്റ്റന്റ് കലക്ടര്‍ കെ. ഇമ്പശേഖര്‍, എഡിഎം ടി. ജെനില്‍കുമാര്‍, വിവിധ സര്‍ക്കാര്‍ ഓഫീസ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.