മഞ്ചേരി ഗതാഗത പരിഷ്‌ക്കരണത്തില്‍ വീണ്ടും കോടതി ഇടപെടല്‍

Friday 16 December 2016 1:39 pm IST

മഞ്ചേരി: നഗരത്തിലെ ഗതാഗത പരിഷ്‌ക്കരണത്തില്‍ വീണ്ടും കോടതി ഇടപെടല്‍. ഇതോടെ ട്രാഫിക്ക് റെഗുലേറ്ററി കമ്മറ്റിയുടെ തീരുമാനങ്ങള്‍ വീണ്ടും നഗരത്തില്‍ പ്രാവര്‍ത്തികമാകുകയാണ്. പെരിന്തല്‍മണ്ണ മലപ്പുറം ഭാഗത്തു നിന്നുള്ള ബസുകള്‍ കച്ചേരിപ്പടി സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് സര്‍വീസ് നടത്തണമെന്ന നിര്‍ദ്ദേശത്തില്‍ ഭേദഗതി വരുത്തിയാണ് ഏറെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയ ഗതാഗത പരിഷ്‌ക്കരണം നഗരത്തില്‍ വീണ്ടും പ്രാവര്‍ത്തികമാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. നഗരമധ്യത്തില്‍ ബസുകളെത്താത്ത വിധത്തില്‍ ഗതാഗത കുരുക്കിന് പരിഹാരം ലക്ഷ്യമിട്ടാണ് ട്രാഫിക്ക് റെഗുലേറ്ററി കമ്മറ്റി ഗതാഗത പരിഷ്‌ക്കാരം കൊണ്ടുവന്നിരുന്നത്. ഇത് യാത്രക്കാരെ വലക്കുകയാണെന്നും നഗരമധ്യത്തിലെ വ്യാപാരികള്‍ക്ക് കച്ചവടത്തെ ബാധിക്കുകയാണെന്നും പരാതി വ്യാപകമായിരുന്നു. ഇക്കാര്യത്തില്‍ സമരങ്ങള്‍ മുറുകുന്നതിനിടെ ഒരു വിഭാഗം ബസുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ഗതാഗത പരിഷ്‌ക്കാരത്തിന് ഹൈക്കോടതി ഭാഗികമായി സ്‌റ്റേ നല്‍കി. ഇത് മറയാക്കി കച്ചേരിപ്പടി സ്റ്റാന്‍ഡിനെ തീര്‍ത്തും അവഗണിക്കും വിധത്തില്‍ പഴയ ഗതാഗത രീതി തന്നെ നഗരത്തില്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു. ഇതിനെതിരെ കച്ചേരിപ്പടി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജിയിലാണ് വീണ്ടും ഹൈക്കോടതി ഇടപെട്ടത്. മലപ്പുറം പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ള ബസുകള്‍ കച്ചേരിപ്പടി സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് മാത്രം സര്‍വീസ് നടത്തണമെന്ന ട്രാഫിക്ക് റെഗുലേറ്ററി കമ്മറ്റിയുടെ തീരുമാനം മാത്രം തള്ളി മറ്റ് നിര്‍ദ്ദേശങ്ങള്‍ അതേപടി നടപ്പാക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ ഭാഗങ്ങളിലേക്കുള്ള ബസ്സുകള്‍ പാണ്ടിക്കാട് റോഡിലെ സീതിഹാജി ബസ്റ്റ്ാന്റ് കേന്ദ്രീകരിച്ചാണ് സര്‍വീസ് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുക. എന്നാല്‍ നഗരമധ്യത്തിലൂടെ സര്‍വീസ് നടത്താനാകില്ല. ഈ ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ കച്ചേരിപ്പടി സ്റ്റാന്റിലെത്തി തുറക്കല്‍ ബൈപ്പാസ് വഴി ഗേള്‍സ് ഹൈസ്‌ക്കൂള്‍ സ്റ്റോപ്പില്‍ ആളെയിറക്കി, സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി പാണ്ടിക്കാട് റോഡിലെ സീതിഹാജി സ്റ്റാന്‍ഡിലെത്തണം. തിരിച്ച് പാണ്ടിക്കാട് റോഡിലെ ചമയം ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് ബൈപ്പാസ് വഴി തുറക്കലിലെത്തി ബൈപ്പാസിലൂടെ കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് സ്റ്റാന്‍ഡിലെത്തി അവിടെ നിന്നാണ് മലപ്പുറം റോഡിലേക്ക് പ്രവേശിക്കേണ്ടത്. മറ്റു ബസ് സര്‍വീസുകള്‍ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി തീരുമാനിച്ച പ്രകാരം തന്നെ നടപ്പാക്കണം. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഈ ഗതാഗത രീതി ഇന്ന് മുതല്‍ നിലവില്‍ വരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.