പിണറായി വിജയന്‍ ഓട്ടച്ചങ്കനാണെന്ന് തെളിഞ്ഞു: സദാനന്ദന്‍മാസ്റ്റര്‍

Friday 16 December 2016 2:54 pm IST

അഞ്ചല്‍: ഭോപ്പാലില്‍ ചിലപ്പോള്‍ പ്രതിഷേധം ഉണ്ടായേക്കാമെന്ന പോലീസ് നിര്‍ദ്ദേശം കേട്ടപ്പോഴെ ഭയന്നുവിറച്ചു പിന്തിരിഞ്ഞോടിയ പിണറായി വിജയന്‍ കൊട്ടിഘോഷിക്കുന്നത് പോലെ ഇരട്ടചങ്കനല്ല മറിച്ച് ഓട്ടചങ്കനാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലായെന്ന് ദേശീയ അദ്ധ്യാപകപരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സി.സദാനന്ദന്‍മാസ്റ്റര്‍. അഞ്ചലില്‍ മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ ജനകീയസമിതി സംഘടിപ്പിച്ച സായാഹ്ന സദസ്സില്‍ സംസാരിക്കുകയായിരുന്നു മാര്‍ക്‌സിസ്റ്റ് ഭീകരരാല്‍ ഇരുകാലുകളും നഷ്ടപ്പെട്ട അദ്ദേഹം. 14 ജില്ലകളിലും സിപിഎമ്മും ആര്‍എസ്എസും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കണ്ണൂരില്‍ മാത്രം സിപിഎം പ്രതിയോഗികളെ കഠാരക്ക് ഇരയാക്കുന്ന ഫാസിസ്റ്റ് സമീപനം സ്വീകരിക്കുന്നു. കണ്ണൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗര്‍ഭസ്ഥലമായതിനാല്‍ അവിടെ മറ്റാര്‍ക്കും പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്ന ഇരട്ടചങ്കന്മാരുടെ പിടിവാശിയാണ് ഇതിന് പിന്നില്‍. 1967ല്‍ തന്നെ പിണറായി ഗ്രാമത്തിലും പാറപ്പുറത്തും സംഘശാഖകള്‍ ആരംഭിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ പിറന്ന പാറപ്പുറത്ത് സംഘപ്രവര്‍ത്തനം ആരംഭിച്ച വാടിക്കല്‍ രാമകൃഷ്ണനെയാണ് പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും നേതൃത്വത്തില്‍ 1969ല്‍ കുത്തിക്കൊന്നത്. ദേശീയതയെ സ്‌നേഹിക്കുകയും കാവിയുടെ മാര്‍ഗത്തെ സ്വീകരിക്കുകയും ചെയ്തതാണ് ജയകൃഷ്ണന്‍മാസ്റ്ററെ ആരുംകൊല ചെയ്യാന്‍ കാരണമായത്. കമ്മ്യൂണിസ്റ്റ് നേതാവ് അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് കരിദിനം ആചരിച്ച് കെഎസ്ആര്‍ടിസി ബസിനുള്ളില്‍ നാലുപേരെ ചുട്ടുക്കൊന്ന പാര്‍ട്ടിയാണ് സിപിഎം. സിപിഐ നേതാവായിരുന്ന പാലയ്ക്കല്‍ രാഘവന്‍മാഷിന്റെ സഹോദരന്‍ ദാമോദരനെ കൊന്നവരാണിവര്‍. 48 കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഏഴു മുസ്ലീംലീഗ് പ്രവര്‍ത്തകര്‍, പറശ്ശനിക്കടവിലെ മിണ്ടാപ്രാണികളെ, ടി.പി.ചന്ദ്രശേഖരനെ. എം.വി.രാഘവനെ, നെട്ടയം രാമഭദ്രനെ കൊന്നു തള്ളിയ നരഭോജികളാണ് സിപിഎമ്മുകാര്‍. ഇവരെ സമൂഹ നന്മയ്ക്കായി ഒഴുവാക്കണം. നാടിന് നന്മയുണ്ടാകാന്‍ കമ്മ്യൂണിസ്റ്റ് നിശാചരന്മാര്‍ തട്ടിയെടുത്ത അമൃത കുംഭത്തെ തിരിച്ചെടുത്ത് സമൂഹത്തിന് നല്‍കുന്ന പ്രസ്ഥാനമാണ് സംഘപ്രസ്ഥാനങ്ങളെന്ന് സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ബിജെപി അഞ്ചല്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് എന്‍.വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. വിഎച്ച്പി ജില്ലാ പ്രചാര്‍പ്രമുഖ് സജീഷ് വടമണ്‍ ആമുഖ പ്രഭാഷണം, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ഉമേഷ്ബാബു, ബിപ്രകാശ്കുമാര്‍, ഉണ്ണികൃഷ്ണന്‍തുമ്പോട്, സന്തോഷ് കെ.എസ്, ബാബുരാജ്, അഡ്വ. കാവടിയില്‍ വിനോദ്, അഞ്ചല്‍ സന്തോഷ്, തഴമേല്‍ ബൈജു തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.